അഖണ്ഡനാമജപവും, പ്രത്യക്ഷ പശുദ്ദാനവും.
മുത്തശ്ശന്റെ പിറന്നാളാണ്. പിറന്നാൾ ദിവസം രാവിലെ ആറുമണി മുതൽ പിറ്റേന്ന് രാവിലെ ആറുമണിവരെ അഖണ്ഡ നാമജപമുണ്ട്. കോതമംഗലത്തിന് അടുത്ത് കറുകടത്തുള്ള മാടശ്ശേരി നമ്പൂതിരിക്കാണ് അഖണ്ഡനാമജപത്തിന്റെ ചുമതല.
മുൻകൂട്ടി കത്തെഴുതി കാര്യങ്ങൾ നിശ്ചയിക്കും മുത്തശ്ശൻ. അന്ന് രാവിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആറോ ഏഴോ പേർ എത്തും. പശുദ്ദാനത്തിനുശേഷം കാപ്പി, പലഹാരം.
തുടർന്ന് നാലുകെട്ടിൽ എല്ലാവരും ജപിക്കുവാൻ ഇരിക്കുകയായി.
കുരുത്തോല കൊണ്ട് നാലുകെട്ട് എമ്പാടും അലങ്കരിച്ചിരിക്കുന്നു. തടികൊണ്ട് തീർത്ത ചെറിയ ശ്രീകോവിലിൽ ഓടക്കുഴൽ വായിക്കുന്ന ഉണ്ണിക്കണ്ണൻ. നിറയെ പൂമാലകൾ, സദാ പ്രഭ ചൊരിയുന്ന നിലവിളക്കുകൾ. എല്ലാവർക്കും ഇരിക്കുവാൻ
പലകകൾ, പുൽപ്പായയും. ഉയരുകയായി 'ഹരേ രാമ ഹരേ രാമ...'
നാരദൻ തന്റെ വീണയിൽ എപ്പോഴും വായിക്കുന്ന, 'ശിവരാമഗോവിന്ദ നാരായണമഹാദേവകൃഷ്ണഹരേ', എന്നത് 'ഹരേകൃഷ്ണ മഹാദേവനാരായണഗോവിന്ദരാമശിവ' എന്നാണ് തിരിച്ചും
എന്നത് അന്നാണ് അറിഞ്ഞതും, ഏറ്റുചൊല്ലിയതും. ഇലത്താളം, ചെറിയ ഉടുക്ക് പോലെ ഉള്ള ഉപകരണം, തുടങ്ങിയവയെല്ലാം ഉപയോഗിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് നാലുകെട്ട് മുഴുവൻ.കീർത്തനങ്ങളും നാമജപഘോഷവുമായി ഉച്ചയ്ക്ക് 12 മണി വരെ അങ്ങിനെ പോകും.
വിഭവങ്ങൾ എല്ലാം തയ്യാറായോ എന്ന് മുത്തശ്ശൻ ചോദിക്കും. ആയിക്കഴിഞ്ഞാൽ ചെറിയ പാത്രങ്ങളിൽ പകർന്ന് അതെല്ലാം കൊണ്ടുവരികയായി. കുഞ്ഞിക്കൃഷ്ണന് എന്ന് സങ്കൽപ്പിച്ച് വിളക്കിനുമുന്നിൽ ഇലവച്ച് പിറന്നാള്‍ വിഭവങ്ങളെല്ലാം അതിൽ വിളമ്പും.
'വെയിലുകൊണ്ടുനിന്‍ പൂവുടലയ്യോ
താളുപോലെ തളര്‍ന്നുപോയ്
മണ്ണിലോടിക്കളിച്ചതുമതി
കണ്ണനുണ്ണി മാമുണ്ണണേ!'
താളുപോലെ തളര്‍ന്നുപോയ്
മണ്ണിലോടിക്കളിച്ചതുമതി
കണ്ണനുണ്ണി മാമുണ്ണണേ!'
ആരൊക്കെ അന്ന് അവിടെ ഉണ്ടോ അവരെല്ലാവരും വരണം, ഇതിൽ പങ്കെടുക്കണമെന്നുള്ളത്
നിർബന്ധമാണ്.
അരമണിക്കൂർ സമയം എടുക്കും കീർത്തനങ്ങൾ എല്ലാം ചൊല്ലി തീരുവാൻ. തുടർന്ന് ഇടയിലെ വിഭവങ്ങളെല്ലാം ഒരു പ്ലേറ്റിലേക്ക് പകർന്ന് എല്ലാം യോജിപ്പിച്ച്
പ്രസാദമായി ഊണിനു വിളമ്പും.
കർപ്പൂരം ഉഴിഞ്ഞാൽ ആ തട്ട് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ചുമതല. മുത്തശ്ശൻ എന്നെ ഒന്ന് നോക്കും. ഇതാണ് അതിന്റെ അർത്ഥം. 'സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം...ഗോവിന്ദാ... ഗോവിന്ദ..'
ഊണിനു സമയമായതുകൊണ്ടും ഉച്ചയായതുകൊണ്ടും ആവേശം ഉച്ചസ്ഥായിയിൽ..
തുടർന്ന് ഊണ് കഴിക്കുവാൻ വടക്കേക്കെട്ടിലേക്ക്.. വിഭവസമൃദ്ധമായ പിറന്നാൾസദ്യ...
ആ സമയത്ത് ജപം അന്തർജ്ജനങ്ങൾ ഏറ്റെടുക്കും. കുട്ടികളുടെ ഊണ് കഴിഞ്ഞാൽ അവരായി പിന്നെ ജപിക്കുന്നത്. നമ്പൂതിരിമാർ മാളികയിൽ അല്പം നടുവ് നിവർത്തും.
സന്ധ്യയ്ക്ക് വിഷ്ണു സഹസ്രനാമം,
ഭുജംഗപ്രയാതം എന്നിവ ജപിക്കും.
ഒരു കിണ്ടിയിലെ ജലത്തിൽ ദർഭ പുല്ല് ഇട്ട് അതിന്റെ അറ്റത്ത് പിടിച്ചാണ് ജപിക്കുക. പുല്ലിന്റെ എണ്ണം കുറവും ആളുകളുടെ എണ്ണം കൂടുതലും ആണെങ്കിൽ എനിക്കൊന്നും കിട്ടാറ് പതിവില്ല. പുല്ലിന്റെ അറ്റത്ത് പിടിച്ച് ജപിക്കുക അന്നൊരു ഗമ തന്നെയായിരുന്നു. പുല്ല് കിട്ടിയില്ലെങ്കിലും
സാരമില്ല, ആരുടെയെങ്കിലും പുറം തൊട്ടാൽ മതി എന്ന് കൊച്ചപ്പൻ പറയും. ഞങ്ങളുടെ സംസാരം കേട്ട് മുത്തശ്ശൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായാൽ സഗൗരവം, ഭക്തിപൂർവ്വം സഹസ്രനാമ വരികളിലേക്ക്..'ഉത്തരോ ഗോപതിർഗോപ്താ ജ്ഞാനഗമ്യ:...'
ജപമെല്ലാം അവസാനിച്ചാൽ ചെറിയ കിണ്ടിയിലെ തീർത്ഥം എല്ലാവർക്കും കൊടുക്കുക അതും എന്റെ ചുമതലയാണ്. കുറച്ചേ ഉള്ളൂ, അത് എല്ലാവർക്കും എത്തിക്കണം. ആർക്കും കിട്ടാതെ വരരുത്. എല്ലാവർക്കും എത്തിച്ചു കഴിഞ്ഞാൽ ആത്മ നിർവൃതിയോടെ ഭക്തിപൂർവ്വം ആ ചെറിയ കിണ്ടി കഴുകി അവിടെ കൊണ്ട്
കമിഴ്ത്തി വയ്ക്കുകയായി..
അത്താഴവും ഊണ് തന്നെ. മുത്തശ്ശൻ വേഗം കഴിച്ച് പോയി കിടക്കും. എട്ടു മണി ആയാൽ ഒരു വലിയ ടോർച്ചും, തലയിൽ തോർത്തുമുണ്ട് കൊണ്ട് ഒരു കെട്ടും ഒക്കെയായി രാഘവൻനായർ എത്തും, ചിലപ്പോൾ സന്ധ്യയ്ക്ക് മുൻപേ എത്തും. രാത്രിയിലെ നാമജപത്തിന്റെ കടിഞ്ഞാണും നങ്കൂരവും, സാത്വികനും ഭക്തനുമായ അദ്ദേഹത്തിന്റെ
കൈകളിൽ ഭദ്രം. സ്കൂളിലെ ഓഫീസിൽ ആയിരുന്നു ജോലി.
രാഘവൻ നായർക്ക്
ഉറക്കം വരികയേ ഇല്ല. കീർത്തനങ്ങളുടെ രണ്ടുമൂന്നു പുസ്തകവും കൈയിൽ ഉണ്ടാവും. ഏറ്റു ചൊല്ലാൻ ആരും വേണമെന്നുമില്ല.
ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
രാത്രി 10 മണി കഴിഞ്ഞാൽ വടക്കേടത്തെ നാനേട്ടന്റെ രീതിയിൽ പറഞ്ഞാൽ ജപക്കാരെ പതുക്കെ 'കാണാണ്ടാവും'. പിന്നെ രാവിലെ അഞ്ചുമണിക്ക് എല്ലാവരും കുളിച്ച് വന്ന്
'ഹരശങ്കര ശിവശങ്കര' ചൊല്ലി
ആരതി ഉഴിഞ്ഞ് ആറുമണിക്ക് സമർപ്പണം. പ്രാതലും കഴിഞ്ഞ് 8 മണിയുടെ മൂവാറ്റുപുഴ ബസ്സിൽ എല്ലാവരും പോവുകയും ചെയ്യും.
വരുന്ന നമ്പൂതിരിമാർക്കെല്ലാം പശുദ്ദാനവും പതിവുണ്ട്. ഈ വർഷം മുത്തശ്ശന് ഒരാഗ്രഹം ഒരു പ്രത്യക്ഷ പശുദ്ദാനം നൽകണം. ആയിടെ പ്രസവിച്ച ലക്ഷണമൊത്ത ഒരു പശുവിനെയും കിടാവിനെയും അതിനായി തീരുമാനിച്ചു.
ആ ദാനം മാടശ്ശേരിക്ക് തന്നെ എന്നും നിശ്ചയിച്ചു. ഒരു ഉപാധിയേ മാടശ്ശേരി പറഞ്ഞുള്ളൂ. പശുവിനെയും കിടാവിനെയും അദ്ദേഹത്തിന്റെ ഇല്ലത്ത് എത്തിച്ചു കൊടുക്കണം. അതിനുള്ള ക്രമീകരണങ്ങളും നടന്നു.
രാവിലെ ഏഴര കഴിഞ്ഞപ്പോൾ എല്ലാവരും പടിഞ്ഞാപ്പുറത്ത് മുറ്റത്ത്..കലച്ചേച്ചി അന്ന് കോതമംഗലത്ത് എം എ കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന സമയമാണ്. പിറന്നാളിന് ചേച്ചിയും വന്നിട്ടുണ്ട്. പശുവിനെ കൊണ്ടുപോകുന്ന ജീപ്പിൽ ചേച്ചിയും കോതമംഗലം കോളേജിലേക്ക് പോകുവാൻ തീരുമാനിച്ചു.
അവിടുത്തെ പൂർവ്വവിദ്യാർത്ഥി എന്ന നിലയിലും, കോതമംഗലത്തെ വഴികൾ അടുത്തറിഞ്ഞ ആൾ എന്ന നിലയിലും
കൂടെ പോകുന്ന ചുമതല കുഞ്ഞപ്പനെയാണ്
മുത്തശ്ശൻ ഏൽപ്പിച്ചത്. യാത്രയ്ക്കും ചടങ്ങിനും എല്ലാവരും തയ്യാറായി.
7.45 ന് ജീപ്പ് എത്തി.KDE 1126, 'അനുമോൾ', ബാലനാണ് സാരഥി.
കൊളുത്തിവെച്ച വിളക്കിന് സമീപം മന്ത്രജപങ്ങളുടെ അകമ്പടിയോടുകൂടി മുത്തശ്ശൻ മാടശ്ശേരിക്ക് പശുവിന്റെ കയർ കൈമാറി. അന്തരീക്ഷത്തിൽ നാമജപഘോഷം. അദ്ദേഹം എല്ലാവരെയും അനുഗ്രഹിച്ചു. പശു ആദ്യം ജീപ്പിൽ കയറാൻ കൂട്ടാക്കിയില്ല. കിടാവിനെ കയറ്റിയപ്പോൾ വേഗം അതും കയറി.അങ്ങിനെ മാടശ്ശേരിയും, കലചേച്ചിയും, പിറകിൽ പശു, കിടാവ്
എന്നിവരും കുഞ്ഞപ്പന്റെ നേതൃത്വത്തിൽ
കോതമംഗലത്തേക്ക്...
ശ്രീരാം മംഗലസ്.
അനുബന്ധം.
നമ്മുടെ പശുവിനുണ്ടോ ജീപ്പിൽ യാത്ര ചെയ്ത് ശീലം! അതിന്റെതായ
ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു യാത്രയിൽ. ഹോസ്റ്റലിൽ ബാഗ് വച്ച് നേരെ കോളേജിലേക്ക് പോകുവാൻ പ്ലാൻ ചെയ്ത കലച്ചേച്ചി, വൈകിയാണ് കോളേജിലേക്ക് ചെന്നത്. ജീപ്പിൽ വച്ചുണ്ടായ പശുവിന്റെ രസന കൊണ്ടുള്ള സ്നേഹവാൽസല്യ'പ്രകടനങ്ങൾ',
'കുസൃതി' എന്നിവ കാരണമാണ് വൈകിയത് എന്ന് തിരിച്ചു വന്നപ്പോൾ കുഞ്ഞപ്പൻ പറഞ്ഞതും, ആ പിറന്നാൾ ആഘോഷവും ഇന്നലെ എന്നപോലെ
മനസ്സിൽ....
'സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം..
ഗോവിന്ദാ........ ഗോവിന്ദാ....... 🙏🙏'
ഹായ് അസ്സലായിട്ടുണ്ട് ഏട്ടാ
ReplyDelete🙏🙏🥰
Delete