വരിക്കോലിയിലെ ചൂടുകാപ്പി..

തിരുവനന്തപുരത്ത് നിന്നും ഞങ്ങൾ മൂന്നുപേർ ഇല്ലത്തേക്ക് പോരികയാണ്..
 വാച്ചപ്പൻ,കുഞ്ഞപ്പൻ, പിന്നെ ഞാനും..
 തമ്പാനൂരിൽ നിന്നും രാവിലെ 11:30 മണിക്ക് ഉള്ള തീവണ്ടിയിൽ കയറി...
 നാലാമത് ഒരാൾ കൂടി ഞങ്ങളുടെ കൂടെയുണ്ട്, അതൊരു ഇരുചക്ര വാഹനമാണ്. KRV 9686, ലാംമ്പി സ്കൂട്ടർ.
 വല്യഫന് വേണ്ടി  അവിടെ നിന്നും കൊണ്ടുവരികയാണ്..

 ലഗേജ് വയ്ക്കുന്ന കമ്പാർട്ട്മെന്റിൽ സ്കൂട്ടറിന്റെ സീറ്റ്  ചാക്ക് കൊണ്ട് മൂടി ക്കെട്ടി  കയറ്റി. അന്ന് എക്സ്പ്രസ് ട്രെയിനിന് എറണാകുളത്തേക്ക് ഒരാൾക്ക് 25 രൂപയാണ് ചാർജ്, കോട്ടയത്തേക്ക് 20. ഉച്ചകഴിഞ്ഞ് മൂന്നര മണിക്ക് എറണാകുളത്ത് ഇറങ്ങി. വാച്ചപ്പൻ ഓടിക്കുന്നു ഞാൻ നടുക്ക്, കുഞ്ഞപ്പൻ
പിറകിൽ,അങ്ങിനെ ഇല്ലത്തേക്ക് യാത്ര തിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സാരഥി കുഞ്ഞപ്പനായി.

 തൃപ്പൂണിത്തുറ കഴിഞ്ഞപ്പോൾ തന്നെ മഴക്കാർ ഉണ്ട്, ഞങ്ങൾക്കാണെങ്കിൽ മഴക്കോട്ട് ഇല്ല, അന്ന് ഹെൽമറ്റ് നിർബന്ധവും അല്ല. ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞു വേഗം പോന്നു. തിരുവാങ്കുളം കഴിഞ്ഞപ്പോഴത്തേക്കും കോരിച്ചൊരിഞ്ഞു തുടങ്ങി. കയറിനിൽക്കുവാനായിട്ട് ഒരു കട പോലും കാണുന്നില്ല. മുഖത്തേക്ക് വെള്ളം വീണ് കണ്ണ് തുറക്കാൻ പറ്റുന്നില്ല.
 തുള്ളിക്ക് ഒരു കുടം എന്ന കണക്കിൽ മഴയിൽ ഞങ്ങൾ മൂന്നുപേരും നനഞ്ഞു കുതിർന്നു.

 ശാസ്താമുകൾ ഇറക്കത്തിലാണ് പണ്ട് മൂത്തേടത്തെ വകയായി തണ്ണീർപ്പന്തൽ( വഴിയാത്രക്കാർക്ക് ദാഹജലം കൊടുക്കുന്ന ഇടം) ഉണ്ടായിരുന്നത്. ആ സ്ഥലം കണ്ടു. വഴിക്കെങ്ങും ഒരു പന്തലുമില്ല, തണ്ണീർ മാത്രം ധാരാളം ആകാശത്തുനിന്നും എന്നൊക്കെ പറഞ്ഞുകൊണ്ട് വിശാലമായി കുലുങ്ങി ചിരിച്ചുകൊണ്ടാണ്, ഫലിത ബിന്ദുക്കൾ വാരിവിതറിക്കൊണ്ടാണ്  ഞങ്ങളുടെ യാത്ര.

 ഏതായാലും ഓടിച്ചു പോകാം അരമണിക്കൂറിനകം ഇല്ലത്തെത്തും എന്ന് കരുതി സാവകാശം വണ്ടിയോടിച്ചു. പുത്തൻകുരിശിന് മുൻപുള്ള വരിക്കോലി എന്ന സ്ഥലത്തെത്തിയപ്പോൾ വണ്ടി ഓടിക്കുവാൻ ഒരു നിവർത്തിയും ഇല്ലാതെയായി. ഭാഗ്യവശാൽ അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ടായിരുന്നു. വണ്ടി ഒരു പ്രകാരം ചേർത്തുനിർത്തി ഞങ്ങൾ അതിലേക്ക് ഓടിക്കയറി.

കോഴി മഴ നനഞ്ഞ്  തൂവൽ ഒട്ടി നിൽക്കുന്നത് പോലെയാണ് ഞങ്ങളുടെ അവസ്ഥ. എന്റെ താടി അല്പം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു, കുറച്ചു നേരമായില്ലേ മഴ നനഞ്ഞു തുടങ്ങിയിട്ട്.
 വേറെ പോംവഴി  ഒന്നുമില്ല, മഴ തോരട്ടെ കാത്തുനിൽക്കാം.

 ആജാനുബാഹുവായ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ജുബ്ബയും കൊമ്പൻമീശയും   ഒക്കെയായി. തോളത്ത് ഒരു വെളുത്ത തോർത്തുമുണ്ട് വിലങ്ങനെ ഇട്ടിരിക്കുന്നു. മഴയിൽ കുതിർന്ന്   കുളിച്ച് വിറക്കുന്ന ഞങ്ങളെ കണ്ട് സഹതാപം തോന്നിയിട്ട് ആകണം അദ്ദേഹം ആ തോർത്തുമുണ്ട് ഞങ്ങളുടെ നേരെ നീട്ടി. ഞങ്ങൾ വാങ്ങാൻ അല്പം മടി കാണിച്ചു.
 'വാങ്ങിക്കോളൂ, മടിക്കണ്ട ആദ്യം തല തോർത്തൂ', എന്തോ അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ വാക്കുകൾക്ക് മുന്നിൽ ഞങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല.

 മൂന്നുപേരും തലതോർത്തി, എവിടെ നിന്ന് വരുന്നു, ആരാണ്, എവിടെക്കാണ്
എന്നൊക്കെ ഇതിനോടകം അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. തോർത്തുന്നതിനിടെ ഞങ്ങൾ ആരുടെയോ പൂണുനൂൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി തോന്നുന്നു.തൊട്ടുചേർന്ന ചായക്കടയിലേക്ക് നോക്കി അദ്ദേഹം മൂന്ന് കാപ്പി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. 'പാൽ ഇല്ലല്ലോ പിള്ളേച്ചാ' എന്ന് കടക്കാരൻ പറയുന്നതും സാരമില്ല കടുംകാപ്പി മതി, നല്ല ചൂട് വേണം എന്ന് അദ്ദേഹം പറയുന്നതും ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾക്ക് അതൊന്നും നിരസിക്കാൻ തോന്നിയില്ല.

 കാപ്പി ഞങ്ങൾ മൂന്നുപേരും ആസ്വദിച്ചു കുടിച്ചു. തണുത്ത് വിറക്കുന്ന ഞങ്ങൾക്ക് ആ പാനീയം എത്ര ആസ്വാദ്യകരമായി അനുഭവപ്പെട്ടു എന്ന് പറയേണ്ടതില്ലല്ലോ.
 തോർത്ത് തിരികെ കൊടുത്തു, കാപ്പിയുടെ പണം ഞങ്ങൾ കൊടുക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. മഴ കുറഞ്ഞപ്പോൾ  ആ സ്നേഹധനനോട്  യാത്ര പറഞ്ഞു ഞങ്ങൾ ഇല്ലത്തേക്ക് തിരിച്ചു.

 പിന്നീട് ആ വഴി എത്രയോ തവണ യാത്ര ചെയ്തു, ചെയ്യുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ചായക്കടയുടെയും സ്ഥാനം ഇന്ന് ഒരു ഷോപ്പിംഗ് കോംപ്ലക്സ് കൈയടക്കിയിരിക്കുന്നു. 'പിള്ളേച്ചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന  ആ മഹത്  വ്യക്തി ആരായിരുന്നു. കൊമ്പൻ മീശയുള്ള ജുബ്ബയിട്ട ആ രൂപം, ആ വഴി കടന്നു പോകുമ്പോൾ അറിയാതെ മനസ്സിലേക്ക് ഓടിയെത്തുന്നു. മിഴികൾ ഇന്നും അറിയാതെ ചുറ്റിലും പരതുന്നു. എവിടെയെങ്കിലും ആ മഹദ്ദേഹം ഉണ്ടോ!

 'അന്യജീവനുതകി സ്വജീവിതം
 ധന്യമാക്കുമമലേ വിവേകികൾ'

 എന്ന ആശാന്റെ വരികൾ ഇവിടെ തികച്ചും അന്വർത്ഥമാകുന്നില്ലേ!

ശ്രീരാം മംഗലസ്.

 വാൽക്കഷണം.

 2012 ലാണ്, രാത്രി തൃപ്പൂണിത്തുറയിൽ നിന്നും രാമമംഗലത്തേക്ക് വരുന്ന സമയം.. ഒമ്പതര മണി കഴിഞ്ഞിട്ടുണ്ട്.
മകൻ സാകേത്, ലക്ഷ്മി ഹോസ്പിറ്റലിൽ  കഫക്കെട്ടും പനിയും മൂലം കുത്തിവയ്പ്പിനായി നാലുദിവസത്തേക്ക് അഡ്മിറ്റ്‌  ആണ്. ശുഭയുടെ അമ്മയാണ് കൂടെ. സ്കൂൾ ഉള്ളതിനാൽ ഞാൻ എല്ലാ ദിവസവും വൈകുന്നേരം പോയി രാത്രി തിരിച്ചു പോരും.

 ചൂണ്ടിയിലെ രാമമംഗലം സ്റ്റോപ്പിൽ എത്തുമ്പോൾ ആരെങ്കിലും പരിചയക്കാർ ഉണ്ടോ എന്ന് നോക്കി പോരാറുണ്ട്. അന്ന് സമയം വൈകിയതിനാൽ കടകളൊക്കെ അടച്ചു വിജനമാണ്. രണ്ട് പെൺകുട്ടികളും അവരുടെ അച്ഛനും വരുന്ന വണ്ടികളെ നോക്കി ആരെയോ പ്രതീക്ഷിച്ച്‌ എന്ന മട്ടിൽ നിൽക്കുന്നുണ്ട്. എന്റെ കാർ കണ്ട് കൈ  നീട്ടാൻ ഭാവിച്ച അച്ഛനെ കുട്ടികൾ തടയുന്നു. ഗൗരവം മനസ്സിലാക്കി കാർ ഒതുക്കി നിർത്തി ഞാൻ ഇറങ്ങിച്ചെന്നു.
 അവർ ഏഴക്കരനാട്ടിലേക്ക് പോകാനാണ്. ബസുകൾ എല്ലാം പോയിക്കഴിഞ്ഞു. സമാന്തര സംവിധാനങ്ങൾ ഒന്നും അടുത്തില്ല.
 പോകുവാൻ മാർഗ്ഗമില്ല. എന്റെ വണ്ടിയിൽ കയറാൻ പറഞ്ഞ ഞാൻ,
 ആ കുട്ടികളുടെ മുഖത്തെ പരിഭ്രമം വായിച്ചെടുത്തു. അവർ ആശങ്കയോടെ പരസ്പരം കുശുകുശുക്കുന്നു. അച്ഛനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. വേറെ ആരെങ്കിലും ഉണ്ടോ എന്ന് കാറിലെക്ക് ഉറ്റുനോക്കുന്നു. കാലമല്ലാത്ത കാലമല്ലേ!

ഡിപ്പാർട്ട്മെന്റ് ഐഡി കാറിൽ എപ്പോഴും സൂക്ഷിക്കാറുള്ളത്എനിക്ക് ഓർമ്മ വന്നു, ഉടനെ അതെടുത്ത് അവരെ കാണിച്ചു. ടീച്ചർ ആണ് എന്നും, മന എന്നും വിലാസത്തിൽ കണ്ട അവർ വരാന്തയിൽ വച്ചിരുന്ന വലിയ ബാഗ് എടുത്ത് എന്റെ കൂടെ കയറാൻ തയ്യാറായി.

 വലിയ കുട്ടിക്ക് ഷൊർണൂരിൽ ഒരു ടെസ്റ്റ് കഴിഞ്ഞു വരുന്ന വഴിയാണ്. അച്ഛന് കൃഷിജോലി. ഇന്നലെ പോയി ഓട്ടുപാറയിലെ ഒരു ബന്ധുവീട്ടിൽ താമസിച്ചു, വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ്  ഷൊർണൂരിൽ നിന്നും തിരിച്ചതാണ്. എല്ലാവരും ക്ഷീണിച്ച് തളർന്നിരിക്കുന്നു. ഓടിയ്ക്കുന്നതിനിടെ കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ ഞാൻ കണ്ടു ചേച്ചി അനിയത്തിയുടെ തോളത്ത് ചാഞ്ഞുകിടക്കുന്നു.

 ഒരു കുപ്പി വെള്ളവും റോബസ്റ്റപഴവും എപ്പോഴും കാറിൽ ഉണ്ടാവും. എല്ലാവർക്കും ഓരോ പഴം കൊടുത്തു.
കുട്ടികൾ കഴിച്ചില്ല, അതിന്റെ കാരണവും എനിക്ക് മനസ്സിലായി, അച്ഛൻ  അപ്പോൾ തന്നെ കഴിച്ചു. ഏഴക്കരനാട് മെയിൻ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഗ്രാമീണവീഥിയിലൂടെ സഞ്ചരിച്ച് രാത്രി പത്തുമണി കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലെത്തി.
 വഴിക്കണ്ണുമായി  വരാന്തയിൽ കാത്തുനിൽക്കുന്ന ഒരു അമ്മയും കുഞ്ഞനിയനും. പെട്ടെന്നൊരു കാർ കയറി വന്നപ്പോൾ പരിഭ്രമിക്കുന്നതും,
 ഡോർ തുറന്നുവന്ന പ്രിയപ്പെട്ടവരെ കണ്ട് അതൊരു സ്നേഹസാമീപ്യമായതും, ആശ്വാസക്കടലായി മാറിയതും ഞാൻ കണ്ടറിഞ്ഞു.

 ശബ്ദം കേട്ട് അടുത്തടുത്ത വീടുകളിൽ നിന്നും അഞ്ചാറുപേർ ഓടിക്കൂടി.
 കൂട്ടത്തിലെ രണ്ടുമൂന്നു ചെറുപ്പക്കാർ
 വീതി കുറവുള്ള ആ വീട്ടുമുറ്റത്ത് സൈഡ്  പറയാനും കാർ തിരിക്കാനും സഹായിച്ചു. എല്ലാവർക്കും ശുഭരാത്രി നേർന്നു ഞാൻ തിരികെ. വണ്ടി എടുത്തപ്പോൾ കണ്ണാടിയിൽ കൂടി കണ്ടു കുട്ടികളുടെ  അച്ഛൻ പിറകെ ഓടി വരുന്നു. ഞാൻ വണ്ടി നിർത്തി ചില്ല് താഴ്ത്തി. അദ്ദേഹം അടുത്തു വന്നു. ചുരുട്ടി പിടിച്ച കൈകളിൽ ഇരുപതിന്റെ രണ്ട് നോട്ട്. എന്റെ കയ്യിൽ ഇതേ ഉള്ളൂ വാങ്ങണം എന്ന് പറഞ്ഞു. പെട്ടെന്ന് എന്റെ അച്ഛനെയാണ് എനിക്ക് ഓർമ്മ വന്നത്. അരനൂറ്റാണ്ട് മുൻപ് ഒരു ക്രിസ്മസ് കാലത്ത്, പാടിവന്ന കരോൾ സംഘത്തിന് രണ്ട് രൂപ കൊടുക്കുവാൻ അപ്പോൾ കയ്യിൽ ഇല്ലാതെ  സുഹൃത്തിനോട് കടം തേടിപ്പോയ  അച്ഛൻ.

 'പണം ഒന്നും ആവശ്യമില്ല,നമ്മളെല്ലാം മനുഷ്യരല്ലേ, ഇത് കയ്യിലിരിക്കട്ടെ, പോയി കുളിച്ച് ഭക്ഷണം കഴിക്കൂ' എന്ന് പറഞ്ഞു ഞാൻ വീണ്ടും വണ്ടിയെടുക്കുമ്പോൾ 
ആ മുഖത്ത് തെളിഞ്ഞ പ്രകാശത്തിന്, നന്ദിക്ക്, പകരമായി എനിക്ക് മറ്റൊന്നും ആവശ്യമില്ലായിരുന്നു.

 'പരോപകാരാർത്ഥമിദം ശരീരം'
 
ഇത് ഗാന്ധിജി  പറഞ്ഞതാണ്, മുത്തശ്ശൻ തന്റെ ജീവിതത്തിൽ കാണിച്ചുതന്നതുമാണ് 🙏🙏


Comments

Post a Comment

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.