മാധവനഫൻ, അറിയപ്പെടാത്ത കവിത്വം.

36 വർഷമായി മാധവനഫൻ മൺമറഞ്ഞിട്ടെങ്കിലും, ആ ചിരിയും നടപ്പും എല്ലാം ഇന്നും കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. സ്ഥാനം കൊണ്ട് മുത്തപ്ഫൻ 
ആണെങ്കിലും അച്ഛൻ വിളിക്കുന്നത് പോലെ മാധവനഫൻ 
എന്നാണ് ഞാനും വിളിക്കാറ്.

 ദീർഘകാലം കണ്ടൻകാവ് വാമനമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു. ആനിക്കാട്ടില്ലത്തുനിന്നും രാവിലെ ആറുമണിക്ക് എത്തി കുളത്തിൽ മുങ്ങി കുളിച്ച് പൂജാദി കർമ്മങ്ങൾ ആരംഭിക്കും. എട്ടര മണിയോടുകൂടി എല്ലാം കഴിഞ്ഞ് നടയടച്ച് 
 ഇവിടെ എത്തും.
 തൊഴുത്തിന്റെ പിറകിലെ പടി ഇറങ്ങുമ്പോൾ തന്നെ നീട്ടി ഉറക്കെ അമ്മയെ വിളിക്കും. കാപ്പിയും പലഹാരവും ഇവിടെ നിന്നാണ് കഴിക്കുക.

 സാവകാശം അതെല്ലാം കഴിച്ച്, ഒന്നു മുറുക്കി, പത്രം വായിച്ച്, പത്തുമണിയോടുകൂടിയാണ് മടക്കം.
 വെള്ളിയാഴ്ച ദിവസം അല്പം നേരത്തെ പൂജ കഴിക്കും. അന്ന് ചോറ്റാനിക്കര തൊഴാൻ പോകുന്ന പതിവുണ്ട്.
 രാവിലെ അമ്മയും ഞാനും കുളത്തിൽ കുളിക്കുവാൻ ചെല്ലുമ്പോഴേ പറഞ്ഞു ഏർപ്പാടാക്കും. എട്ടുമണിയുടെ എറണാകുളം ബസിന് പോണം നേരത്തെ വരും എന്ന്.

 സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലാണ് ഞാനുമായി കുറച്ചുനേരം വർത്താനം പറയുക. കറണ്ട് ചാർജ് അടയ്ക്കൽ, റേഷൻ പഞ്ചസാര വാങ്ങൽ ഇത് രണ്ടും അഫന്റെ നേരിട്ടുള്ള ചുമതലയിലാണ്.
 മാസത്തിൽ 4 ചോറ്റാനിക്കര യാത്രയും, പിന്നെ മുറുക്കിന്റെ ചെലവുകളും. 40 രൂപയായിരുന്നു അന്ന് പ്രതിമാസ ശമ്പളം.ദൈനംദിന ചെലവുകളും 
 പരേശരഫന്റെ ചികിത്സയും,മരുന്നും.
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അഫൻ നന്നേ 
കഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും വയ്യാത്ത കാലുമായി, ഒരു പരാതിയും പരിഭവവും ആരോടും പറയാതെ ജീവിതമാകുന്ന യാത്ര മുഴുവനും നടന്നു തീർത്തു.

 വായനക്കാലത്ത് മാളികയിലെ 'മുറുക്ക് വെടിവട്ടത്തിൽ' നടുക്കിരുന്ന് മാവിലശേരി വിസ്തരിക്കുകയാണ്. ചെല്ലത്തിൽ എന്തെങ്കിലും ഒന്ന് പോരായ്മ വന്നാൽ താഴേക്ക് നോക്കി നീട്ടി ഒരു വിളിയുണ്ട്, 'ഏയ്‌ മരുമഹൻ...'
എന്ന്. ആ വിളിയുടെ അർത്ഥം നാനേട്ടന് അറിയാം. പരിഹാരവും ഉടൻ ഉണ്ടാവും.

 'ഇന്നത്തെ കാപ്പി ഏതായാലും 
 കഴിഞ്ഞു, നാളത്തെ കാപ്പി നമുക്ക് നമ്പൂരീടെ ഇല്ലത്താവാം, ന്താ പട്ടെരീ' എന്ന് മാധവനഫന്റെ മുഖത്തെ പരിഭ്രമം കാണുവാൻ വേണ്ടി മാവിലശ്ശേരി ഇടയ്ക്കിടെ പറയാറുള്ളത് ഓർമ്മയിൽ..

 അധികമാർക്കും അറിയാത്ത ഒന്നായിരുന്നു മാധവനഫന്റെ കവിത.
 ചുരുക്കം ചില സന്ദർഭങ്ങളിൽ ചിലത്
മതുക്കലെ ഭിത്തിയിൽ കോറിയിടുന്നത് കണ്ടിട്ടുണ്ട്. നര്‍മരസമായിരുന്നു ആ കവിതകളിലെ മുഖമുദ്ര. നമ്പൂതിരിമാരുടെ പഴയകാലത്തെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, ജീവിതരീതിയും,സാമൂഹികപദവിയും എല്ലാം ആ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു.

 എന്റെ ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പിയപ്പോൾ ചിലത് കണ്ട് കിട്ടി.. അതിവിടെ എഴുതാം.

 'വാവായിരുന്നു തിഥി,
 ഹോട്ടലിൽ ഉപ്പുമാവായിരുന്നു പലഹാരം.
 കേവായിരുന്നു ശയനത്തിന്,
 തേവാരമൊക്കെ ഒരു ദിക്കിലുമായിരുന്നു.'

 തിരുവനന്തപുരത്ത് മുറജപത്തിനായി 
വടക്കൻ ദിക്കുകളിൽ നിന്നും,ഇവിടെ നിന്നും നമ്പൂതിരിമാർ പോയിരുന്ന യാത്രയെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. വളരെ ഭംഗിയായി ചൊല്ലി മാധവനഫൻ അവതരിപ്പിക്കും.

' നമ്പി ആരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലി ഞാൻ,
 നമ്പി കേട്ടഥ കോപിച്ചു
 തമ്പുരാനെ പൊറുക്കണം'

 പ്രധാനി ആരാണെന്ന് ചോദിച്ചതും ആളുടെ പേര് പറഞ്ഞതും, കോപിച്ചതും മാപ്പ് പറഞ്ഞതൊക്കെയാണ് ഈ കവിതയുടെ പ്രമേയം.

' മുട്ടുശാന്തി കഴിച്ചിട്ടും
 തുട്ട്കിട്ടാത്ത കാരണം 
 ശുകമംഗലത്ത് വിപ്രന്റെ 
 പടികാത്തുവലഞ്ഞു ഞാൻ'

 അക്കാലത്തെ ഇല്ലങ്ങളിലെ പൊതുവേയുള്ള ഒരു സാമ്പത്തിക നില നമുക്ക് ഈ കവിതയിൽ നിന്ന് ലഭിക്കും.
 കാർഷിക വിഭവങ്ങളെ ആസ്പദമാക്കിയും അടിസ്ഥാനമാക്കിയും ഉള്ള ജീവിതം.
 ഉൽപാദകന് എല്ലായ്പ്പോഴും മികച്ച വില കിട്ടാത്ത അവസ്ഥ. അതിൽ നിന്നും കൃഷിചെലവ് കിഴിക്കുമ്പോൾ കിട്ടുന്നതാണ് ആകെയുള്ളതും കാളയെ വിറ്റതും ആയുള്ള വരുമാനം. എല്ലാ കഷ്ടപ്പാടുകളും സഹിച്ചും ഉള്ളിൽ ഒതുക്കിയും, ഒരു പരിഭവവും പ്രകടിപ്പിക്കാതെ വല്യചെറിയമ്മയും ഒപ്പം. ഏറ്റവും ലളിതമായ ദിനചര്യ.

 ചിരിച്ചുകൊണ്ട് അല്ലാതെ മാധവനഫനെ കാണുവാൻ കഴിയില്ല. എങ്ങിനെയാണോ ഒരു സാധാരണ വ്യക്തി ... അങ്ങിനെ അതിലും ലളിതമായി എന്ന് പറയാം.
 മുകളിൽ മതുക്കലേക്കുള്ള പടിക്കെട്ടുകൾ വയ്യാത്ത കാലുമായി ദിനം രണ്ടും മൂന്നും തവണ കയറിയിറങ്ങി..

 കാർഷികവിഭവങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്നില്ല എന്നല്ലാതെ അത് വിറ്റ് കിട്ടുന്ന തുക തുച്ഛമായിരുന്നു.
 മോഹം ഉണ്ടെങ്കിലും ഒരാൾക്ക് മറ്റൊരാളെ അകമഴിഞ്ഞ് സഹായിക്കാൻ പറ്റാത്ത സാഹചര്യം.

അഫൻ അവസാനകാലത്ത് വരെ ആനിക്കാട്ടില്ലത്തെ 
ഇറയത്തിരുന്ന് പത്രം വായിക്കുന്നതായിട്ടാണ് എന്റെ ഓർമ്മ.
 താഴെയൊരു കൈത്തോടും, വലതുവശത്ത് ഒരു ജാതിയും.  കുത്തനെയുള്ള ഇറക്കം ഇറങ്ങി ചെല്ലുമ്പോൾ... നിറഞ്ഞ ഒരു ചിരിയുണ്ട്..
ഇന്നും അത് മനസ്സിൽ...

 ദുഃഖങ്ങളും, പരിഭവവും, പരാതിയും, പരാധീനതകളും ഇല്ലാത്ത ഒരു ലോകത്ത് പ്രിയപ്പെട്ട മാധവനഫനും, വല്യചെറിയമ്മമുത്തശ്ശിയും ഇപ്പോൾ കൈകൾ കോർത്ത് ഇരിക്കുന്നുണ്ടാകാം.
നടുക്ക് പരേശരഫനും 🙏🙏

 പ്രിയപ്പെട്ട മാധവനഫന്.. മുത്തപ്ഫന് 
അറിയപ്പെടാത്ത കവിക്ക്...
സ്മരണാഞ്‌ജലി... 🙏

( ഞാൻ അന്വേഷിക്കായ്കയല്ല, ദൗർഭാഗ്യവശാൽ അഫന്റെ ഒരു ഫോട്ടോ പോലും ഇന്ന് ലഭ്യമല്ല. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ,എനിക്ക് അയക്കുമല്ലോ )



Comments

  1. ശ്രീരാം. ....പ്രിയപ്പെട്ട അച്ഛന്റെ ഓർമ്മകൾ നിയ് ഇത്ര വ്യക്തവും ഭംഗിയും ആയി വിവരിച്ചു കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ജീവിതം കൊണ്ട് സത്യത്തിൽ ഒന്നും നേടാൻ കഴിയാതെ ജീവിച്ചു മരിച്ചുപോയി ഒരു പാവം മനുഷ്യൻ. ..അച്ഛനും അമ്മയും ഇപ്പോൾ മറ്റൊരു നല്ല ജന്മം എടുത്തിട്ടുണ്ടാകും. ..കാരണം സുകൃതം മാത്രമേ അവർക്ക്‌ ചെയ്യാൻ കഴിയുമായിരുന്നുള്ളു
    thank you ശ്രീരാം ❤️❤️❤️❤️

    ReplyDelete

Post a Comment

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.