പത്തുരൂപയുടെ മൂല്യം, പത്മനാഭൻ സാറിന്റെയും..

മദിരാശിയിൽ നിന്നും കുഞ്ഞപ്പൻ എനിക്ക് ട്രെയിൻ മുഖാന്തിരം സൈക്കിൾ അയച്ച് തന്നതായി മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട ചെറിയൊരു അനുഭവമാണ് ഇവിടെ കുറിക്കുന്നത്.

 സമപ്രായക്കാർക്കെല്ലാം സൈക്കിൾ ഉണ്ട്. കടയിൽ പോകുന്നത്, സ്കൂളിൽ പോകുന്നത്, ക്ഷേത്രത്തിൽ പോകുന്നത് എല്ലാം സൈക്കിളിൽ.
 ഇനി എങ്ങോട്ടും പോകുന്നില്ല എങ്കിൽ തന്നെ വെറുതെ ഒരു കറക്കം ദേശത്തിലെ  നാട്ടുവഴികളിലൂടെ..
അതും അവരുടെ ഒരു ശീലമാണ്. ഡൈനാമോ കറക്കി ലൈറ്റ് ഇട്ട് ഓടിക്കുവാനുള്ള മോഹം കൊണ്ട് വൈകുന്നേരം അഞ്ചര കഴിയുമ്പോൾ അമ്പലത്തിൽ പോയി അവിടെ ഇരുന്ന് 
 ദീപാരാധന  കഴിയുമ്പോൾ തിരികെ വരുന്ന ഒരു കൂട്ടുകാരനും കൂടി എനിക്കുണ്ട്. സൈക്കിളുമായി ബന്ധപ്പെട്ട അവരുടെ വീരേതിഹാസങ്ങൾ എല്ലാം സശ്രദ്ധം ശ്രവിച്ചു മാനം നോക്കി, അന്തം വിട്ട് നിൽക്കുകയായിരുന്നു കുറച്ചുനാൾ.
 മോഹക്കുതിരയെ മെരുക്കുവാനുള്ള കടിഞ്ഞാൺ പണിയാൻ ആത്മബലം വേണമെന്ന് നിനച്ച നാളുകൾ..

 അച്ഛന്റെ സാമ്പത്തിക പരാധീനതയെ കുറിച്ച് അറിയാവുന്ന ഞാൻ, ഒരു സൈക്കിൾ വേണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും പുറമേ കാണിച്ചില്ല, നടിച്ചില്ല. അതിലും പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾ നടക്കുവാൻ ഉണ്ടായിരുന്നു.

 ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രജിസ്ട്രേഡ് കത്ത് എന്റെ പേരിൽ വന്നപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി. ബുധനാഴ്ച കുഞ്ഞപ്പൻ അവിടെ നിന്നും ട്രെയിനിൽ പാർസൽ കയറ്റി അയച്ചിട്ട് അതിന്റെ രസീത് എനിക്ക് അയച്ചു തന്നതാണ് ഒരു കത്തിനോടൊപ്പം. ഈ രസീതുമായി എറണാകുളത്ത് സ്റ്റേഷനിൽ ചെന്നാൽ സൈക്കിൾ കൈപ്പറ്റാം. കത്ത് വായിച്ച് ഞാൻ തുള്ളിച്ചാടി. ഞാനും ഒരു സൈക്കിൾ ഉടമയാകാൻ പോകുന്നു. എനിക്കും ചിറകുകൾ മുളയ്ക്കുന്നു. എന്റെ സൈക്കിളിന്റെ മണിയടിയും ഈ വീഥികളിൽ മുഴങ്ങും. എല്ലാവരുടെയും സൈക്കിൾ വച്ചിരിക്കുന്ന ഏരിയയിൽ എന്റെ സൈക്കിളും പാർക്ക് ചെയ്യും. സ്വപ്നങ്ങൾ ഞാൻ സ്വരുക്കൂട്ടി.

 പിറ്റേന്ന് ഞായറാഴ്ചയാണ്, തിങ്കളാഴ്ച എറണാകുളത്തേക്ക് പോകാൻ നിശ്ചയിച്ചു. ആത്മസുഹൃത്തായ വാര്യത്തെ ശ്രീ കൂടെ വരാമെന്നും മറ്റൊരു സുഹൃത്തായ കണിപ്പിള്ളിലെ അനിൽ അവിടെ നിന്ന് ചവിട്ടി രാമമംഗലം വരെ എത്തിക്കാം എന്നും സമ്മതിച്ചു. ശ്രീ അങ്ങനെയാണ്. എല്ലാ കാര്യത്തിലും ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആലോചിക്കും.
 എന്തിനും ഒരു തീർച്ചയും തീരുമാനവും ഉണ്ടാവുകയും ഉണ്ടാക്കുകയും ചെയ്യും. വേൾപൂളിൽ ഉദ്യോഗസ്ഥനായ ശ്രീ ഇന്നും അങ്ങിനെ തന്നെ. സ്നേഹബന്ധത്തിന് ഒരു കുറവുമില്ല, കൂടിയിട്ടേയുള്ളൂ.

 എറണാകുളം ദർബാർഹാളിനടുത്ത കുളപ്പുര മാളികയിലേക്ക് ഒറ്റയ്ക്ക് പോയി ശീലമുണ്ട് ബസ്സിൽ. ലക്ഷ്മി ഹോസ്പിറ്റലിൽ മുത്തശ്ശിയമ്മയുടെ ഹെർണിയ സർജറി കഴിഞ്ഞ സമയം, അവിടെയായിരുന്നു ക്യാമ്പ്. ആവശ്യാനുസരണം രാമമംഗലത്ത് നിന്ന് സാധനങ്ങൾ എത്തിക്കുന്ന ചുമതല എനിക്കായിരുന്നു. മതിലിന് മുകളിൽ നിരനിരയായി വെളുത്ത മൊട്ടുകൾ അതായിരുന്നു അന്ന് കണ്ടു വച്ചിരുന്ന അടയാളം.ഈശ്വരാധീനം,അഫൻമാരുടെ ഭാഷയിൽ പറഞ്ഞാൽ 'പൊടി ചെലവായില്ല'.(മയക്കുപൊടി എന്ന് വ്യംഗ്യം)

 ആശുപത്രിപ്പടിയിൽ അന്ന്  മങ്ങച്ചാലിൽ സൈക്കിൾ എംപോറിയം എന്ന ഒരു കടയുണ്ട്. സോഡാ വ്യവസായം നടത്തിയിരുന്ന സാബുവായിരുന്നു അതിന്റെ ഉടമ. ഇല്ലത്തേക്ക് നടന്നു പോകുന്ന സമയത്ത്, സാബു സോഡാ ഉണ്ടാക്കുന്ന സമയമാണെങ്കിൽ അവിടെ കയറും. ചിലപ്പോൾ ഒരെണ്ണം കുടിക്കാനും തരാവും. സ്നേഹപൂർവ്വം നാട്ടുകാർ സാബുവിനെ പിതാവ് എന്നാണ് വിളിക്കുന്നത്. സൈക്കിൾ വരുന്ന കാര്യം സാബുവിനോട് പറഞ്ഞു. അതിൽ പിടിപ്പിക്കാൻ സാധിക്കുന്ന എക്സ്ട്രാ ഫിറ്റിങ്ങുകളുടെ ഒരു എസ്റ്റിമേറ്റ് എടുത്തു. അറിഞ്ഞിരിക്കാമല്ലോ വില.
ഇന്ന് സാബു നമ്മോടൊപ്പം ഇല്ല.

 മാസാവസാനമാണ്, അച്ഛന്റെ കയ്യിൽ അന്ന് 70 രൂപയേ ഉള്ളൂ. അതുമായി ഞങ്ങൾ മൂന്നു പേർ എറണാകുളത്തിന് പുറപ്പെട്ടു. രാവിലെ 7:30 മണിക്ക് മൂവാറ്റുപുഴയിൽ നിന്നും മരട്ടിത്തല വഴി വരുന്ന ഒരു എറണാകുളം ട്രാൻസ്പോർട്ട് ഉണ്ട്.ഇല്ലത്തെ താഴത്ത് കൂടിയാണ്. എറണാകുളത്ത് പേപ്പർ വാലുവേഷന്  പോകുമ്പോൾ വല്യഫൻ നിരന്തരം അതിലാണ് പോകാറ്. ട്രാൻസ്പോർട്ടിൽ കയറാൻ ഉത്സാഹം എന്താണെന്ന് വെച്ചാൽ അതിന്റെ മുൻവശം പുരുഷന്മാർക്കായി സംവരണം ചെയ്തിരിക്കുന്നു. 180 ഡിഗ്രി കാഴ്ചകളാണ് മുൻപിൽ ഇരുന്നാൽ ലഭിക്കുക. ഡ്രൈവർ വളവുകൾ വീശി എടുക്കുന്നതും, ക്ടിം എന്ന ശബ്ദത്തോടെ ഗിയർ മാറിമാറി ഇടുന്നതും കണ്ടിരിക്കാൻ തന്നെ ഒരു ചന്തമാണ്.

 അന്ന് വൈറ്റില കഴിഞ്ഞാലേ റോഡിൽ തിരക്കുള്ളൂ, എംജി റോഡിൽ കയറിയാലേ ബ്ലോക്ക് ഉള്ളൂ. ഇന്നോ, ചൂണ്ടി കഴിഞ്ഞാൽ തന്നെ തിരക്കാണ്, തിരുവാങ്കുളം എത്തുന്നതിനു മുമ്പേ ബ്ലോക്ക് തുടങ്ങുകയും ചെയ്യും. 8:45ന് സൗത്തിൽ ഇറങ്ങി. സൈക്കിൾ ലഭിക്കുന്ന സന്തോഷത്തിൽ വുഡ്ലാൻസിൽ കയറി മൂന്നുപേരും പൂരി മസാല കഴിച്ചു. കൃത്യം ഒമ്പതരയ്ക്ക് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഡെലിവറി കൗണ്ടറിൽ ഞങ്ങൾ ഹാജർ. രസീത് ഹാജരാക്കി കാത്തു നിന്നു. സൈക്കിൾ സ്വീകരിക്കാൻ സജ്ജനായി നിന്ന എന്നെ അവരുടെ വാക്കുകൾ ഞെട്ടിച്ചു.സൈക്കിൾ വ്യാഴാഴ്ച തന്നെ സ്റ്റേഷനിൽ എത്തിയിരുന്നു.
ഡെലിവറി എടുക്കാൻ നാല് ദിവസം വൈകിയത്കൊണ്ട് 50 രൂപ ഫൈൻ അടയ്ക്കണമത്രേ. എന്റെ കയ്യിൽ ബാക്കി 50 രൂപയേ ഉള്ളൂ, രണ്ടുപേർക്ക് തിരികെ നാട്ടിലെത്തുകയും വേണം. എന്തു ചെയ്യും, ഞങ്ങൾ ആലോചിച്ചു.

 ഞാൻ കൗണ്ടറിലെ ക്ലർക്കിനോട് സത്യാവസ്ഥ അറിയിച്ചു. അവിടെനിന്നും പാർസൽ അയച്ചാൽ അല്ലേ അതിന്റെ രസീത് കിട്ടൂ എന്നും ആ രസീത്  അയച്ച് എനിക്ക് ഇവിടെ കിട്ടിയാൽ മാത്രമല്ലേ ഇതുമായി വരാൻ പറ്റൂ എന്നും ഉള്ള എന്റെ വാദത്തിന്റെ ന്യായം അവരെ ചിന്തിപ്പിച്ചിട്ടുണ്ടാകണം. ഞങ്ങൾക്ക് ഇതേ ചെയ്യുവാൻ കഴിയൂ തൊട്ടപ്പുറത്തെ ബിൽഡിങ്ങിൽ ഡിവിഷണൽ മാനേജർ ഉണ്ട് അദ്ദേഹത്തിനേ ഈ തുക കുറയ്ക്കുവാൻ അധികാരം ഉള്ളൂ എന്നും അവർ അറിയിച്ചു. ആരെ കാണുവാനും സംസാരിക്കുവാനും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ ഞാൻ തയ്യാറായിരുന്നു.

 അനിൽ സ്റ്റേഷനിൽ തുടർന്നു. ഞാനും ശ്രീയും തൊട്ടപ്പുറത്തെ വലിയ നാലു നില കെട്ടിടം  ലക്ഷ്യമാക്കി നടന്നു. റിസപ്ഷനിൽ ചെന്ന് രസീത് കാണിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. അവർ ഒരു വെള്ള കടലാസ് എനിക്ക് തന്ന്  അപേക്ഷ എഴുതാൻ പറഞ്ഞു. അപേക്ഷയും നിവേദനവും എഴുതി തഴക്കവും പഴക്കവും ഉണ്ടായിരുന്ന ഞാൻ നിഷ്പ്രയാസം അതെഴുതി. എസ് കെ പൊറ്റെക്കാടിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, അല്പം 'സരസ്വതീവിലാസവും' മനോധർമ്മവും അതിൽ ഉണ്ടായിരുന്നു താനും.

ഒരാളെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ എന്ന് പറ ഞ്ഞതിനാൽ ശ്രീ റിസപ്ഷനിൽ ഇരുന്നു.നാല് സ്ഥലങ്ങളിൽ ആഗമന ഉദ്ദേശ്യം വെളിപ്പെടുത്തിയിട്ടേ എനിക്ക് അദ്ദേഹത്തെ കാണുവാൻ സാധിച്ചുള്ളൂ. തൊഴുത് നിവേദനം സമർപ്പിച്ച മുണ്ടുടുത്ത, മീശ മുളക്കാത്ത, ചുളുങ്ങിയ ഷർട്ടിട്ട ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ  ബാലനെ, പത്മനാഭൻ എന്ന ആ റയിൽവേ മേഖലാമേധാവി അടിമുടി നോക്കി. നിവേദനം വായിച്ച  അദ്ദേഹം എന്നെ നോക്കി, 'ഞാൻ എന്താണ് വേണ്ടത്' എന്ന് സഗൗരവം  ചോദിച്ചു. ഒരു ശീതീകരിച്ച മുറിയിൽ ആദ്യമായാണ് ഞാൻ കയറുന്നത്,മിനുസമുള്ള കാർപെറ്റിൽ ചവിട്ടുന്നതും  ഇതുപോലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മുൻപിൽ നിൽക്കുന്നതും. പോയ കാര്യം നടക്കുമോ എന്ന ശങ്ക വേറെയും, നടന്നില്ലെങ്കിൽ ഇനി എന്തു ചെയ്യും എന്ന ചിന്തയും. തല കറങ്ങുന്നത് പോലെ തോന്നി. എവിടെ നിന്നോ അല്പധൈര്യം അപ്പോൾ കൂട്ടായെത്തിയത് ഞാനറിഞ്ഞു.

 കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ഒടുവിൽ അറിഞ്ഞോ അറിയാതെയോ മുഴുവൻ പണവും അടച്ചാൽ ഇല്ലത്തെത്തുന്നതിന് വേറെ മാർഗ്ഗമില്ല എന്നും പറഞ്ഞൊപ്പിച്ചു .'ഇല്ലത്തെ ഉണ്ണി' ആണോ ഇവിടെ വരൂ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ വലത് വശം  ചേർത്തു നിർത്തി. ഗൗരവം അലിഞ്ഞ് ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വന്നോ എന്ന് സംശയം. ഇപ്പോൾ എല്ലാ കാര്യങ്ങളും ശരിയാക്കാം എന്നു പറഞ്ഞ് അദ്ദേഹം പച്ചമഷി കൊണ്ട് ആ അപേക്ഷയിൽ ഫൈൻ തുക പത്തുരൂപയായി കുറച്ചുകൊണ്ട് എഴുതി ഒപ്പിട്ടു തന്നു. എന്നിട്ട് പറഞ്ഞു വേഗം ചെന്നോളൂ, താഴെ റിസപ്ഷനിൽ പറഞ്ഞാൽ സീൽ വച്ച് തരും അതുമായി പത്തു രൂപ അടച്ച് സൈക്കിൾ കൈപ്പറ്റിക്കോളൂ. 'സൂക്ഷിച്ചു പോകണം കേട്ടോ' എന്നുള്ള ഒരുപദേശവും.കൂടാതെ അദ്ദേഹം മേശ തുറന്ന് ഒരു ചോക്ലേറ്റ് കൂടി എനിക്ക് സമ്മാനിച്ചു. സത്യം പറയട്ടെ, അത്രയും മികച്ചത് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല, കഴിച്ചിട്ടും.
 എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല, അദ്ദേഹത്തെ ഒരിക്കൽ കൂടി താണു തൊഴുതു കൊണ്ട് റിസപ്ഷനിലേക്ക് പാഞ്ഞു. പത്തുരൂപ അടച്ച് സൈക്കിൾ കൈപ്പറ്റുമ്പോൾ എനിക്കുണ്ടായ അഭിമാനം, സന്തോഷം, ആനന്ദം കേവലം വാക്കുകളിൽ ഒതുക്കുവാൻ സാധിക്കുകയില്ല.മിഴികൾ പതിയെ ഈറനായത് ആരും കാണാതെ മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ചു.

അനിൽ സൈക്കിളുമായി പോന്നു.ഞാനും ശ്രീയും കല്യാണി ബസ് കിട്ടുമോ എന്ന് ചിന്തിച്ച് സൗത്ത് സ്റ്റോപ്പിലേക്ക്  അതിവേഗം നടന്നു.

 'ഖസാക്കിന്റെ ഇതിഹാസ'കാരന്റെ വാക്കുകളിൽക്കൂടി  പറഞ്ഞാൽ 
പിറ്റേന്ന്, മങ്ങച്ചാലിലെ സൈക്കിൾ കടയിൽ രണ്ട് റിമ്മിന്റെയും നടുക്ക് പൂവൊക്കെ ചാർത്തി, ബ്രേക്കിന് നിറമുള്ള കവറൊക്കെ ഇട്ട്, പുതിയ സീറ്റ് കവറുമായി, അമർത്തുമ്പോൾ പീപീ എന്ന് കേൾക്കുന്ന കൊച്ചു ഹോണൊക്കെ വച്ച് അണിഞ്ഞൊരുങ്ങി നിന്ന സൈക്കിളുകളിൽ ഒന്ന് ഇതായിരുന്നു, കുഞ്ഞപ്പൻ തന്നതായിരുന്നു.🥰

 വാൽക്കഷണം.

 അക്കാലത്ത് 10 രൂപയ്ക്ക് രാമമംഗലത്ത് നിന്നും കോട്ടയം പോയി വരാം. നാരായണഫൻ താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്ത് ഗാന്ധിനഗറിലെ ചെമ്മനംപടിയിൽ(ലാവണ്യ)നിന്നും നാലര രൂപയാണ് 'ഗ്രാസ്യ' ബസ്സിന് ഇല്ലത്തേക്കുള്ള ചാർജ്.

                      
ശ്രീരാം മംഗലസ് 
-----------------------------------------------
 
അനുബന്ധം...

 ഇല്ലത്ത് വന്ന് ഞാൻ ഈ കഥ അച്ഛനോടും മുത്തശ്ശനോടും പറഞ്ഞു.. 'എന്നാലും നിനക്ക് എങ്ങിനെ ഇത്ര ധൈര്യം കിട്ടി' എന്ന ചോദ്യം സൈക്കിളിന്റെ മണിയടി ശബ്ദത്തിൽ അലിഞ്ഞു ചേർന്നു.
ഓരോ നാണയവും വിലയേറിയതാണെന്നും അതിന്റെ മഹിമയും, മൂല്യവും, വലിയ അളവിൽ ഉള്ളതാണ് എന്നും ഉള്ള യാഥാർഥ്യം എന്നിലേക്ക് പകർന്നത്  വേറെയാരുമല്ലല്ലോ!

പുഴമീനിന് നീന്തൽകോച്ചിങ്ങോ!



Comments

Post a Comment

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.