അഖണ്ഡനാമജപവും, പ്രത്യക്ഷ പശുദ്ദാനവും.
38 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇടവമാസത്തിലെ രോഹിണി നാൾ... മുത്തശ്ശന്റെ പിറന്നാളാണ്. പിറന്നാൾ ദിവസം രാവിലെ ആറുമണി മുതൽ പിറ്റേന്ന് രാവിലെ ആറുമണിവരെ അഖണ്ഡ നാമജപമുണ്ട്. കോതമംഗലത്തിന് അടുത്ത് കറുകടത്തുള്ള മാടശ്ശേരി നമ്പൂതിരിക്കാണ് അഖണ്ഡനാമജപത്തിന്റെ ചുമതല. മുൻകൂട്ടി കത്തെഴുതി കാര്യങ്ങൾ നിശ്ചയിക്കും മുത്തശ്ശൻ. അന്ന് രാവിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആറോ ഏഴോ പേർ എത്തും. പശുദ്ദാനത്തിനുശേഷം കാപ്പി, പലഹാരം. തുടർന്ന് നാലുകെട്ടിൽ എല്ലാവരും ജപിക്കുവാൻ ഇരിക്കുകയായി. കുരുത്തോല കൊണ്ട് നാലുകെട്ട് എമ്പാടും അലങ്കരിച്ചിരിക്കുന്നു. തടികൊണ്ട് തീർത്ത ചെറിയ ശ്രീകോവിലിൽ ഓടക്കുഴൽ വായിക്കുന്ന ഉണ്ണിക്കണ്ണൻ. നിറയെ പൂമാലകൾ, സദാ പ്രഭ ചൊരിയുന്ന നിലവിളക്കുകൾ. എല്ലാവർക്കും ഇരിക്കുവാൻ പലകകൾ, പുൽപ്പായയും. ഉയരുകയായി 'ഹരേ രാമ ഹരേ രാമ...' നാരദൻ തന്റെ വീണയിൽ എപ്പോഴും വായിക്കുന്ന, 'ശിവരാമഗോവിന്ദ നാരായണമഹാദേവകൃഷ്ണഹരേ', എന്നത് 'ഹരേകൃഷ്ണ മഹാദേവനാരായണഗോവിന്ദരാമശിവ' എന്നാണ് തിരിച്ചും എന്നത് അന്നാണ് അറിഞ്ഞതും, ഏറ്റുചൊല്ലിയതും. ഇലത്താളം, ചെറിയ ഉടുക്ക് പോലെ ഉള്ള ഉപക...