കാര്യസ്ഥന്മാർ..
കൃഷി ജോലികളിലും ഇതര കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നതിനും പൊതുവായ കാര്യങ്ങളിൽ മുത്തശ്ശനെയും മുത്തശ്ശിയമ്മയെയും സഹായിക്കുന്നതിനും ഔസേപ്പ് മുതൽ ധാരാളം ആളുകൾ ഇല്ലത്ത് ഉണ്ടായിട്ടുണ്ട്. കാര്യസ്ഥൻ എന്നാണ് സാധാരണഗതിയിൽ പറയുക.
നാട്ടുകാർ സ്നേഹപൂർവ്വം 'നടവൻ' എന്നും വിളിക്കും. അതും 'മനക്കലെ നടവൻ' ആകുമ്പോൾ ഇത്തിരി കൂടുതൽ പ്രാധാന്യം നാട്ടിൽ ഉണ്ടാവുകയും ചെയ്യും.
ഔസേപ്പ്,ശേഖരൻ,പ്രഭാകരൻ, ശ്രീധരൻ, സുരേന്ദ്രൻ, ചന്ദ്രൻ,കർത്താവ്, ശങ്കരൻ നായർ, സുകുമാരൻ നായർ എന്നിവരാണ് എന്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നവർ.
ഔസേപ്പും, ശേഖരനും,പ്രഭാകരനും എന്റെ ബാല്യകാലത്തായിരുന്നു. തൊഴുത്തിലെ പുൽത്തൊട്ടിയിൽ പോത്തുകൾ കൊമ്പിട്ട് അടിക്കുന്ന ശബ്ദം കേട്ടാണ് പലപ്പോഴും രാവിലെ ഉണരാറ്. അവയെ പൂട്ടുവാനും കുളിപ്പിക്കാനും കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഔസേപ്പ് തന്നെ.
അവയ്ക്ക് വെള്ളം കൊടുക്കുമ്പോൾ ഉള്ള ബഹളം വർണ്ണനാതീതം. പോത്തുകൾക്കെല്ലാം ഔസേപ്പിനെ എന്ത് പേടിയായിരുന്നെന്നോ.
'പ്രഭാകരാ നമുക്ക് വാഴനടണം' എന്ന് മുത്തശ്ശൻ പറയുമ്പോൾ, 'വാഴ മാത്രം പോരാ ചീരയും വേണം' എന്നുള്ള പ്രഭാകരന്റെ ഡയലോഗ് അച്ഛൻ ഇടയ്ക്ക് പരാമർശിച്ചു കേട്ടിട്ടുണ്ട്.
ശേഖരന് കാതിൽ കടുക്കനുണ്ട്. ചിലപ്പോൾ അത് തിളങ്ങും. നല്ലവണ്ണം മുറുക്കും, മിതഭാഷിയും ആണ്.
ശ്രീധരന്റെ വീട് വടക്കേടത്ത് അടുത്തായിരുന്നു. അടുത്തിടെയാണ് മരിച്ചത്. ചികിത്സയ്ക്കായി നമ്മളെല്ലാവരും കൂടി ഒരു തുക സമാഹരിച്ച് നാരായണേട്ടനെ ഏൽപ്പിച്ചത് ഓർക്കുന്നു.
സുരേന്ദ്രൻ കുറച്ചുകാലമേ നിന്നുള്ളൂ.
ചന്ദ്രൻ ഒരു മിമിക്രിക്കാരൻ ആയിരുന്നു.
കുളക്കോഴിയുടെ 'കൂവക്കാക്ക, കൂവക്കാക്ക' എന്ന് ശബ്ദമാണ് മാസ്റ്റർപീസ്. ഓട്ടോറിക്ഷ കയറ്റം കയറുന്നതും, ഇറക്കം ഇറങ്ങുമ്പോൾ ഒരു പട്ടിയെ തട്ടുന്നതും, പട്ടിയുടെ നിലവിളിയും ഒക്കെ പിറകെ ഉണ്ടാകും.
പുഴയിലെ/കുളത്തിലെ നീന്തിക്കുളി യും, ജപവും കഴിഞ്ഞാൽ അത്താഴത്തിന് മുൻപുള്ള സമയം 'ചന്ദ്രൻഷോ'ക്കുള്ള സമയമാണ്. എല്ലാവരെയും പിടിച്ചിരുത്തുവാൻ എന്തെങ്കിലും ഒരു പൊടിക്കൈ എന്നും ചന്ദ്രന് ഉണ്ടാകും. ഒരു മഴക്കാലത്ത് വെള്ളം പൊങ്ങി നിന്ന സമയം,ചെറുതോണി ഒറ്റയ്ക്ക് തുഴഞ്ഞ് അക്കരെ ഇക്കരെ കടന്ന കഥ കേട്ട് ഞങ്ങൾ വിസ്മയഭരിതരാകും. ഒട്ടും വൈകില്ല, പൂമരക്കൊമ്പിൽ ഇരുന്ന് പാടുന്ന കുയിലിന്റെ ശബ്ദം പിറകെ വരികയായി.
വളരെ സാത്വികനും സുസ്മേരവദനനും ആയിരുന്നു കർത്താവ്. ആരെന്തു പറഞ്ഞാലും അനുസരിക്കും. കുട്ടിക്കാലത്ത് അനിത പറയുന്ന കഥകൾ ശ്രദ്ധാപൂർവ്വം മൂളി കേൾക്കുന്ന കർത്താവ് ഓർമ്മയിൽ. ആശുപത്രി ത്താഴത്ത് ഭിന്നശേഷിക്കാരൻ ആയ ഒരാൾ നടത്തുന്ന കടയിൽ നിന്ന് ഒരു ചായ കുടിച്ചില്ലെങ്കിൽ കർത്താവിന്റെ അന്നത്തെ ഒരു ദിവസം പോയി എന്നാണ് പറയാറ്.
KRK 7457 വെള്ള ഡീസൽ അംബാസഡറി ന്റെ സാരഥി കൂടിയായിരുന്നു ശങ്കരൻ നായർ. പെരുമ്പാവൂർ സ്റ്റാൻഡിൽ ദീർഘകാലം ടാക്സി ഓടിച്ച തഴക്കവും പഴക്കവും ആയാണ് അദ്ദേഹം കടന്നു വന്നത്.പെരുമ്പാവൂരിലെ ഒരു വക്കീലിന്റെ കഥ നിരന്തരം വർത്തമാനങ്ങളിൽ കടന്നുവരും. മുരളി മുഖാന്തിരം ആണ് ഇദ്ദേഹം നമ്മുടെ അടുത്തെത്തിയത്.മകൻ സന്തോഷ് കുറച്ചുകാലം കുവൈറ്റിൽ ഉണ്ടായിരുന്നു.
അവസാനം വന്നെത്തിയ സുകുമാരൻ നായർ, തിരുവാണിയൂർ സ്വദേശി.
നാട്ടുകാർ സ്നേഹപൂർവ്വം അമ്മാവൻ എന്ന് വിളിക്കും. മുത്തശ്ശനെ കുളിപ്പിക്കുവാനായി രാവിലെ അച്ഛൻ ചെല്ലുന്ന സമയത്ത് സുകുമാരൻ നായരാണ് പരികർമ്മി. സമപ്രായക്കാരാണ് രണ്ടുപേരും.
അവസാന നാളുകളിൽ ശ്വാസംമുട്ടൽ അദ്ദേഹത്തിനെ വല്ലാതെ അലട്ടിയിരുന്നു. മാളികയിലെ പടിഞ്ഞാറേ മുറിയിൽ മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ പടിഞ്ഞാട്ട് നോക്കിയിരിക്കുന്ന ചിത്രം കണ്മുന്നിൽ..
സ്ത്രീരത്നങ്ങളിൽ പ്രഥമസ്ഥാനം ആയിപ്പെണ്ണിനാണ്. ഞങ്ങളെ എത്രയോ എടുത്തുകൊണ്ട് നടന്നിരിക്കുന്നു, കുളിപ്പിച്ചിരിക്കുന്നു. 'ആയി' എന്നാൽ അമ്മ എന്നാണ് അർത്ഥം. അങ്ങിനെ ആദ്യമായി വിളിച്ചു തുടങ്ങിയത് ഞാനാണത്രേ. അന്ന് പകർന്നു തന്ന സ്നേഹവാൽസല്യങ്ങൾക്ക് പകരം ഒന്നും കൊടുക്കുവാൻ പറ്റിയിട്ടില്ല, കഴിഞ്ഞില്ല. അവസാന നാളുകൾ ദുരിതപൂർണ്ണമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഭർത്താവും, മകൻ ശിവരാമനും മരിച്ചതോടെ ആയി മാനസികമായി തകർന്നിരുന്നു.ആയി മരിച്ച് രണ്ടു ദിവസത്തിനുശേഷമാണ് നമ്മളെല്ലാവരും അറിഞ്ഞത്.
പുത്തൻകുരിശ് പുത്തൻകാവിൽ ഉത്സവത്തിന് പോയിട്ട് വരുന്ന വഴിയാണ് രാമൻനായർ മരിച്ചത്. ശിവരാമന്റെ നെഞ്ച് ആകെ പൊള്ളി വലിയ ജോലികൾ ഒന്നും എടുക്കുവാൻ വയ്യായിരുന്നു. മെട്രോ പൗലോസിന്റെ കൂടെ മൈക്ക്സെറ്റ് ഓപ്പറേറ്ററായി കുറേക്കാലം പോയി. അതിന് വലിയ അധ്വാനം വേണ്ടല്ലോ.
സബി സ്നേഹപൂർവ്വം മിനി, സിനി എന്ന് വിളിക്കുന്ന രണ്ടുപേർ, പത്മിനിയും വിലാസിനിയും. ദീർഘനാൾ രണ്ടുപേരും ഉണ്ടായിരുന്നു.. വിലാസിനി വിവാഹിതയായി ഇടുക്കിയിലേക്ക് പോയി. പത്മിനി കുറച്ചു വർഷങ്ങൾക്കു മുൻപ്...
രത്നമണി ഏടത്തി, ഇടപ്പിള്ളി നമ്പൂതിരി ഇല്ലത്തെ മഹൾ, അനവധി ഉപമകൾ ഉള്ള കഥകളും, ഉപകഥകളും പറഞ്ഞ് നാലുകെട്ടിനെ ശബ്ദമുഖരിതമാക്കിയിരുന്നു.
ലക്ഷ്മിക്കുട്ടി വാരസ്യാർ വന്നതോടെയാണ് സ്നേഹനിർഭരമായ പരിചരണത്തിന്റെ, ഉത്തരവാദിത്തത്തിന്റെ മറ്റൊരു മുഖവും തലവും നമ്മൾ ദർശിച്ചത്. ഒരർത്ഥത്തിൽ മുത്തശ്ശിയമ്മയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി കൂടിയായി അമ്മൂമ്മ മാറി. ഏറെ നാൾ കൂടെയുണ്ടായിരുന്നു, ഒരു നിഴൽ പോലെ. അമ്മൂമ്മയുടെ ഭവനനിർമ്മാണ വേളയിൽ നമ്മളെല്ലാവരും കൈയയച്ചു സഹകരിച്ചിരുന്നു. ഇപ്പോഴും എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ അറിയിച്ചാൽ മകൻ കൊണ്ടുവരും.
ഹ്രസ്വമായ എന്റെ ഓർമ്മയിൽ നിന്നാണ് ഇത്രയും വ്യക്തിത്വങ്ങളെ ഓർത്തെടുക്കുന്നത്. പരിമിതികൾ ഉണ്ടാവാം, അപൂർണ്ണവും ആവാം. അവർ നമുക്കായി ഒഴുക്കിയ വിയർപ്പിന്റെ, കരുതലിന്റെ, ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്റെ വില...
അത് എഴുതാൻ ഞാൻ ഇപ്പോൾ അശക്തനാണ്. എന്തുതന്നെ നൽകിയാലും തീർത്താൽ തീരാത്ത കടപ്പാട്... ആളിന് ആൾ തന്നെ വേണമല്ലോ.
കാലാകാലങ്ങളോളം നമ്മൾ ഏവരെയും, കുടുംബാംഗങ്ങളെയും, കാരണവന്മാരെയും ശുശ്രൂഷിച്ച അനുസരിച്ച,നമ്മുടെ സുഖദുഃഖങ്ങൾ പങ്കുവെച്ച നമ്മളിൽ തന്നെ ഒരാളായി നിന്ന പ്രിയപ്പെട്ടവരെ ഓർക്കുന്നു.. മൺമറഞ്ഞവരെ സ്മരിക്കുന്നു.
കഴിഞ്ഞവർഷം മേയിൽ ഇല്ലത്ത് നടന്ന പരിഹാരക്രിയകളിൽ ഇവരിൽ മൺമറഞ്ഞ എല്ലാവരെയും സങ്കൽപ്പിച്ചുകൊണ്ട്, പേരെടുത്തു സ്മരിച്ച് സായൂജ്യപൂജയിൽ ഭാഗഭാക്കാക്കി എന്നതും സൂചിപ്പിക്കട്ടെ.
🙏🙏
--------------------------------------------------------------
എട്ട്.. എട്ട്.. ഒൻപത്, ഔസേപ്പ് മാളികച്ചുവട്ടിലെ പത്തായത്തിലേക്ക് തൂണിയിൽ നെല്ല് അളന്ന് മാറ്റുകയാണ്. ഒരു നിമിഷം പോലും സമയം തെറ്റാതെ അമ്മിണിയും കുഞ്ഞിപ്പെണ്ണും അത് കൊണ്ടുപോയി കൊടുക്കുന്നു. പത്തായത്തിൽ ഇറങ്ങി നിൽക്കുന്ന ആളെ മുഴുവൻ കാണുവാൻ വയ്യ,തലയിൽ മുടി കുറവാണ്, അത്
മാത്രം അറിയാം.
വിസ്താരഭയത്താൽ ഇവിടെ, ഇത് തൽക്കാലം ചുരുക്കട്ടെ...
ശ്രീരാം മംഗലസ്.
വാൽക്കഷണം...
'കുഞ്ഞിങ്ങാ... ഇന്ന് നീയ്യ് 100 കല്ല് വെട്ടാം എന്ന് പറഞ്ഞല്ലേ പണം വാങ്ങിയത്.. 50 പോലും ആയില്ലല്ലോ..' മുത്തശ്ശന്റെ ശബ്ദമല്ലേ അത്.
'അടിയൻ.. മഴു ഇന്നലെ കാച്ചാൻ കൊടുത്തിരുന്നു, കരി തീർന്നതുകൊണ്ട് കേശവൻ പത്തു മണിയായി തന്നപ്പോൾ... ഇന്ന് ബാക്കി വെട്ടാം തമ്പ്രാ...'
'ങും, ആട്ടെ, വേഗം ചെല്ല്'
ആനിക്കാട്ടുപറമ്പിൽ നിന്നും അപ്പോൾ വനജയ്ക്കായി കൊണ്ടുവന്ന പനമ്പട്ട വെട്ടിയൊരുക്കുന്ന കുഞ്ഞുകുറുമ്പന്റെ അടുത്തേക്ക് മുത്തശ്ശൻ....
Comments
Post a Comment