രുക്മിണിയുടെ കത്തും സ്വയംവരവും.
"ശ്രുത്വാ ഗുണാൻ ഭുവന സുന്ദര ശൃണ്വതാം തേ
നിർവിശ്യ കർണ്ണവിവരൈർഹരതോഽങ്ഗതാപം
രൂപം ദൃശാം ദൃശിമതാമഖിലാർത്ഥലാഭം
ത്വയ്യച്യുതാവിശതി ചിത്തമപത്രപം മേ"ഇല്ലത്തെ നാലുകെട്ട് നിറഞ്ഞു നിൽക്കുന്ന ഭക്തരുടെയും ആസ്വാദകരുടെയും, ശ്രോതാക്കളുടെയും ഇടയിലേക്ക് 'രുക്മിണീ സ്വയംവരം' കഥയുമായി മാവിലശേരി വന്നെത്തുന്നു.എല്ലാ കഥകളും കേൾക്കുവാൻ തന്നെ താല്പര്യവും രസവും ഉണ്ട് എങ്കിലും, രുക്മിണീ സ്വയംവര കഥയോട് അന്നും ഇന്നും ഉണ്ട് ഒരു പ്രത്യേക മമത. ദിവ്യവും പവിത്രവുമായ സ്നേഹത്തിന് മുന്നിലെ കീഴടങ്ങൽ, കളങ്കമില്ലാത്തതും,ശുദ്ധവും ആയ ഭക്തിയുടെ ശക്തി, തിന്മയുടെ മേലുള്ള നന്മയുടെ വിജയം, എന്നെല്ലാം ഇതിന്റെ ഫലശ്രുതിയായി പറയാം.ഭീഷ്മകരാജാവിന്റെ മകളായ രുക്മിണി രാജകുമാരി, ശ്രീകൃഷ്ണനെ അത്രയേറെ ഇഷ്ടപ്പെട്ടു. ഭഗവാന്റെ ഗുണഗണങ്ങൾ പലരിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞും താൻ വിവാഹം കഴിക്കുന്നെങ്കിൽ അദ്ദേഹത്തെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും തീരുമാനിച്ചു.ഇതിനിടെ സഹോദരിയുടെ മനോവികാരങ്ങൾ തിരിച്ചറിഞ്ഞ സഹോദരൻ രുഗ്മി, ചേദി രാജാവായ ശിശുപാലനും ആയി വിവാഹം നിശ്ചയിച്ചു. ഈ വിവാഹം തന്നെ നടക്കും എന്നുള്ള ഘട്ടം വന്നപ്പോഴാണ് ഒരു ബ്രാഹ്മണന്റെ വശം മേൽപ്പറഞ്ഞ കത്ത് എഴുതി കൃഷ്ണന് രുക്മിണി കൊടുത്തയച്ചത്.നവദമ്പതികൾ ആരെങ്കിലുംസദസ്സിൽ ഉണ്ടെങ്കിൽ അവരുടെ കാര്യം പരുങ്ങലാവും.ആധുനികകാലത്തും ഇതുപോലെയുള്ള ലഘു ലേഖനങ്ങൾ എഴുതുക പതിവുണ്ടോ എന്ന് അവരുടെ മുഖത്ത് നോക്കി ആചാര്യൻ ചോദിക്കും.പിന്നെ കുറച്ച് സമയം 'ചാക്യാരാണ്' കഥ പറയുന്നത്.ദുഷ്യന്തനും ശകുന്തളയും താമരയിലയും, വിവിധ സൂചകങ്ങളായും സൂചനകളായും നാലുകെട്ടിനെ നിറയ്ക്കും. 'കത്തെഴുതുക എന്ന ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല, കുറച്ചൊക്കെ അതും ആവാർന്നു ഇനി നിരീച്ചിട്ടു കാര്യോല്ല്യല്ലോ' എന്ന് പറഞ്ഞ്അടുത്ത ഘട്ടത്തിലേക്ക് കഥ കടക്കുമ്പോൾ ലജ്ജ കൊണ്ട് തുടുക്കാത്ത മുഖങ്ങൾ അവിടെ കുറവായിരുന്നു.വെളുത്ത മറയ്ക്കുള്ളിൽ അന്തർജനങ്ങൾ ഒതുങ്ങുന്നതിനാൽ,അവിടെ ഉയർന്ന, വിടർന്ന ത്രപാപുഷ്പങ്ങൾക്ക് വെളുത്ത മറശീലയെക്കാൾ വെണ്മ ആയിരുന്നു.രസകരങ്ങളായ സംഭവവികാസങ്ങൾ എത്തുവാൻ വേണ്ടി ഞങ്ങൾ ചെവികൂർപ്പിച്ചിരുന്നു.. എവിടെയോ പോയിട്ട് വന്ന ബലരാമസ്വാമി അനിയനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. ചോദിച്ചപ്പോൾ മനസ്സിലായി, ഒരു ബ്രാഹ്മണൻ വന്നു ആ കൂടെ രഥത്തിൽ കയറിപ്പോയി എന്ന്. ചിന്തിച്ചു നോക്കിയപ്പോൾ എങ്ങോട്ടാണ് എന്നും എന്തിനാണ് എന്നും അദ്ദേഹത്തിന് മനസ്സിലായി.പുറപ്പെട്ടൂ,യാദവ സൈന്യവുമായി അനിയന്റെ പിന്തുണയ്ക്ക്.അവിടെ എത്തിയപ്പോൾ സമയം പാകമാണ്, രുഗ്മിണിയെ കൃഷ്ണൻ തേരിൽ കയറ്റി കഴിഞ്ഞിരിക്കുന്നു.ഈ ഏട്ടൻ ഇനിയുള്ള കാര്യങ്ങളെല്ലാം നോക്കി കൊള്ളാം, നീ വേഗം കുട്ടിയേയും കൂട്ടി ദ്വാരകക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞുവധൂവരന്മാരെ അയച്ചു.ബലരാമസ്വാമിയുടെ ആയുധം എന്താണ് കലപ്പയും ഉലക്കയും. ശത്രു സൈന്യത്തിന്റെ മേൽ നീട്ടി കലപ്പയെറിയും, പതുക്കെ വലിച്ചെടുപ്പിച്ച് ഉലക്ക കൊണ്ട് തലക്കടിക്കും.ആ ഉലക്ക കൊണ്ടുള്ള അടി കൊള്ളാത്തവരായി അവിടെ ശത്രുകളിൽആരുമില്ല അന്ന്. ശിശുപാലന്റെ സൈന്യത്തിന്റെ കഷ്ടകാലം നോക്കണേ.. കല്യാണവും കാണാൻ തരായില്ല, അതിഗംഭീരമായി 'ആറപ്പോ' വിളിക്കാൻ വലിയ റിഹേഴ്സൽ ഒക്കെ നടത്തിയാ വന്നത്, അതും പറ്റിയില്ല. കൊച്ചുതമ്പുരാട്ടിയെ കൂട്ടി വരാം എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് പോന്നത്. അവിടെ ചെന്ന് ഇനി നാട്ടുകാരോടും വീട്ടുകാരോടും സുഹൃത്തുക്കളോടും എന്തു പറയും!അതിഗംഭീരമായ സദ്യ കഴിക്കാം എന്ന് നിരീച്ചു, അതും കഴിഞ്ഞില്ല.പോരാത്തതിന് നല്ല ഇരുമ്പുലക്ക കൊണ്ടുള്ള പൊതിരെ അടിയും. കഷ്ടകാലത്തിന്റെ ശക്തിഇങ്ങിനെ വര്വോ!സദസ്സ് ആർത്തുവിളിച്ചു കുലുങ്ങിച്ചിരിക്കുന്നു.പ്രബലനായ ശത്രുവിനെ അവരുടെ താവളത്തിൽ ചെന്ന് എതിരിട്ട് തോൽപ്പിച്ച് വിജയിക്കുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുന്നത്, അല്ലെ! ഞങ്ങൾക്ക് ആത്മസാക്ഷാത്കാരം.ദ്വാരകയിലെ ഗംഭീരമായ വിവാഹഘോഷമാണ് അടുത്തത്. വർണ്ണപ്പകിട്ടാർന്ന നിരവധി മാലകളും അലങ്കാരങ്ങളും ആണ് എവിടെ നോക്കിയാലും.പട്ടുവസ്ത്രങ്ങൾ അണിഞ്ഞ ആളുകൾ അവിടെയും ഇവിടെയും തിരക്കിട്ട്, എവിടെയാണ് എന്താണ് പോരായ്മ എന്ന് നോക്കി നടന്നു പരിഹരിക്കുന്നു. എവിടെ നോക്കിയാലും കുരുത്തോലകളും നിറച്ച പറകളും, കുലവാഴ തോരണങ്ങളും, മധുര പലഹാര വിതരണവും. ഇതുപോലെ ഒരു വിവാഹം ഇതിനുമുമ്പ് നടന്നിട്ടില്ല അതിനുശേഷവും.'മഹാധനസ്യ പുരുഹൂത സംസൃജിസംസൃഷ്ടന്ധനമുഭയംസമാകൃ തംഅസ്മഭ്യന്ദത്താംവരുണശ്ചമ ന്യു:........'വേദജ്ഞരായ ബ്രാഹ്മണർ ചൊല്ലുന്ന വേളിയോത്താണ് മുഴങ്ങി കേൾക്കുന്നത്.വേളി ചടങ്ങുകൾ കഴിഞ്ഞ ഉടനെതന്നെ കുടിവയ്പ്.."പുത്തനായ് തീർത്തൊരു ദ്വാരകയിൽ
ആർത്തമോദം നടുമുറ്റത്തായി
ഉത്തമസ്ത്രീകൾ വിധിച്ച പോലെ
രുഗ്മിണിയെ കുടിവെച്ചു ഭാഗ്യം
ആറപ്പു വായ്ക്കുരവാരവവും
ആനന്ദം ചേർക്കുന്ന മേളങ്ങളും
ആനന്ദ നന്ദനക്കൊട്ടാരത്തിൽ
ആഘോഷിക്കപ്പെട്ടു വേണ്ടപോലെ
വേദജ്ഞരോതിയ വേളിയോത്തും
പാവനമാം ദേവി പൂജാദിയും
എന്നല്ല സദ്യയും സമ്മാനവും
ഒന്നും വിവരിപ്പാനൊട്ടുമാകാ
അന്യോന്യമത്യന്ത പ്രേമത്തോടും
അന്യോന്യ സല്ലാപ ലീലയോടും
അന്യസുദുർല്ലഭ ദാമ്പത്യത്തെ
മന്നിലവരനുഷ്ഠിച്ചു നീണാൾ'
അന്തർജ്ജനങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ഇതെല്ലാം വായ്ക്കുരവയുടെ പിന്തുണയോടെ ആലപിച്ച്, അവസാനിക്കുമ്പോഴേക്കും കഥയുടെ സമയം തീരുന്നു.
ഒരു വിവാഹത്തിൽ മുഴുവൻ പങ്കെടുത്ത പ്രതീതി. മനവും, മിഴിയും എല്ലാം നിറഞ്ഞു.
മനസ്സുകൊണ്ട് ഞങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു. അണിഞ്ഞൊരുങ്ങി, ആർപ്പു വിളിച്ചു, കുരവ ഇട്ടു, അപ്പം തട്ടിപ്പറിച്ചു, സദ്യയുണ്ടു.
അങ്ങിനെ എല്ലാം ഒരു കാലം ഉണ്ടായിരുന്നു...അതിനി തിരിച്ചുവരാൻ പോകുന്നില്ല, ഉവ്വോ?
മോഹിക്കാമല്ലോ അല്ലേ!
ശ്രീരാം മംഗലസ്.
Comments
Post a Comment