'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'



ദീർഘകാലം രാമമംഗലം ഹൈസ്കൂളിൽ മലയാള അധ്യാപകനും, കേരളത്തിലെ മുന്നൂറിൽപരം പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യനും ആയിരുന്ന 'ഡി വി മണയത്താറ്റ്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രഹ്മശ്രീ എം ഡി വാസുദേവൻ നമ്പൂതിരി, മൺമറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. ഭാഷാധ്യാപന രംഗത്തും താന്ത്രിക കർമ്മരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അക്ഷരശ്ലോകരംഗത്തും വൈഭവം തെളിയിച്ച  വ്യക്തിത്വമായിരുന്നു. അദ്ദേഹം സ്ഥാപിച്ച രാമമംഗലത്തെ  'അക്ഷരീ അക്ഷരശ്ലോകരംഗം', അക്കാലത്തെ ശ്ലോകക്കൂട്ടായ്മകളിൽ പ്രസിദ്ധി  ആർജ്ജിച്ചതായിരുന്നു.

 എന്റെ അമ്മാത്തെ മുത്തശ്ശിയുടെ അമ്മാത്ത് മണയത്താറ്റ് ആണ്. മുത്തശ്ശിയുടെ സഹോദരന്റെ മകനാണ് സർ. അതുകൊണ്ട് അമ്മയ്ക്ക് അമ്മാവനായി.അങ്ങിനെ എനിക്കും അമ്മാവനായി, അങ്ങിനെ വിളിച്ചു. കൂടാതെ ഗൗരിപേരശ്ശി  ഇല്ലത്തെ മരുമകൾ കൂടിയാണല്ലോ. എന്നെ അമ്മാവൻ പഠിപ്പിച്ചിട്ടില്ല എങ്കിലും
സുഹൃത്തുക്കൾ പലരുടെയും ഭാഷാധ്യാപകനായിരുന്നു.സാറിന്റെ കവിത ചൊല്ലലും, ക്ലാസിനിടെ പ്രയോഗിക്കാറുള്ള ചില തന്ത്രങ്ങളും, കുട്ടികളിൽ നല്ല കയ്യക്ഷരത്തിന്റെ ഉത്സാഹം ഉണർത്തുവാനുള്ള വിദ്യകളും വിദ്യാർത്ഥികൾ ആരും തന്നെ മറക്കുന്നതല്ല. അങ്ങിനെ  അമ്മാവൻ എന്റെയും മാനസഗുരുവായി മാറി.

 കണിശ്ശാമറ്റത്തെ കാറോത്ത് നിന്നും അക്കരയ്ക്ക് താമസം മാറ്റിയപ്പോൾ ബന്ധം ഒന്നുംകൂടി ഗാഢമായി. എല്ലാ കർക്കിടക മാസങ്ങളിലും, കൂടാതെ സൗകര്യപ്പെടുന്ന എല്ലാ മാസങ്ങളിലും ഇവിടെ വന്ന് ഗണപതിഹോമവും ഭഗവത്സേവയും കഴിച്ചിരുന്നു. രാവിലെ കുളത്തിൽ മുങ്ങി കുളിച്ച് വന്ന് പൂജയ്ക്ക് വട്ടം കൂട്ടുവാനും നിവേദ്യം വച്ചതും എല്ലാം ഇന്നും ഓർമ്മയിൽ.

 ഓണത്തിനോട് അനുബന്ധിച്ച് സാർ നടത്തുന്ന അക്ഷരശ്ലോകനിശ പ്രസിദ്ധമാണ്. മേഖലയിലുള്ള എല്ലാ പ്രമുഖരും അന്ന് അവിടെ എത്തിച്ചേരും.
 അവിട്ടത്തിന്റെ അന്ന് രാവിലെ രാവിലെ ആറുമണിക്ക് തുടങ്ങിയാൽ ചതയ ദിനം രാവിലെ ആറു മണി വരെ. ശ്ലോകപ്പെരുമഴയുടെ  പൂക്കാലം.. പട്ടമന ആര്യേട്ടൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ ആ ഇമ്പമാർന്ന ശ്ലോകാലാപനം ഇന്നും കാതിൽ മുഴങ്ങുന്നു. ഉച്ചയ്ക്ക് പഴപ്രഥമനുൾപ്പെടെയുള്ള അതിഗംഭീരമായ സദ്യ. നാലുമണിക്ക് കാപ്പി,പലഹാരങ്ങൾ ഇത്യാദി വേറെ.മുറുക്ക് ശീലം ഉള്ളവർക്ക് ആണെങ്കിൽ ഉറക്കം വരില്ല, അന്ന് തന്നെയല്ല പിന്നെ രണ്ട് ദിവസത്തേക്കും. കാരണം അത്രയേറെ വിഭവസമൃദ്ധമാണ് ചെല്ലം. 'ഇരട്ടിമധുരം' എന്ന ഒന്ന് ഉണ്ട് എന്ന് അന്നാണ് കാണുന്നത്. അനിക്കുട്ടനും മിനിയും ഇടയ്ക്ക് ഓരോരോ ശ്ലോകം ചൊല്ലിയിരുന്നു. ആസ്വാദകരും ഏറെ അന്നുണ്ടായിരുന്നു.

 ഉച്ചയ്ക്ക് വന്നുചേരാൻ കഴിയാതെ വൈകുന്നേരങ്ങളിലും രാത്രികളിലും വരുന്നവർക്കും വയറുനിറയാൻ പഴപ്രഥമൻ ഉണ്ടാകും അമ്മാവന്റെ സ്നേഹത്തോടൊപ്പം. പല സമയത്തായി  വന്നെത്തുന്നവരെ വഴിയോളം ചെന്നുനിന്നാണ് അമ്മാവൻ തൊഴുതു സ്വീകരിച്ചാനയിക്കുക. 

ഈ ഭാഗത്തിന്റെ തലക്കെട്ട് അന്ന് തൂക്കാറുള്ള സ്വാഗതശ്ലോകത്തിന്റെ നാലാം വരിയാണ്.മുൻപുള്ള മൂന്നു വരികളും ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.

 ബന്ധുമിത്രാദികളുടെ പിറന്നാൾ, വിവാഹ,കർമ്മങ്ങളിൽ മംഗള പത്രം എഴുതുക ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു അമ്മാവന്.വടിവൊത്ത അക്ഷരത്തിൽ അതെഴുതി ചില്ലിട്ട് വേദിയിൽ വച്ച്  ചൊല്ലി സമർപ്പിക്കും.
 അർത്ഥവത്തും, ഇമ്പമാർന്നതുമായ ആ മംഗളശ്ലോകം കൊണ്ട് എന്റെ വിവാഹവേദിയും ധന്യമായിട്ടുണ്ട്.

 'ശ്രീരാമും ശുഭയും ചേർന്നു
 ശ്രീരാഗാദി സമൃദ്ധിയിൽ
 തീരാഹർഷത്തിൽ മുന്നേറാൻ
 ശ്രീരാമാദി തരും വരം.'

 വൃശ്ചികമാസത്തിലെ കാർത്തിക പൂജ, അക്കരയില്ലത്ത് സമൃദ്ധമായി എല്ലാവർഷവും വേണ്ട ചടങ്ങുകളോടെ നടന്നിരുന്നു. പട്ടേരിയമ്മാവന്റെ സ്പെഷ്യൽ കടുംപായസം, ഇന്നും അതിന്റെ രുചി നാവിൽ. കടുംപായസത്തിൽ നിന്നും കിട്ടുന്ന കൽക്കണ്ട കഷണവും മുന്തിരിയും ഒടുവിൽ കഴിക്കുവാനായി മാറ്റിവയ്ക്കും. സഹകാർമികരും സഹായിക്കാനും ആയി എത്രയോ പേർ. ശുഭയുടെ ഏട്ടൻ ദിനേശനെ അന്നുമുതൽ തന്നെ പരിചയമാണ്, കുഞ്ഞമ്മാവനെയും. കൊച്ചനിയേട്ടൻ, ജയൻ, സുഭാഷ്, വിനു, പ്രദീപേട്ടൻ, കുട്ടേട്ടൻ തുടങ്ങിയ എത്രയോ സുഹൃത്തുക്കൾ.
 ഊണ് എല്ലാം കഴിഞ്ഞ്  രാത്രി നിലാവിന്റെ അകമ്പടിയോടെ ഞങ്ങൾ തിരികെ പോരും. ആത്മമിത്രമായ വാരിയത്തെ ശ്രീയും, ശ്രീയുടെ മുത്തശ്ശനും(മൺമറഞ്ഞ ശ്രീ ശൂലപാണി വാരിയർ, വാരീത്തച്ഛൻ എന്നാണ് ഞങ്ങൾ വിളിക്കുക)  അമ്മാവനും( ശ്രീ. മുരളീധരവാര്യർ) എല്ലാവരും ഒരുമിച്ച് വർത്തമാനം ഒക്കെ പറഞ്ഞാണ് പോരിക. പാടത്തുനിന്നും കേൾക്കുന്ന തവളകളുടെ സാധകത്തിന്റെ  അകമ്പടിയോടെ കൂടിയാണ് യാത്ര.അന്ന് ഇന്ന് കാണുന്ന റോഡിന് പകരം വീതി കുറഞ്ഞ ഒരു വഴിയാണ്. ഒരു ചെറിയ തോടും ഉണ്ട്, പലപ്പോഴും അതിൽ മുട്ടോളം വെള്ളവും. വൃശ്ചികക്കുളിരിൽ തണുത്ത വെള്ളത്തിൽ കൂടി നടക്കുമ്പോൾ താടി കൂട്ടി മുട്ടും. അലസഗമനം നടത്തുന്ന നീർക്കോലികളും സ്ഥിരം കാഴ്ച. മുൻപിലും പിറകിലും ആയി വേറെയും ആളുകൾ ഉണ്ടാകും. ടോർച്ച് കരുതാത്തവർക്ക് അന്നത്തെ അവിടുത്തെ കാര്യസ്ഥൻ പരമേശ്വരൻ നായർ ചൂട്ട് കെട്ടി നൽകിയിരുന്നു.അന്ന് എത്തിച്ചേരുന്ന എല്ലാവർക്കും അവിടെ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടാവും.

 അമ്മാവന്റെ മകൻ അനിക്കുട്ടൻ, മകൾ മിനി, ഞാൻ, ശ്രീ എന്നിവരെല്ലാം സമപ്രായക്കാർ ആയതിനാൽ വിളമ്പുന്നതിനും, സാധനസാമഗ്രികൾ വാങ്ങുവാൻ പോവുക തുടങ്ങി മറ്റെല്ലാ കാര്യങ്ങൾക്കും ഞങ്ങളും ആദ്യസാനിക്കും. എന്തെങ്കിലും കാരണം കൊണ്ട് വരാൻ സാധിക്കാത്തവർക്കും കൂടി പായസം കരുതി കൊടുത്തു വിടുന്നതിൽ നിന്നും സാറിന്റെ സ്നേഹവാത്സല്യം നമുക്ക് അനുഭവിക്കാൻ കഴിയും.

 തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചേ അമ്മാവനെ കാണുവാൻ കഴിയൂ. അലക്കിത്തേച്ച് അതെപ്പോഴും വടിവൊത്ത് തിളങ്ങിയിരിക്കും. കോളറിന്മേൽ ഒരു തൂവാല മടക്കി വച്ചിരിക്കും. എല്ലാ പരിചയക്കാരെയും നോക്കി കൈവീശി കുശലാന്വേഷണം നടത്തി നടന്നു നീങ്ങുന്ന ആ രംഗം ഇന്നും ഓർമ്മയിൽ.താന്ത്രിക കർമ്മങ്ങൾ, പൂജകൾ എന്നിവ നടക്കുമ്പോൾ ആകട്ടെ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും, രീതികളെക്കുറിച്ചും, ഫലപ്രാപ്തിയെക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ 'ജനകീയൻ' എന്നുള്ള ഒരു വിശേഷണം കൂടി അമ്മാവന് വിവിധ ഊരാണ്മക്കാരും, ക്ഷേത്രക്കമ്മിറ്റിക്കാരും നൽകിയിരുന്നു.

 അക്കരയില്ലത്തെ ഓഫീസ് മുറിയിൽ സാർ എഴുതാനിരിക്കുന്നത് തന്നെ കാണാൻ ഒരു ചന്തമാണ്. ചിട്ടയായി പേനയിൽ മഷി നിറയ്ക്കുന്നതും. തിരക്കുള്ള സമയമല്ല എങ്കിൽ പുതിയ കവിതകളെപ്പറ്റി പറയും, പരിചയപ്പെടുത്തും. സാറിന്റെ കവിതയിലെ പ്രാസവ്യവസ്ഥയെപ്പറ്റി പറഞ്ഞാൽ ദ്വിതീയാക്ഷരപ്രാസത്തിനാണ്  കൂടുതൽ പ്രാധാന്യം. ഉപമയും ഉൽപ്രേക്ഷയും ഞാനോ നീയോ എന്ന രീതിയിൽ മത്സരിക്കുന്നു.

 അവിടെ വന്ന് ചേരുന്ന ആർക്കും ഒരു അപരിചിതത്വം ഉണ്ടാവുകയില്ല. എല്ലാം സ്വന്തം സ്ഥലം തന്നെ, എല്ലാവരും സ്വന്തക്കാരും. 'ആത്മവൽ സർവ്വഭൂതാനി' എന്ന തത്വം ഇവിടെയല്ലേ സ്വാർത്ഥകമായത്, ആകുന്നത്!

 സാറിന്റെ കാലശേഷം മകൻ അനിക്കുട്ടൻ,അനിൽ ദിവാകരൻ നമ്പൂതിരി തന്റെ കർമ്മരംഗത്ത് നിറഞ്ഞ സാന്നിധ്യമായി തുടരുന്നു. ഒപ്പം അച്ഛൻ തുടങ്ങിവച്ച അക്ഷരീ അക്ഷരശ്ലോക രംഗത്തിന്റെ പരിപാടികൾ പരിപോഷിപ്പിക്കുന്നതിനും.

 കാലമേറെ കഴിഞ്ഞിട്ടും, സദാ ചിരിക്കുന്ന, മന്ദസ്മിതം പൊഴിക്കുന്ന ആ മുഖവും, സ്നേഹവാൽസല്യനിർഭരമായ സംസാരശൈലിയും, ശ്ലോകത്തിന്റെ ഈണവും ഇന്നും ഓർമ്മയിൽ... എന്നും...🙏

 അനുബന്ധം..

 മംഗളശ്ലോകം എഴുതുന്നത് ഒരു പ്രത്യേക കലയാണ്, അനുഗ്രഹവും.
അത് അതത് കാലത്തെ സാമൂഹിക, കുടുംബപശ്ചാത്തലത്തിനും പരിതസ്ഥിതിക്കും, വ്യക്തി വിശേഷണത്തിനും  അനുയോജ്യമായാണ് എഴുതേണ്ടത്. ഇടയ്ക്ക് ഈ വിഭാഗത്തിലും ഈയുള്ളവൻ എഴുതി  നോക്കിയിട്ടുണ്ട്.
പെട്ടെന്ന് ഓർമ്മ വരുന്നത് മാളുവിന്റെ വേളിക്ക് (2015) എഴുതിയ വരികളാണ്, ഓർമ്മയിൽ നിന്നും അതിവിടെ കുറിക്കാം. 

'തമ്പുരാൻ ഭരണമിരുന്നൊരീ               -യനന്തപുരിക്കലങ്കാരമായ് 

എമ്പാടും ശുഭസൂചകം,വാദ്യമേള -ഘോഷങ്ങളുമലങ്കാരവും.

അമ്പാടിയിലമരും വിവേക്,ശരണ്യയെ
വേൾക്കുമീ വേളയിൽ,

ഇമ്പമോടെയെത്തി അനുഗ്രഹപ്പൂമാരി ചൊരിഞ്ഞിടട്ടെ ദേവകൾ.'

ശ്രീരാം മംഗലസ്.

Comments

Post a Comment

Popular posts from this blog

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.