പ്രിയപ്പെട്ട മുത്തശ്ശിയമ്മ മണ്മറഞ്ഞിട്ട് 11 വർഷം. പക്ഷേ കാലം ഇത്രയായിട്ടും ദീപ്തമായ ആ സ്മരണകൾക്ക് മരണമില്ല. ചിരിക്കുന്ന ആ മുഖം മനസ്സിൽ ഇപ്പോഴും തെളിഞ്ഞു കൊണ്ടിരിക്കുന്നു.
23 വർഷങ്ങൾക്കു മുമ്പ്, ഒരു കന്നിമാസത്തിലെ ചിത്തിരനാളിൽ ഏഴു ദിവസം നീണ്ടുനിന്ന സപ്താഹം പരിസമാപിച്ചു. പിറ്റേന്ന് ചോതി, മുത്തശ്ശി യമ്മയുടെ പിറന്നാൾ, ശതാഭിഷേകം. അന്ന് ആചാര്യനായിരുന്ന ശ്രീ കാരക്കാട് കേശവൻ നമ്പൂതിരി എഴുതി തയ്യാറാക്കിയ മംഗളശ്ലോകമാണ് മുകളിൽ.
കുന്നപ്പിള്ളി ഇല്ലത്ത് മുത്തശ്ശിയമ്മ ജനിച്ചപ്പോൾ കുട്ടി, തമ്പുരാൻ ആയില്ലല്ലോ എന്ന് ഗണിച്ച് നോക്കിയ ആൾ പറഞ്ഞുവത്രേ. അത്രയ്ക്ക് സവിശേഷമായിരുന്നു ജാതകം.
നന്നെ ചെറുപ്പത്തിൽ തന്നെ ഇല്ലത്ത് വധുവായി വന്നെത്തി. പൂജാദി കാര്യങ്ങളിലും,സാമൂഹിക പ്രവർത്തനങ്ങളിലും മുത്തശ്ശന്റെ പിന്നിൽ ഒരു ചാലകശക്തിയായി എന്നും മുത്തശ്ശിയമ്മ ഉണ്ടായിരുന്നു. 'നിശയാല് ശശി ശോഭതേ,ശശിയാൽ നിശയും തഥാ' എന്നും ഇവിടെ ചേർത്തു വായിക്കാം.
മുത്തശ്ശന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങൾ അടുത്തറിഞ്ഞു, അതിനനുസരിച്ച് ചിട്ടപ്പെടുത്തിയ, പാകപ്പെടുത്തിയ ജീവിതമായിരുന്നു മുത്തശ്ശിയമ്മയുടേത്.ആദ്യകാലത്തെ പരിമിതമായ ജീവിതസൗകര്യങ്ങളിൽ കുടുംബത്തിന്റെ വിജയത്തിനായി, ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിച്ചു. ഒരു ആവലാതിയോ പരാതിയോ പരിഭവമോ മുത്തശ്ശിയമ്മ പറഞ്ഞു കേൾക്കില്ല. ക്ഷമയിൽ ഭൂമീദേവിയുടെ പര്യായം.
മൂത്തേടത്തേട്ടന്റെ ചെവീലോത്ത് ശ്രവിച്ച് മരണാസന്നനായ മുത്തശ്ശനെ പ്രദക്ഷിണം വയ്ക്കുമ്പോൾ, വിതുമ്പുന്ന മറ്റുള്ളവരോട് അരുത്, കരയരുത്, നാമം ജപിക്കൂ, ഇത് കല്യാണമരണമാണ് എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കാൻ, സ്വയം സാന്ത്വനിക്കാൻ വേറെ ആർക്ക് കഴിയും!
ജീവിതാവസ്ഥകളെക്കുറിച്ച് അത്രയേറെ അവഗാഹം,ധാരണ, ഉൾക്കാഴ്ച എന്നിവ ഉള്ളവർക്ക് മാത്രമേ ഇങ്ങിനെ പറയുവാൻ കഴിയൂ, ജീവിതത്തിൽ പകർത്തുവാനും, പകരുവാനും. അതാണ്, അതായിരുന്നു മുത്തശ്ശിയമ്മ.
എല്ലാ കാര്യങ്ങൾക്കും മുത്തശ്ശിയമ്മയ്ക്ക് ഒരു തീർച്ചയും തീരുമാനവും ഉണ്ടായിരുന്നു. എന്തുതന്നെ വന്നാലും മന:ധൈര്യത്തോടെ നേരിടുവാനുള്ള ശക്തി. അത് ഒരുപക്ഷേ രാജരക്തത്തിന്റെ മഹിമയാകാം. ഇടപ്പള്ളി രാജകുടുംബത്തിലെ മരുമകൾ കൂടിയാണല്ലോ. മക്കളോട് ആകട്ടെ, മരുമക്കളോട് ആകട്ടെ പേരക്കുട്ടികളോട് ആവട്ടെ, ആ സ്നേഹവാൽസല്യക്കുളിർ അനുസ്യൂതം, അനവരതം ചൊരിഞ്ഞിരുന്നു. ആവോളം അതു നുകരാത്തവരായി ബന്ധുമിത്രാദികളിൽ തന്നെ ആരുമില്ല എന്ന് നിസ്സംശയം പറയാം.
'അനിയൻ പോയതോടുകൂടി എന്റെ കണ്ണുനീർ വറ്റി',എന്ന് ഇടയ്ക്ക് പറയാറുണ്ട്. അഫന്റെ അകാലവേർപാട് മുത്തശ്ശിയമ്മയെ വല്ലാതെ ഉലച്ചു.
ഓർമ്മശക്തിയിൽ മുത്തശ്ശിയമ്മയെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. എല്ലാ കുടുംബാംഗങ്ങളുടെയും നാളുവരെ ഹൃദിസ്ഥം. അവസാനത്തെ ഒരാഴ്ച മുമ്പ് വരെ എല്ലാ കാര്യങ്ങളും കൃത്യമായി ഓർത്തിരുന്നു. അറിയുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. മിതഭാഷി, ആവശ്യത്തിനേ സംസാരിക്കൂ. ആധികാരികവും കാര്യമാത്രപ്രസക്തവുമായ സംഭാഷണം.
വേഗം സന്തോഷം ആവുകയും ചെയ്യും.
ഇങ്ങിനെ എത്ര എഴുതിയാലാണ് ഈ തൂലികയ്ക്ക് മതി വരിക! എഴുതുവാനും ഇനി ഏറെ. വിസ്താരഭയത്താൽ ചുരുക്കുന്നു.
അപൂർണമാണ് ഈ സ്മരണിക. ഈ വാങ്മയചിത്രം പൂർണ്ണമാക്കാൻ എനിക്ക് കഴിയുന്നില്ല.
കണ്ണുകളിൽ പതിയെ ഒരു നനവ് പടരുന്നുണ്ട്, കീബോർഡിന് ഒരു വ്യക്തതക്കുറവ്. 45 വയസ്സുവരെ ആ സ്നേഹവാൽസല്യം നുകരാൻ സാധിച്ചു. ഇനിയും വേണമെന്നാഗ്രഹിച്ചാൽ അത് അതിമോഹമാണ്. ഒളിമങ്ങാത്ത ആ ഓർമ്മകളിൽ, പുഞ്ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിൽ.. അതെന്നും അങ്ങിനെ തന്നെ ഉണ്ടായാൽ മതി..ഉണ്ടാവും 🙏.
ആ പാദങ്ങളെ മനസ്സിൽ സ്മരിച്ച് ഒരിക്കൽ കൂടി നമസ്കരിക്കട്ടെ... 🙏🙏
അനുബന്ധം.
"അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ, വേദന,
പ്രാർത്ഥന, നാമ സങ്കീർത്തനം,
നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ,
കൂട്ടുത്സവങ്ങൾ, വിതപ്പൊലിപാടുകൾ,
നാവേറുമന്ത്രം, നറുക്കില പൂവുകൾ,
നീർവീഴ്ചയാറ്റാൻ മരുന്നു കുറിപ്പുകൾ.
നാദമായ് വന്നെന്റെ നാവിലെ തേനായ്
നാഭിയിൽ സ്പന്ദിച്ചതീ ഉള്ളെഴുത്തുകൾ
ഈ ഉള്ളെഴുത്തുകൾ ഓരോന്നിനോരോ മൊഴിചന്തം
അമ്മയാം നേരിന്റെ ഈണവും, താളവും, ഇമ്പവും
അമ്മയ്ക്ക് മാത്രം തരാൻ കഴിയുന്ന വെണ്മയും
ഞാനാകും ഓർമ്മതൻ ഭൂമിയും"
പത്താംക്ലാസിൽ മുൻപ് പഠിപ്പിച്ച വി മധുസൂദനൻ നായരുടെ 'അമ്മയുടെ എഴുത്തുകൾ' എന്ന കവിത..
നിഷ്കളങ്കവും നിസ്വാർത്ഥവുമായ അമ്മമനസ്സിനെ ഇതിലും ഭംഗിയായി എങ്ങിനെ ചിത്രീകരിക്കും?
ലിങ്ക് ഇതാ...
https://youtu.be/iB_JMcBGYpI?si=fuZybfmJrXC2bLo0
ഏറെ വൈകാരിക അനുഭവങ്ങളോടെ ഹൃദയത്തിൽ തട്ടി പഠിപ്പിച്ച കവിതയുടെ ഓർമ്മകൾ മനസ്സിൽ ഇപ്പോൾ ഓളം വെട്ടുന്നു...
വാൽക്കഷണം.
2010 ലാണ്. മുത്തശ്ശിയമ്മയ്ക്ക് കലശലായ പല്ലുവേദന. ആശുപത്രിയിൽ കൊണ്ടുപോവുക എന്നുള്ളത് പ്രായോഗികമായിരുന്നില്ല. എല്ലാ ക്ലിനിക്കുകളും ഒന്നാം നിലയിലാണ്.
എന്നെ പഠിപ്പിച്ച ടീച്ചറിന്റെ മകൻ ഡോക്ടർ അനൂപ് ആശുപത്രിപ്പടിയിൽ ക്ലിനിക്ക് നടത്തുന്നുണ്ട്. എന്റെ സുഹൃത്തുമാണ്. ഞാൻ ചെന്ന് കണ്ട് വിവരം പറഞ്ഞു, ഉടനെ അദ്ദേഹം എന്റെ കൂടെ ഇല്ലത്തേക്ക് വന്നു. വളരെയധികം കേടുണ്ട്, പല്ല് എടുക്കണം എന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ക്ലിനിക്കിൽ, മുകളിലേക്ക് കയറുവാനുള്ള ബുദ്ധിമുട്ട് എല്ലാം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അതിനെന്താ ഞങ്ങൾ ഇങ്ങോട്ട് വരാമല്ലോ എന്ന്. ആന്റിബയോട്ടിക്ക്, മറ്റു മരുന്നുകൾ കഴിച്ചപ്പോൾ വേദന കുറഞ്ഞു. അഞ്ചുദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ തന്റെ സ്റ്റാഫിനോടൊപ്പം എല്ലാ അനുബന്ധ സാമഗ്രികളുമായി എന്റെ കൂടെ വന്നു. നാലുകെട്ടിലെ ചാരുകസേരയിൽ മുത്തശ്ശിയമ്മയെ കിടത്തി പല്ലെടുത്തു. രമച്ചെറിയമ്മയും ഞാനും രണ്ടു വശത്തുമായി നിന്നു. ഒരു മേശ ചേർത്തുവച്ച് ട്യൂബ് ലൈറ്റിന് താഴെ വേണ്ട വെളിച്ചം ഒരുക്കി. അരമണിക്കൂർ നിരീക്ഷിച്ചശേഷം അവർ പോയി.
വിവരങ്ങൾ അപ്പപ്പോൾ നാരായണഫനെ അറിയിക്കുന്നുണ്ടായിരുന്നു. അപ്പോൾ നാട്ടിലുണ്ടായിരുന്ന ചെറിയമ്മ ഉച്ചയ്ക്ക് എത്തും എന്നും എന്നോട് പറഞ്ഞു.
അന്ന് ഉച്ചയ്ക്ക് പ്രഭച്ചെറിയമ്മ വന്നു.രണ്ടു മണിയായിട്ടും ചെറിയ ബ്ലീഡിങ്, ചെറിയമ്മ ഡോക്ടറെ വിളിച്ചു സംസാരിച്ചു. പറഞ്ഞപോലെയൊക്കെ ചെയ്തു. ബ്ലീഡിങ് നിന്നു. വൈകുന്നേരം ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി എന്റെ കൂടെ ഡോക്ടർ വീണ്ടും വന്നു. ചെറിയമ്മയുമായി കാര്യങ്ങൾ സംസാരിച്ചു. ആശ്വാസമായി എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് അദ്ദേഹം പോയത്.
പിറ്റേന്ന് ഞാൻ അദ്ദേഹത്തെ ക്ലിനിക്കിൽ പോയി കണ്ടു. അദ്ദേഹത്തിന്റെ 15 വർഷത്തെ സർവീസിൽ ആദ്യമായാണ് ഒരു വീട്ടിൽ പോയി പല്ലെടുക്കുന്നത്. അതിന് നിയമം ഇല്ലത്രെ. ആരും അങ്ങിനെ ചെയ്യാറില്ല. മുത്തശ്ശിയമ്മ എന്ന് തന്നെയാണ് അദ്ദേഹവും വിളിച്ചിരുന്നത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവും നമ്മെ വിട്ടുപിരിഞ്ഞു.
അക്കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു ഉൾക്കിടിലം....
ശ്രീരാം മംഗലസ്.
🙏🏻
ReplyDeleteഇയ്യെടമ്മേടെ ഐശ്വര്യവും തറവാടിത്തം നിറഞ്ഞ മുഖവും കണ്ടാൽ തന്നെ മനസ്സ് നിറയും. ..മിടുമിടുക്കരായ പത്തു മക്കളെ പ്രസവിച്ച മഹാ ഭാഗ്യശാലിയായ അമ്മ ❤️❤️
ReplyDelete