പടിഞ്ഞാപ്പുറത്തെ മുറ്റം...
കാരിക്കുഴി, കുറ്റിക്കാട്, ഉദയമ്പടം, കൊളപ്പുഞ്ച, വെള്ളാത്ര, കാട്ടാലി, വെട്ടിക്കലടി, ചെറുനിലം, നാലടിപ്പാടം എന്നീ പാടങ്ങളിൽ നിന്നും കൊയ്തു കൊണ്ടുവരുന്ന കറ്റകൾ അട്ടിയട്ടിയായി മുറ്റം നിറയെ... പടിപ്പുരയ്ക്ക് പോകുന്ന വഴിയിലും നിരത്തിവച്ചിട്ടുണ്ട്. കൊയ്ത്തുകാലത്ത് രാപ്പകലെന്യേ മുറ്റം സജീവമാകും. കറ്റ തല്ലുന്ന ഒച്ച, മെതിക്കാരുടെ ഉറക്കെ ഉള്ള വർത്തമാനം, മെതി കഴിഞ്ഞ് തോമ്പ് അ ളക്കുന്നതിന്റെ ഒച്ച ഇത്യാദി.
മഴക്കാലത്താണ് രസകരം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കടലാസ് തോണി ഉണ്ടാക്കുവാൻ മത്സരം. കല ചേച്ചിയും സബിയും ഞാനും മത്സരിക്കും. ഓടിയോടി വരുന്ന അടുത്ത മഴയിൽ കടലാസ് തോണികൾ കുതിർന്ന് താഴുമ്പോൾ ഞങ്ങളും മഴ നനഞ്ഞ് അകത്തേക്ക്...
മഴക്കാലത്ത് പുഴമെത്തി വെള്ളം കയറിത്തുടങ്ങിയാൽ ഉത്സാഹമായി. തോണി മുറ്റത്തൂടെ ചാത്തമ്പടത്തിലേക്ക്. മുരളി, സനൽ, പ്ലാവിട ബെന്നി, എന്നിവർ പിന്നെ അതിലാണ്. പീറ്റർ നാട്ടിലുള്ള സമയമാണെങ്കിൽ പീറ്ററും ഉണ്ടാകും.
പുഴയിലൂടെ ഒഴുകിവരുന്ന ഒരു നാളികേരവും വിറകും വിടുകയില്ല.
കയർ കെട്ടിയടുപ്പിക്കും. വേണ്ടിവന്നാൽ തോണിയിലും പിറകെ പോകും.
'ആയിരമേ മാരാന്മാര്...
ആയിരമേ ചെണ്ടകള്.....'
കുറവൻ നീലാണ്ടനും പത്നിയും രാത്രിയിൽ പാടാൻ വന്നിരിക്കുന്നു.
പകുതി ഉറക്കത്തിലാണ്, ഇത്രയുമേ കേട്ടുള്ളൂ. ഇവർക്ക് പകൽസമയം വന്നാൽ എന്താണാവോ... അതെങ്ങിനെയാണ് തുന്നൽ ജോലിക്ക് പോവണ്ടേ!
കർക്കിടകരാവുകളിൽ നാല്കെട്ടിൽ നിരനിരയായി വിരിച്ച പായ്കളിൽ, മുടിയഴിച്ചാർത്തട്ടഹസിക്കുന്ന പേമാരിയുടെ ശബ്ദവും കുളിരും ആവോളം നുകർന്നും രസിച്ചുമുള്ള, പുതച്ചുമൂടിയുള്ള ഉറക്കം. പഴയകാലത്തെ മഴയൊന്നും ഇപ്പോഴില്ല.
ചില നാൾ മേടമാസത്തിലെ പോലെ ചൂടാണ്.
'വഴുക്കലുണ്ട് സാവകാശം നടന്നാൽ മതി' പുതിയ പഞ്ചാംഗവുമായി വന്ന തേലക്കാടിനോട് മുത്തശ്ശൻ പറയുന്നു.
ഭക്ഷണസമയം ആണെങ്കിൽ ഊണ് കഴിപ്പിച്ചേ മുത്തശ്ശൻ വിടാറുള്ളൂ. തേലക്കാടിനെ അല്ല ആരെയാണെങ്കിലും. ഇപ്പോൾ വർഷങ്ങളായി, കൃത്യമായി പുതിയ പഞ്ചാംഗം എത്തിക്കുന്നത് കൊച്ചുകുഞ്ഞപ്പനാണ്.
നിലമുഴുന്നതിനുള്ള പോത്തുകൾ വഴി മാറിയപ്പോൾ വന്നെത്തിയ ടില്ലർ ഉരപ്പുരയെ അലങ്കരിച്ചു. വെട്ടിവെച്ച കുലകൾ മുറ്റത്തുകൂടി പുകപ്പുരയിലേക്ക് പോകുന്നതും, രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പഴുത്ത് നിറം മാറി മുറ്റത്തുകൂടി ചായ്പിലേക്കുമുള്ള യാത്രയും.
രാത്രി മുറ്റത്തുകൂടി നടന്ന് സംസ്കൃത ശ്ലോകങ്ങൾ ഉരുവിട്ട് വാച്ചപ്പൻ പഠിക്കുന്നു, പരീക്ഷ അടുത്തിട്ടുണ്ടാവും.
ചുക്കുവെള്ളം കുടിക്കുവാൻ ഇടയ്ക്ക് അകത്തേക്ക് വരും. ഇങ്ങിനെ ഉറങ്ങാതെ ഇരുന്നാൽ എങ്ങിനെയാണാവോ, ക്ഷീണാവില്ലേ!
ഓണക്കാലത്തെ പൂവിടൽ. തുമ്പപ്പൂവും തുളസിക്കതിരും നടുവിൽ വച്ച് തുടങ്ങും.
ഓരോ ദിവസവും ഓരോ വരി കൂടുതൽ വരണം. പൂക്കൾക്കായി പാടത്തും പറമ്പിലും എല്ലാം അലയും. കദളിപ്പൂ തേടി ഒരിക്കൽ മെതിപാറമലയുടെ മുകളിൽ വരെ പോവുകയുണ്ടായിട്ടുണ്ട്.
തിരുവാതിരക്കാലത്ത് മുറ്റം നിറയെ സ്ത്രീജനങ്ങൾ, രണ്ട് ടീമായി രണ്ടു വലിയ വൃത്തത്തിൽ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ പാടി' ചുവടുവെച്ച ആതിര രജനി. മേലാകെ വാഴച്ചപ്പ് വാരിചുറ്റിക്കെട്ടി, പ്രച്ഛന്നവേഷത്തിൽ
കക്കാട്ടെ മുരളിയുടെയും ചേട്ടന്മാരുടെയും ആഗമനം.
പത്താമുദയത്തിന് മെതിപാറയിൽ നിന്നും ചാത്തന്റെയും,അഴകന്റെയും, വിത്താരിയുടെയും നേതൃത്വത്തിലുള്ള ഭക്തജനസംഘം. നാലുപേരുടെ തോളത്തുള്ള കാളയുടെ രൂപം, പരമ്പരാഗത, അനുഷ്ഠാന കൊട്ടിന്റെ താളത്തിൽ തുള്ളിക്കളിക്കുന്നു.. വാസു ആണല്ലോ ഇന്ന് വിളക്കുമായി കൂടെ. കൊട്ടും ചുവടുകളും മുറുകുകയാണ്..
കുംഭഭരണിക്ക് നടക്കാവിലേക്ക് താലപ്പൊലി വരുന്നത് കണ്ടോ, ചുരുങ്ങിയത് 100 പേർ കാണും. താലവുമായി നാഗയക്ഷിയമ്മയെ വലംവച്ച് കാണിക്കയിട്ട് എല്ലാവരും നടക്കുകയായി. മുത്തശ്ശൻ പറവയ്ക്കുമ്പോൾ മേളം അടുത്തുനിന്ന് തകർക്കും.
ആനയാണ് കൂടെ വരുന്നതെങ്കിൽ ശർക്കര,നാളികേരം, പഴം എന്നിവ കൊടുക്കും. ഇപ്പോൾ വരുന്നത് അലങ്കരിച്ച രഥമാണ്.
ആലിൻചുവട്ടിൽ അത് നിൽക്കും.
അനുഷ്ഠാനപരമായും ആചാരപരമായും എത്രയോ ചടങ്ങുകൾ നടന്ന മുറ്റം. വേളി, ഉപനയനം, സമാവർത്തനം തുടങ്ങിയവ. കഥകളി,യാത്രകളി,ചാക്യാർകൂത്ത്, സംഗീതക്കച്ചേരി, കഥകളിപ്പദക്കച്ചേരി, പുല്ലാങ്കുഴൽ കച്ചേരി, സോപാനസംഗീതം, ഭജന,നൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറിയ താൽക്കാലിക വേദികൾ.നവരസങ്ങളുടെ ദിവ്യാനുഭവം.
പന്തലിൽ ഇരുന്ന് എത്രയോ പേർ ഊണ് കഴിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ വന്നു പോയിട്ടുള്ള പൈതൃകം. മുത്തശ്ശന്റെ കാലത്ത് എത്രയോ പ്രശ്നങ്ങൾക്ക് ആ മുറ്റം പരിഹാരം കണ്ടിരിക്കുന്നു. എത്രയോ കാര്യങ്ങൾക്ക് സമാധാനം ആയിരിക്കുന്നു.
അങ്ങനെ പറഞ്ഞാൽ തീരാത്ത, പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത,
എത്രയോ ഓർമ്മകൾ മന്ദഹസിക്കുന്ന മുറ്റം. എത്ര തലമുറകളുടെ കാൽപ്പാടുകൾ പതിഞ്ഞതാവാം. ഇനി എത്രയോ പതിയാനുള്ളതും ആകാം.
എല്ലാറ്റിനും സാക്ഷിയായി വിസ്തൃതമായ ആ മുറ്റം...
കാലം സാക്ഷി... ചരിത്രം സാക്ഷി...
ശ്രീരാം മംഗലസ്.
വാൽക്കഷണം.
വെള്ളാത്രയിൽനിന്ന് വായ്ക്കുരവ കേൾക്കുന്നുണ്ട്. മതുക്കൽ നിന്നും ശ്രീപാർവതിയുടെ വരവാണ്. കണിയാംകുടി എത്തിയപ്പോൾ അവിടെ ഒന്നു നിന്നു. ഇല്ലത്ത് ഇന്ന് പുത്തൻ തിരുവാതിരയാണ്. ബന്ധുജനങ്ങൾ എല്ലാവരും വന്നിട്ടുണ്ട്. പ്ലാന്തുരുത്തിൽ,
പുതുശ്ശേരിൽ,മറവത്ത്,കക്കാട്ട്, പൂക്കോട്ട് നിന്നും എല്ലാവരും ഉണ്ട്. ഇന്ന് മുറ്റം നിറയെ ആളുണ്ട്, കളി ഗംഭീരാവും.
വിവിധ കരയുള്ള തൂവെള്ള സെറ്റ് മുണ്ടുകളും, വെളുത്ത മുറ്റവും, തൂവെള്ള നിലാവ് പരത്തി എത്തിയ ചന്ദ്രികയും, നോമ്പെടുത്തു ചുവടുവെക്കുന്ന സ്ത്രീ രത്നങ്ങളുടെ മനസ്സിലെ നന്മയും, ആർക്കാണ് കൂടുതൽ വെൺമ എന്ന് ചൊല്ലി മത്സരിക്കുന്നത് പോലെ...
ടാർസണ് ഇന്ന് വല്യടുക്കളയുടെ ഇറയത്ത് നിന്നുള്ള സുരക്ഷാച്ചുമതലയേ ഉള്ളൂ. ഇതൊന്നും രസിക്കാത്ത മട്ടിൽ ഇടയ്ക്ക് മുരളുന്നുണ്ട്. പാതിരാപ്പൂ ചൂടലിന്റെയും തുടിച്ചുകുളിയുടെയും മഹാത്മ്യം അതിന് അറിയേണ്ടതായിട്ടില്ലല്ലോ.
'ന്നാൽ തുടങ്വല്ലേ ആദ്യം ഗണപതി'
കൊച്യേറിയമ്മ മുത്തശ്ശിയാണ്.
രണ്ടു വൃത്തത്തിൽ മുറ്റത്ത് സർവ്വരും നിരന്നു....
' തുടുതുടെ നല്ല കദളിപ്പഴം..
തുമ്പിക്കൈയൊക്കെ നിറച്ചുവച്ചു..'
എല്ലാവരുടെയും സങ്കോചം വിട്ടുള്ള പാട്ടിലും, കളിയിലും,ചുവടുവെയ്പ്പിലും, വായ്ക്കുരവയിലും ഇല്ലവും പരിസരവും അമർന്നു.
'ഞാനും വരാം ഒരു ചുവടു വയ്ക്കാൻ' എന്ന് പറഞ്ഞ് പടിപ്പുരയിലെ ആലിൻ കൊമ്പത്തെ അമ്പിളിയും വന്നണയാൻ വെമ്പൽ കൊള്ളുന്നില്ലേ!
❤️
ReplyDeleteഅസ്സലായി ഏട്ടാ 👍🏻
ReplyDelete🙏
Delete