പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.
'മനുഷ്യനെ മണ്ണാൽ വിരചിച്ച ദൈവം
അലിയുന്ന കരളവന് നൽകിപോൽ
കരളില്ലാത്ത വൻകരിങ്കല്ല് ആയിപോൽ'
('ശിലാദൈവം', മിഥുനം)
ആധുനിക മനുഷ്യനെ, കാഴ്ചപ്പാടുകളെ, വീക്ഷണകോണുകളെ, എല്ലാം വർഷങ്ങൾക്കു മുമ്പേ നിരീക്ഷിച്ച്, ഉൾക്കൊണ്ട് പഠിച്ച് എഴുതിയ കവിമനസ്സ്, പ്രിയപ്പെട്ട അഫന്റെ വരികളാണിത്.
ഇന്ന് അഫന്റെ ശ്രാദ്ധദിനം.🙏.
1996 ഡിസംബറിൽ ജോലിയിൽ നിന്ന് വിരമിക്കാനിരുന്ന അഫൻ അതിന് കാത്തുനിൽക്കാതെ ആഗസ്റ്റ് പത്തിന് ജീവിതമാകുന്ന സർവീസിൽ നിന്നും
പൊടുന്നനെ വിആർഎസ് എടുത്തപ്പോൾ എല്ലാവരുടെയും ഹൃദയമുലഞ്ഞു,പകച്ചുനിന്നു.
അപ്രതീക്ഷിതമായ ആ ആഘാതം, അതിൽ നിന്ന് കരകയറുവാൻ നാളുകൾ ഏറെയാണെടുത്തത്.
അഫൻ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 30 വർഷം തികയുന്നു. ഹൃദയസംബന്ധമായ
അസുഖത്തിന്റെ ഗൗരവം അറിയാവുന്ന അഫൻ അതിന് അനുസരിച്ചുള്ള ജീവിതത്തിന്റെ ചിട്ടകളാണ് ക്രമീകരിച്ചതും പിന്നീട് ശീലിച്ചതും.ചെറിയമ്മയുടെ ദൈനംദിന ജീവിതചര്യയും, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളും അക്കാലത്ത് അഫനായി കൂടുതൽ ക്രമപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ഉചിതം. എല്ലാ പിന്തുണയുമായി കലചേച്ചിയും, ഏട്ടനും ശ്രീലയും ഒപ്പം നിന്നു. തൊട്ടുചേർന്ന് തന്നെ താമസിച്ചിരുന്ന കൃഷ്ണൻചേട്ടനും സജിചേട്ടനും മറ്റെല്ലാവരും പ്രത്യേക കരുതലും ശ്രദ്ധയും നൽകിയിരുന്നു.
'തേങ്ങ ഉടക്കേണ്ടിടത്ത് ഒരു ചിരട്ടയെങ്കിലും ഉടയ്ക്കാനാണ് എന്റെ ശ്രമം'. തന്റെ കാവ്യപരിശ്രമത്തെപ്പറ്റി അഫൻ തന്നെ പറഞ്ഞ വാക്കുകളാണിത്. 19 കവിതകൾ അടങ്ങിയ ആദ്യത്തേതും അവസാനത്തേതുമായ കവിതാസമാഹാരം 'മിഥുനം' എന്ന പേരിൽ 1997 ഓഗസ്റ്റിൽ പ്രസിദ്ധീകൃതമായി. തിരുവനന്തപുരത്തെ അഫന്റെ സുഹൃത്തുക്കൾ ചെറിയമ്മയ്ക്ക് ഇതിനുവേണ്ട എല്ലാ പിന്തുണയും നൽകി, ഒപ്പം മുത്തശ്ശിയമ്മയുടെ പ്രോത്സാഹനവും. പ്രസാധന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു.
1938 ഡിസംബർ മൂന്നാം തീയതിയായിരുന്നു അഫന്റെ ജനനം.
തൊട്ടു താഴെ ഉണ്ടായ ആൾ എന്ന നിലയിൽ അച്ഛനും അനിയനും തമ്മിൽ വളരെ വലിയ ഒരു ആത്മബന്ധമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ 'നീ അനിയനോട് കൂടി ഒന്ന് ചോദിക്ക്' എന്ന് അച്ഛൻ പറയാറുണ്ട്.എല്ലാ കാര്യത്തിനും അഫന് വ്യക്തമായ ധാരണയും അഭിപ്രായവും നിലപാടും ഉണ്ടായിരുന്നു. ആഴത്തിലുള്ള, പരന്ന വായന, നാരായണീയത്തിലെ ഓരോ ശ്ലോകങ്ങളും ഹൃദിസ്ഥം. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ എഴുതും.അന്ന് അതല്ലേ ഉള്ളൂ. എന്റെ ബിരുദപഠനകാലത്ത് മാർത്താണ്ഡത്ത് നിന്നും പുസ്തകങ്ങൾ എത്തിച്ചുതന്നത് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്.
സാഹിത്യത്തിലെ എന്റെ എം.എ. പഠനം സർവീസിൽ കയറിയതിനു ശേഷമായിരുന്നല്ലോ. സന്ദേശകാവ്യങ്ങളെക്കുറിച്ചുള്ള ഒരു പേപ്പർ ഉണ്ട്. 'കാളംപോലെ കുസുമധനുഷോ ഹന്ത! പൂങ്കോഴി കൂവി' എന്നുള്ള വിഖ്യാതമായ ശ്ലോകമുള്ള മണിപ്രവാളത്തിലെ ഉണ്ണുനീലിസന്ദേശം മുതൽ മയൂരസന്ദേശം, കോകിലസന്ദേശം തുടങ്ങിയ എണ്ണമറ്റകൃതികൾ. കൂടാതെ സംഘകാലകൃതികളിലുള്ള ചെന്തമിഴിന്റെയും കൊടുംതമിഴിന്റെയും ആധിപത്യം.ഇതെല്ലാം ആധികാരികമായി പറഞ്ഞു തരാനും അടുത്ത് ആരുമില്ല. അഫൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച,മോഹിച്ച നാളുകൾ.. ഒട്ടും അകലെയല്ലാതെ അഫൻ താമസിക്കുമായിരുന്ന 'രാംവിഹാറിൽ'
എനിക്ക് 'ആനന്ദലബ്ധി'ക്ക് ഇടവരുമായിരുന്നു.
'നോക്കിനിന്നു ഞാൻ നിന്നെ അറിയിക്കാനെൻ വീട്ടു-
മുറ്റത്തെ സർവാംഗീണസൗന്ദര്യ-
ലാസ്യോത്സവം'
അഫന്റെ 'ആതിരപ്പൂക്കൾ' എന്നുള്ള കവിതയിൽ നിന്നുള്ള വരികൾ..ബാല്യകാലത്ത് കണ്ടും കേട്ടും അറിഞ്ഞ അനുഭവങ്ങളാണ് പിൽക്കാലത്ത് കവിതകളിൽ കൂടി ഉരുത്തിരിയുന്നത് എന്നത് എത്ര സത്യം!
നിഷ്കളങ്കമായ ഗ്രാമീണ, ലാസ്യ സൗന്ദര്യം ആചാര,അനുഷ്ഠാനങ്ങളോടെ അണയുമ്പോൾ, ആചരിക്കുമ്പോൾ, അടുത്തറിയുമ്പോൾ അനുഭവിക്കുന്ന ആത്മനിർവൃതി. ഈ കവിതയിലൂടനീളം തിരുവാതിരയാണ്, പാതിരാപ്പൂക്കളുടെ സുഗന്ധമാണ്, ഇനിയും കൈമോശം വരാത്ത ഗ്രാമനന്മയുടെ പ്രതീകവും, പ്രതീക്ഷയും ആണ്.അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുക കൂടിയാണ്.
'കൊതിച്ചേൻ : മറയല്ലേ, പാതിരാപ്പൂവിൻനറു-
മധുവും സുഗന്ധവും വർണ്ണവും നമുക്കുള്ളിൽ...'
തിരുവാതിരയുടെ സൗന്ദര്യവും സൗരഭ്യവും ആകുവോളം ഹൃദയത്തിലേക്കും മനസ്സിലേക്കും ആവാഹിച്ച്, തൂലികയിലൂടെ ആവിഷ്കരിച്ചിരിക്കുന്ന കവി,പ്രിയപ്പെട്ട അഫൻ.. ആ സാന്നിധ്യവും സാമീപ്യവും നുകർന്ന് നമുക്ക് ആർക്കും മതിയായില്ല.
അതിന് മുൻപേ...
ഏട്ടന്റെയും, അനിയന്റെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി മുത്തശ്ശൻ രണ്ടുപേരെയും സിഎംസി വെല്ലൂരിലേക്ക് അയച്ചു. മരുമകനായ പുളിക്കാമറ്റത്തെ കൃഷ്ണേട്ടനാണ് രണ്ടുപേരെയും കൊണ്ടുപോയത്.വിദഗ്ധ പരിശോധന
കഴിഞ്ഞ് മൂവരും തിരിച്ചെത്തി. ഏട്ടന്റെ വയ്യായ്കകൾ മരുന്നുകൊണ്ട് നിയന്ത്രിക്കാം, അനിയനാണ് കൂടുതൽ ശ്രദ്ധയും, കരുതലും ഗൗരവത്തോടെയുള്ള ചികിത്സയും വേണ്ടത് എന്ന് കൃഷ്ണേട്ടൻ ഇവിടെ വന്ന് മുത്തശ്ശനെ അറിയിച്ചു.തുടർന്നാണ് ആയുർവേദചികിത്സ ആരംഭിച്ചതും, കാതലായ മാറ്റമുണ്ടായതും എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഇപ്പോൾ ഓർമ്മിക്കുന്നു.
'ചിട്ട' എന്ന വാക്കിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് ഞാൻ അഫന്റെ പേരോടുകൂടി ചേർത്തു വായിക്കും. എല്ലാ കാര്യങ്ങളും അത്രയേറെ കൃത്യമായിരുന്നു. മരുന്നും ഭക്ഷണവും കഴിക്കുന്ന സമയം, ജോലിക്ക് പോകുന്നതും വരുന്നതുമായ സമയം, പോകുന്ന ബസ്, അതാത് ദിവസത്തെ വരവ് ചെലവ് കണക്കുകൾ കുറിക്കുക,
കത്തെഴുതുക, എന്തിനേറെ സിറ്റൗട്ടിന് താഴെ അലക്ഷ്യമായി കിടക്കുന്ന പാദരക്ഷകൾ ഒരുമിച്ച് ചേർത്തുവയ്ക്കുന്നതിൽ വരെ അഫന്റെ ശ്രദ്ധ,കരുതൽ എന്നിവ എത്തും.
രാമമംഗലത്ത് അന്ന് 'രഞ്ജിനി' എന്ന തീയേറ്റർ ഉണ്ടായിരുന്നു. ഒരു ഓണക്കാലത്താണ്, 'ഉലകം ചുറ്റും വാലിബൻ' എന്ന സിനിമ വന്നു. അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു.വാഹനത്തിൽ അനൗൺസ്മെന്റ് പോയി. അതിൽനിന്നും വിതറുന്ന നോട്ടീസിനായി കുട്ടികളായ ഞങ്ങൾ പിറകെ ഓടി. ആർക്കും ഒരെണ്ണം പോലും കിട്ടിയില്ല.
വിഷമിച്ചിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് അഫൻ വന്നു. അതിൽ അഭിനയിക്കുന്നവർ ആരൊക്കെ, എന്താണ് സിനിമയുടെ പ്രത്യേകത, ഏതൊക്കെ പാട്ടുകളുണ്ട്, എന്താണ് കഥ എന്നൊക്കെ വിവരിച്ചു തന്നു. ആ ചലച്ചിത്രം നേരിൽ കണ്ട പ്രതീതി. ഞങ്ങൾക്ക് അത്ഭുതമായി. ഇങ്ങിനെ ഒരാളും ഞങ്ങളോട് പറഞ്ഞു തന്നിട്ടില്ല!
ഭാഷാപഠനത്തിന് ചേർന്നതിൽ പിന്നെ
ഒരു പ്രത്യേക കരുതലും,ശുഷ്കാന്തിയും എന്നോട് ഉണ്ടായിരുന്നു.തമ്മിൽ കാണുമ്പോൾ ആനുകാലികമായ ഭാഷാ,സാഹിത്യ വിഷയങ്ങളെപ്പറ്റി ചിലപ്പോൾ സംസാരിക്കും. 'ധ്വനി' എന്ന ചലച്ചിത്രം 1988 ൽ റിലീസ് ചെയ്തിരുന്നു.അതിലെ വരികൾ എഴുതിയിട്ട് സംഗീതം കൊടുക്കുകയായിരുന്നു. ബോളിവുഡ് സൂപ്പർഹിറ്റ്
സംഗീതസംവിധായകനായിരുന്ന നൗഷാദ് ആയിരുന്നു അത് ചെയ്തത്. 'രതിസുഖസാരമായി'... എന്ന് തുടങ്ങുന്ന യൂസഫലി കേച്ചേരിയുടെ ഗാനത്തിൽ ഇടയ്ക്ക് 'കലാകാരൻ' എന്ന വാക്ക് പലതവണ കടന്നു വരുന്നുണ്ട്, ആ വാക്കിന്റെ ആവർത്തിച്ചുള്ള സംഗീത,സാഹിത്യസമന്വയം അനവസരത്തിലായി എന്ന് അഫൻ വിലയിരുത്തിയതായി ഓർക്കുന്നു.
'മാനസനിളയിൽ പൊന്നോളങ്ങൾ' എന്ന ഗാനം പ്രതീക്ഷിച്ചതിലും നന്നായി എന്നും.
സംഗീതത്തിന് അനുസരിച്ച് വരികൾ എഴുതുന്നതിനോട് ഞങ്ങളുടെ എതിർപ്പ് ഒരേ സ്വരത്തിലാണ്. അത് കവിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്
വിലങ്ങുതടിയാണ്.
ഒരു ഭാഷാധ്യാപകൻ അത് സ്കൂളിൽ, ആവട്ടെ കോളേജിൽ ആവട്ടെ എന്തായിരിക്കണം എങ്ങിനെയായിരിക്കണം എന്ന് കാണിച്ചുതന്ന ഗുരുനാഥൻ കൂടിയാണ് എനിക്ക് അഫൻ.സമൂഹത്തിലെ സമസ്തമേഖലകളിലേക്കും കണ്ണും കാതും തുറന്ന് വയ്ക്കാമെന്നും,
നിരീക്ഷണം നടത്തണമെന്നും, വേണ്ടിവന്നാൽ സ്വാഭിപ്രായം പ്രകടിപ്പിക്കാമെന്നതും ഞാൻ ഇപ്പോഴും പരിശീലിച്ചു കൊണ്ടിരിക്കുന്നു.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ 'നേശമണി മെമ്മോറിയൽ ക്രിസ്ത്യൻ കോളേജി'ൽ 1964 ജൂൺ മുതൽ 32 വർഷത്തെ ധന്യമായ അധ്യാപനം. ഏറെ ശിഷ്യർ, സുഹൃത്തുക്കൾ.1960-64 കാലഘട്ടത്തിൽ എറണാകുളത്ത് ഹൈക്കോടതിയിലും ജോലി ചെയ്തിട്ടുണ്ട്.
'അമ്പാടി വിശ്വം' എന്നറിയപ്പെട്ട മുൻമന്ത്രി വി. വിശ്വനാഥമേനോൻ അടുത്ത സുഹൃത്തായിരുന്നു.
രാമമംഗലം ഹൈസ്കൂളിൽ അഫൻ കുറച്ചുനാൾ പഠിപ്പിച്ചിട്ടുണ്ട്. 'കൊച്ചു മലയാളംസാർ' എന്നാണ് കുട്ടികൾ പറയുക. അമ്മയെ എട്ടാം ക്ലാസിൽ പഠിപ്പിച്ചിട്ടും ഉണ്ട്. ക്ലാസിൽ അധ്യാപകരില്ലാത്ത സമയം അന്ന് ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ശ്ലോകം ചൊല്ലുക പതിവാണ്.
എട്ടാം ക്ലാസിലെ കുട്ടികൾ അല്ലേ, ചില വാക്കിനൊന്നും ശ്ലോകം കിട്ടാറില്ല. അങ്ങിനെ കിട്ടുവാൻ ബുദ്ധിമുട്ടുള്ള
വാക്കുകളുടെ ശ്ലോകം അഫൻ പിന്നീട് ക്ലാസിൽ ചെല്ലുമ്പോൾ
പറഞ്ഞു കൊടുത്തിരുന്നു. അമ്മ പറഞ്ഞിരുന്നത് ഓർക്കുന്നു.
'സാമ്യമകന്നോരുദ്യാനം
എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം.
ഗ്രാമ്യം നന്ദനവനമരമ്യം
ചൈത്രരഥവും
സാമ്യം നിനയ്ക്കുന്നാകിൽ
.................................'
ഒരു തിരുവാതിരക്കാലം..
ഇല്ലത്ത് നളചരിതം രണ്ടാം ദിവസത്തിലെ മേൽപ്പറഞ്ഞ പദം ചൊല്ലി രാത്രിയിൽ മുറ്റത്ത് മേജർ സെറ്റ് കൈകൊട്ടിക്കളി
അരങ്ങ് തകർക്കുന്നു.ഏറ്റുപാടി വന്നപ്പോൾ ഇതിന് ശേഷം ഉള്ള വരി തെറ്റി. പാട്ടും, കളിയും നിലച്ചു.
എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.ഇനി എന്താ ചെയ്ക!
'കാമ്യമല്ലിതുരണ്ടും...'
തെറ്റിയ,വിട്ടുപോയ ആ വരി ഏത് എന്ന് അകത്തുനിന്നും ഉടനെ പുറത്തേക്ക് സന്ദേശം വന്നു.
കഥകളിയെ, ഉണ്ണായിവാരിയരെ, നളചരിതത്തെ നെഞ്ചിലേറ്റിയ, ആധികാരികമായി തലനാരിഴ കീറി വിശകലനം ചെയ്ത,
അപഗ്രഥിച്ച,ആട്ടക്കഥാസർവ്വസ്വത്തിന്റെ നേരനുഭവതലം
നിരവധി തലമുറകൾക്ക് പകർന്ന
വ്യക്തിത്വം അകത്തുണ്ടായിരുന്നു എന്ന് ആരറിഞ്ഞു!
ചെറിയമ്മയുടെ വാക്കുകൾ കടമെടുത്താൽ, 'ഈ അനാരോഗ്യത്തിലും അഫൻ, ആരോഗ്യവാനായ ഒരു മനുഷ്യന് നേടാവുന്നതിൽ കൂടുതൽ, ആ ചിട്ടയായ ജീവിതത്തിൽ കൂടി നേടി'. അതെ ചെറിയമ്മേ, സർവ്വജ്ഞപീഠം വരെ എത്തിയ ശ്രീ ശങ്കരാചാര്യരും അല്പായുസ് ആയിരുന്നല്ലോ.
അഫനെക്കുറിച്ച് ഇങ്ങിനെ എത്ര എഴുതിയാലും അങ്ങിനെ തീരുന്നതാവില്ല ! ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ പേരാണ്, പഠിച്ചതും ഒന്ന്, ജോലിയും ഏകദേശം ഒന്നായിരുന്നു, എന്റെ വിരമിക്കൽദിന ചടങ്ങിന് സ്കൂളിൽനിന്ന് വന്ന അധ്യാപകർ, ഹാളിൽ വച്ചിരിക്കുന്ന അഫന്റെ ഫോട്ടോ കണ്ടിട്ട്, ഞങ്ങൾ തമ്മിലുള്ള രൂപസാദൃശ്യം എടുത്ത് പറയുകയുണ്ടായി.
ഒരു കുടുംബഛായയും, സാമ്യവും എന്തായാലും ഉണ്ടാകാതിരിക്കില്ല.
'കേരളപാണിനി'യുടെ ദേഹവിയോഗത്തെ തുടർന്ന് കുമാരനാശാൻ 1919 ൽ എഴുതിയ 'പ്രരോദനം' എന്ന കൃതിയിലെ ഒരു ശ്ലോകം ഞാനിവിടെ (ചൊല്ലി) സമർപ്പിക്കുന്നു.
'എല്ലാം പോകുക,കീഴടങ്ങുക വിധി -
യ്ക്കിന്നിച്ചിതയ്ക്കപ്പുറ-
ത്തില്ലാതാകുക ജീവിതം, മതി വിഭോ!
ത്വന്നാമപുണ്യാക്ഷരം.
ചൊല്ലാമായതു ഞങ്ങൾ നട്ടു മിഴിനീർ
തൂവിപ്പുലർത്തും, പടർ-
ന്നെല്ലാവർക്കുമതേകിടും മലർമണം
കാലാഗ്നി ചെല്ലല്ലതിൽ'
(കാലമെത്ര കഴിഞ്ഞാലും, സർവ്വരിലും ആ നാമസ്മരണയും, സ്വഭാവ സവിശേഷതകളും, മൂല്യങ്ങളും, മലർമണം പരത്തി നിലനിൽക്കും എന്ന് വ്യംഗ്യം)
എനിക്ക് ഈ ഓർമ്മകൾ മാത്രം മതി ശിഷ്ടകാലത്തേക്ക്. ചിരിക്കുന്ന ആ മുഖവും, പാദങ്ങളും സ്മരിച്ച് ഞാൻ വീണ്ടും, വീണ്ടും നമസ്കരിക്കട്ടെ....🙏🙏
വിസ്താരഭയത്താൽ ചുരുക്കുന്നു!
ആസന്നമായ, അനിവാര്യമായ ആ അവസാനയാത്ര കവിമനസ്സ് മുൻകൂട്ടി കണ്ടിരുന്നോ, 'യാത്ര'യെന്ന ഈ കവിത ഒരു യാത്രാമൊഴിയായിരുന്നോ!
"ഈ വണ്ടിയെത്തുമൊടുക്കത്തെയാപ്പീസിൽ
ഞാനുമിറങ്ങണം, തീർച്ച
ഇല്ല,തിരിച്ചിനീയാത്രയീവന്ധ്യമാം
മണ്ണിലേക്കെന്തുവന്നാലും"
(യാത്ര, 'മിഥുനം')
ഞാൻ, അഫനിലെ അധ്യാപകനെയാണോ, കലാസ്വാദകനെയാണോ, കഥകളി നിരൂപകനെയാണോ, കവിയെയാണോ,
പ്രാസംഗികനെയാണോ, വിശകലന പ്രതിഭയെയാണോ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ ഇതൊന്നുമല്ല എന്ന് പറയും. ഞാൻ ഇഷ്ടപ്പെടുന്നതും,ആഗ്രഹിച്ചതും ഇപ്പോൾ ആഗ്രഹിക്കുന്നതും ആ സ്നേഹസാമീപ്യം, കഴിയില്ലെന്നറിയാം.
കാരണം അതുണ്ടായാൽ ബാക്കിയെല്ലാം കൂടെ ഉണ്ടാവുമല്ലോ.... 🙏🙏🥰🥰
ശ്രീരാം മംഗലസ്.
വാൽക്കഷണം.
കലച്ചേച്ചിയുടെ വേളിക്ക് ശേഷം തിരുവനന്തപുരത്ത് റിസപ്ഷൻ. എന്നോടും കൂടെ ചെല്ലുവാൻ അഫൻ ആവശ്യപ്പെട്ടിരുന്നു.
രണ്ടുദിവസം സമയമുണ്ട് ഒരുക്കങ്ങൾക്ക്. നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ ഓരോ സാധനങ്ങൾ അടുപ്പിക്കാൻ ഞാനും ഒപ്പം. പണം അടങ്ങിയ ഒരു കറുത്ത ബാഗ് അഫൻ എന്നെ ഏൽപ്പിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായി എഴുതി സൂക്ഷിക്കണം എന്ന നിർദ്ദേശവും.
അന്ന് കയ്യേറ്റതാണ് ആ ബാഗ്. തറവാട്ടിലെ പൊതുവായി നടക്കുന്ന ചടങ്ങുകൾ, വിശേഷങ്ങൾ..
കാര്യങ്ങളുടെ നടത്തിപ്പ് ചുമതലയും, ധനവിനിയോഗവും. അടുത്തിടെ നടന്ന ഭദ്രക്കുട്ടിയുടെ ചോറൂണ് വരെ.....
അത് അങ്ങിനെയാണ്, ചില നിയോഗങ്ങൾക്ക് കാലദൈർഘ്യമുണ്ടാവും.
നൈരന്തര്യവും...!
🙏🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഈ അനുസ്മരണത്തിന്.. നന്ദി.. ഈ എഴുത്തിലൂടെ അച്ചനെ വീണ്ടും കാണുന്നു
ReplyDeleteആ മഹാപ്രതിഭയ്ക്ക് നമസ്കാരം 🙏🏻
ReplyDelete