വെള്ളൂരെ വാഴക്കുല.

ശങ്കരൻ നായർ വന്നിട്ട് അധികമായിട്ടില്ല.
 വണ്ടിയുമായി അമ്പലങ്ങളിൽ പോവുക, സാധനങ്ങൾ വാങ്ങുവാൻ പോവുക, അങ്ങനെ മുത്തശ്ശന്റെ സഹായിയായി, സന്തതസഹചാരി ആയ സമയം. നാട്ടുകാർ സ്നേഹപൂർവ്വം അമ്മാവൻ എന്ന് വിളിച്ചപ്പോൾ ഞങ്ങൾ കുട്ടികൾക്ക് അങ്കിളായി. അങ്ങനെ പതിയെ പതിയെ അദ്ദേഹം രാമമംഗലത്ത്കാരനായി മാറുകയായിരുന്നു. നടക്കുന്ന വഴി എല്ലാവരോടും ക്ഷേമാന്വേഷണം നടത്തും.

 ഓണക്കാലത്താണ് ഒരു ശനിയാഴ്ച.
മുത്തശ്ശിയമ്മയും വാച്ചപ്പനും തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ വരുന്നു.വെള്ളൂരാണ് വണ്ടി ഇറങ്ങുന്നത്. കാറും അങ്കിളുമായി പോയി അവരെ കൂട്ടി കൊണ്ടുവരേണ്ട ചുമതല എനിക്കാണ്. വെള്ളൂര് ട്രെയിൻ വരുന്ന സമയവും എല്ലാം വാച്ചപ്പൻ തലേന്ന് വിളിച്ചുപറഞ്ഞു. ട്രെയിൻ വരുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് ഞങ്ങൾ സ്റ്റേഷനിൽ എത്തി കാത്തിരുന്നു.

 അന്ന് വലിയ തിരക്കുള്ള സ്റ്റേഷൻ ഒന്നുമല്ല.സ്റ്റേഷൻ മാസ്റ്ററോട് ഒന്നും രണ്ടും സംസാരിച്ചിരിക്കവെ, പ്രസ്തുത തീവണ്ടി ഒരു മണിക്കൂറിൽ ഏറെ വൈകും എന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ ശരി വെള്ളം എന്തെങ്കിലും കുടിക്കാം എന്ന് കരുതി ഞങ്ങൾ പുറത്ത് ചായക്കടയിലേക്ക് നടന്നു. ചായ കുടിച്ചിരിക്കവേ കടയുടെ ഉടമസ്ഥനുമായി അങ്കിളിന്റെ കുശലാന്വേഷണം. ഒന്നാന്തരം രണ്ടുമൂന്ന് നേന്ത്രപ്പഴകുലകൾ അവിടെ കെട്ടി തൂക്കിയിട്ടിരിക്കുന്നു. ഇത് എവിടെ നിന്ന് വാങ്ങിയതാണ് ആരാണ് കൃഷി ചെയ്യുന്നത് എന്നൊക്കെയായി അന്വേഷണം. തൊട്ടടുത്തുള്ള കൈമൾ ആണ് ഇതിന്റെ ഉടമ എന്നും വേണമെങ്കിൽ വീട്ടിൽ ചെന്നാൽ കിട്ടും എന്നും  കടക്കാരൻ പറഞ്ഞു.

 അങ്കിളിന് ഇത് കേട്ടപ്പോൾ ഒരു മോഹം. ഒന്നൊന്നര മണിക്കൂർ സമയം ഏതായാലും ഉണ്ട് വീട് അന്വേഷിച്ചു പോയി കളയാം എന്നായി. ഞങ്ങൾ വീട്ടുപേരും എല്ലാം സംഘടിപ്പിച്ച്‌ 
വീട് അന്വേഷിച്ചു നടപ്പായി. നാട്ടും പ്രദേശമല്ലേ അടുത്ത് എന്ന് പറഞ്ഞെങ്കിലും ചുരുങ്ങിയത് ഒരു കിലോമീറ്റർ ഉണ്ടാകും. ഒരു കുന്ന് കയറിയിറങ്ങി ഒരു തോട് കടന്ന് ഒരു പാടം കടന്നാൽ വീടായി.

 ഒടുവിൽ കൈമളിന്റെ വീട് കണ്ടെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. മുണ്ടുടുത്ത ചന്ദനക്കുറിയിട്ട രണ്ടുപേരെ കണ്ടപ്പോൾ
ആഗതരെ പൂമുഖത്ത് കയറ്റി ഇരുത്തി. സംസാരിച്ചിരിക്കവേ സംസാരത്തിന് പ്രത്യേക ഒരു തലവും മാനവും കൈവന്നു. കൈമളിന്റെ മരുമകളെ കല്യാണം കഴിച്ച ആൾ പെരുമ്പാവൂര് വക്കീൽ ഗുമസ്തനാണ്.
അങ്കിൾ ആണെങ്കിൽ കുറച്ചുകാലം പ്രസ്തുത വക്കീലിന്റെ വാഹനം ഓടിച്ചിട്ടുണ്ട് താനും.

 പിന്നീട് 10 മിനിറ്റ് അവിടെ നടന്ന കാര്യങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു. കൈമളിന്റെ പത്നി വേഗം പശുവിനെ കറക്കാൻ ഓടി. മകൻ നാളികേരം പൊതിക്കാനും. മകൾ ഇല മുറിക്കാനും.
 എന്തിനേറെ പറയുന്നു അപ്പോൾ കറന്ന പശുവിന്റെ പാൽ കൊണ്ട് ഉണ്ടാക്കിയ ചൂടുചായയും, അവൽ നനച്ചതും
 പാളയംകോടൻ പഴവും തയ്യാർ. അതിഥി സൽക്കാരപ്രിയനായ കൈമളിന്റെ മുന്നിൽ ഞങ്ങൾ ഇരുവരും. ആ സ്നേഹത്തെ എങ്ങനെ തിരസ്കരിക്കും! നാട്ടിൻപുറം നന്മകളാൽ സമൃദ്ധം!

 സൽക്കാരപ്രിയൻ മാത്രമായിരുന്നില്ല കൈമൾ സംസാരപ്രിയനുമായിരുന്നു.
ഇടയ്ക്ക് ഞാൻ അങ്കിളിനെ തോണ്ടും, അതെയ്  നമുക്ക് പോവണ്ടേ, ട്രെയിൻ വരാറായി എന്ന് തോന്നണേ. ഇത് കേൾക്കുന്നതും കൈമൾ വിഷയത്തെ മാറ്റി പിടിക്കും. അടുത്തിടെ കുറുപ്പന്തറ ചന്തയിൽ നിന്ന് വാങ്ങിയ കടിഞ്ഞൂൽ പെറ്റ, 7 ലിറ്റർ പാൽ കറക്കുന്ന കാമധേനുവിന്റെ ഗുണഗണങ്ങൾ വർണ്ണിക്കവേ ആ നാട്ടിൻ പുറത്തുകാരൻ കർഷകന്റെ ഹൃദയ നൈർമല്യവും ആത്മസംതൃപ്തിയും ഞങ്ങൾ അടുത്തറിയുകയായിരുന്നു.

 മകൾക്ക് കൊടുക്കണം എന്ന് കരുതി നിർത്തിയിരുന്ന രണ്ടു കുലകളിൽ ഒന്ന് അതിവേഗം വെട്ടി ഞങ്ങൾക്കായി തയ്യാറാക്കുന്നു. കടയിൽ കിലോ 8 രൂപയ്ക്ക് കൊടുക്കുന്ന കായ അങ്കിളിന് ആറു രൂപയ്ക്കാണ് കൊടുത്തത്. 15 കിലോക്ക് 12 കിലോയുടെ തൂക്കമേ കൈമൾ കണക്കാക്കിയുള്ളൂ. നല്ല ഉരുണ്ട് തുടുത്ത, മൂത്ത നല്ല നാടൻ നേന്ത്രക്കായ. വറുക്കാനോ പഴുപ്പിച്ചാൽ പഴം നുറുക്കിനോ  ഒന്നിനൊന്നു മെച്ചം.
സത്യം പറയാമല്ലോ, അതിലും മെച്ചപ്പെട്ട ഒരു കായ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്.
ഞാൻ ഇന്നേവരെ കണ്ടിട്ടുമില്ല.

 ഞങ്ങൾ അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി. എങ്ങനെയാണ് ഈ കുല കാർ വരെ ചുമന്ന് എത്തിച്ചത് എന്ന് ഞങ്ങൾ രണ്ടുപേർക്കുമേ അറിയൂ. തോടിനു പുറകെ ചെറിയൊരു പാലം ഉണ്ട്. ഭാഗ്യം കൊണ്ട് അപ്പോൾ രണ്ടാമതൊരു കുളി തരായില്ല.
തിരിച്ച് സ്റ്റേഷനിൽ വന്നപ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ചു വശംകെട്ടിരുന്നു.
ഭാഗ്യവശാൽ ട്രെയിൻ വരാൻ 10 മിനിറ്റ് വീണ്ടും ഉണ്ടായിരുന്നു.
നോക്കണേ, ഈ 10 മിനിറ്റ് കൊണ്ട് അങ്കിൾ ആദ്യത്തെ ചായക്കടക്കാരന്റെ അടുത്ത് പോയി ഉണ്ടായ കാര്യങ്ങളും വിശേഷങ്ങളും കുല കിട്ടിയ കഥയും എല്ലാം സവിസ്തരം പറഞ്ഞു കേൾപ്പിച്ച് ട്രെയിൻ വന്നപ്പോഴേക്കും തിരിച്ചെത്തുകയുണ്ടായി.

അനുബന്ധം.

 ഹൃദയസംബന്ധമായി പെട്ടെന്ന് ഉണ്ടായ അസുഖങ്ങൾ മൂലം കുറച്ചു വർഷങ്ങൾക്കു മുമ്പ് അങ്കിൾ നമ്മെ വിട്ടുപിരിഞ്ഞു. അപ്പോൾ തന്നെ വല്യഫനും  ഞാനും പാങ്കോട് ഉള്ള  വസതിയിൽ ചെന്നിരുന്നു, ആ സമയത്ത് വേണ്ടതായ കാര്യങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.

 ഒരിക്കൽകൂടി അങ്കിളിന് പ്രണാമം 🙏



Comments

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.