പ്രവാസജീവിതസ്മരണകൾ...

 ആമുഖം 

 പ്രിയപ്പെട്ട നാരായണഫൻ  മൺമറഞ്ഞിട്ട് ഇന്ന് 10 വർഷം പൂർത്തിയാകുന്നു. കണ്ടങ്കാവ്, പെരുംതൃക്കോവിൽ,മാമ്മലശ്ശേരി ക്ഷേത്രങ്ങൾ തുടങ്ങി എല്ലായിടത്തും 
അഫനെ ഓർക്കുവാൻ പാകത്തിന് അവിടെ ചെല്ലുമ്പോൾ കാര്യമായ,കാതലായ എന്തെങ്കിലും ഉണ്ടാകും.ഒന്നാം ശ്രാദ്ധവേളയിൽ, ഭാഗവതത്തിലെ ഒരു കഥാസന്ദർഭവുമായി ബന്ധിപ്പിച്ച് കവിത എഴുതിയതോർക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ആ വരികൾ എവിടെയോ അലിഞ്ഞുചേർന്നിരിക്കുന്നു. അല്ലെങ്കിലും അങ്ങിനെയാണ്. ബാല്യ, കൗമാര,യൗവനകാലത്തെ കാഴ്ചയ്ക്ക് തെളിച്ചം കൂടും, മിഴിവും. കാലങ്ങൾ പോകവേ അത് നേർത്തു വരും.

 'അനുഭവഗാഥ'യുടെ ഈ എപ്പിസോഡ് 
 പ്രിയപ്പെട്ട അഫനെക്കുറിച്ചുള്ള ഒരു 'സ്മരണിക' കൂടിയാണ്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിൽ... സാദരപ്രണാമം. 🙏🙏🙏
-------------------------------------------------------------------
'സദിക്, താൽ താൽ, വെൻ തസ്രിയ, മാഫി.. ഇന്ത ജദീദ്... സബർ ഷോയ്യ, മന്ദൂ പ് ഈജി അലഹീൻ' ഭാഷയും ദേശവും മനസ്സിലാകാതെ കുവൈറ്റിലെ ശുയ്‌ബ വ്യവസായ മേഖലയിലെ പട്ടാള സുരക്ഷയുള്ള പ്രവേശന കവാടത്തിൽ ഞാൻ നിൽക്കുമ്പോൾ, തോക്കേന്തിയ കുവൈറ്റി പട്ടാളക്കാരൻ തോളത്ത് തട്ടി ഇങ്ങനെ ചോദിച്ചു. അതിന്റെ ഉള്ളിലേക്ക് കടക്കുവാൻ പ്രത്യേക അനുമതി വേണം. കാത്തിരിക്കൂ,പുതിയ ആൾ ആയതുകൊണ്ട് താമസമുണ്ട്, ആൾ ഉടനടി വരും എന്നാണ് അറബിയിൽ എന്നോട് പറഞ്ഞത്. അന്ധാളിപ്പിൽ എനിക്കൊന്നും മനസ്സിലായില്ല. പേടിക്കേണ്ടതായി ഒന്നുമില്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാഷയിൽ നിന്നും മനസ്സിലാക്കിയ ഞാൻ ആശ്വാസം കൊണ്ടു.

1995 ജൂണിലാണ് ഞാൻ കുവൈറ്റിൽ വിമാനം ഇറങ്ങുന്നത്. താഴെ നീലക്കടലും, അത് കഴിഞ്ഞു വന്ന അംബരചുംബികളായ കെട്ടിടങ്ങളും മണലാരണ്യവും,  എന്നിൽ വിസ്മയം നിറച്ചു എന്ന് പറയേണ്ടതില്ലല്ലോ. വിമാനത്തിൽ നിന്നും ഇറങ്ങുന്ന എയ്റോബ്രിഡ്ജ് തുടങ്ങുന്ന സ്ഥലത്ത് തന്നെ എന്നെ കൂട്ടിക്കൊണ്ടുപോകുവാനായി പ്രിയപ്പെട്ട നാരായണഫൻ വന്നു നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഒരു കുവൈറ്റിയും.
 സാധാരണയായി ആർക്കും കടന്നു വരാൻ ഏറെ സുരക്ഷയുള്ള ആ മേഖലയിൽ പറ്റാറില്ല.അഫൻ 
 'കുവൈറ്റിലേക്ക് സ്വാഗതം' എന്നു പറഞ്ഞ് എന്നെ ആശ്ലേഷിച്ചു, ചേർത്ത് പിടിച്ചു.

കമ്പനിയിലെ കടലാസുകൾ ശരിയാകുന്നതുവരെ രണ്ടുദിവസം അഫന്റെ സാൽമിയയിൽ ഉള്ള വീട്ടിൽ താമസിച്ചു. ചെറിയമ്മയും മറ്റെല്ലാവരുമായി നാട്ടുവിശേഷങ്ങൾ പങ്കുവെച്ചു. കൊച്ചപ്പനും അവിടെ ഉണ്ട്. 
സജിതയും ശിവറാമും സ്കൂളിൽ പഠിക്കുന്നു. കുഞ്ഞപ്പനും, ചെറിയമ്മയും, മാളുവും, രാമേന്ദ്രേട്ടനും പിന്നീടാണ് വന്നത്.അമ്മുവും,ശ്രീക്കുട്ടിയും, ചെറിയമ്മയും തൃശ്ശൂർ ആണപ്പോൾ. വിഷ്ണുക്കുട്ടൻ ജനിച്ചിട്ടില്ല.
ഞാൻ പോന്നതിനുശേഷമാണ് ജയറാം അവിടെ എത്തിയത്.

 മാസത്തിൽ ഒരു വെള്ളിയാഴ്ച എന്തായാലും അഫന്റെ വീട്ടിൽ പോകും.
 അന്ന് എല്ലാവരും ഒരുമിച്ച് ഒത്തുകൂടി കളിതമാശകളുമായി ചെലവഴിക്കും.വേണ്ടിവന്നാൽ 
അൻപതോ അതിലധികമോ പേർക്ക്, വെറും രണ്ടുമണിക്കൂറിനുള്ളിൽ ഭക്ഷണം തയ്യാറാക്കാനുള്ള പ്രഭച്ചെറിയമ്മയുടെ കഴിവ് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.താമസസ്ഥലത്തെ സ്ഥിരമായ ഭക്ഷണം കഴിച്ചു മടുത്ത എനിക്ക് മാസത്തിലൊരിക്കൽ ലഭിക്കുന്ന ചെറിയമ്മയുടെ കൈപ്പുണ്യം  ആശ്വാസവും അനുഗ്രഹവും ആയിരുന്നു.

 അഫന്റെ സുഹൃത്തായ എഞ്ചിനീയർ നാഗഭൂഷണം  ആയിരുന്നു 'ഇസ്കൊ' എന്ന ഞാൻ ജോലി ചെയ്ത കമ്പനിയിലെ ഓപ്പറേഷൻസ് വിഭാഗം മേധാവി. മെക്കാനിക്കൽ,ഇലക്ട്രിക്കൽ, ഇൻസുലേഷൻ,സ്കഫോൾഡിങ്, ഇൻസ്ട്രുമെന്റേഷൻ,ഡൈവിങ്,    തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആയി കമ്പനിക്ക് കുവൈറ്റിൽ ഉടനീളം പ്രോജക്ടുകൾ ഉണ്ട്. മെറ്റീരിയൽ വിഭാഗത്തിൽ സ്റ്റോർകീപ്പർ ആയാണ് ജോലിയിൽ പ്രവേശിച്ചത് എങ്കിലും മൂന്ന് വർഷത്തിനകം ഒരു പ്രോജക്ട് സൈറ്റിലെ ചീഫ് കോർഡിനേറ്റർ എന്ന സ്ഥാനത്തേക്ക് എത്തുവാൻ സാധിച്ചു. കേവലം പേപ്പറിൽ കാണുന്ന പരീക്ഷാ യോഗ്യതയ്ക്കല്ല, സത്യസന്ധതയ്ക്കും ആത്മാർത്ഥതക്കും, വിശ്വസ്തതയ്ക്കും, പ്രായോഗിക,പ്രവർത്തിപരിജ്ഞാനത്തിനും, കഠിനാധ്വാനത്തിനും  ആണവിടെ പ്രാമാണ്യവും,പ്രാധാന്യവും എന്ന് തിരിച്ചറിഞ്ഞ നിമിഷം.....

 ഈ കാലയളവിൽ നിരവധി രാജ്യക്കാരായ ആളുകളുമായി സമ്പർക്കം പുലർത്തേണ്ടി വന്നതിനാൽ,
തമിഴ്, ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഭംഗിയായി സംസാരിക്കുവാൻ ശീലിച്ചു. കൂടാതെ അറബിയിലും. ഏത് വാക്കിനും അറബിയിൽ തത്തുല്യമായ പ്രയോഗമുണ്ട്, അതേ അവർ പ്രയോഗിക്കൂ. വാഹനത്തിന് 'സയ്യാറാ'യെന്നും സ്ക്രൂ ഡ്രൈവറിന് 'തർന്നസീബ്' എന്നുമുള്ള ആ ഭാഷയിലെ വിപുലമായ പദസമ്പത്ത് അത്ഭുതപ്പെടുത്തുന്നതാണ്. വാഹിദ്, ഇത്നീൻ, തലാത്താ, അർബ, എന്നിങ്ങനെ ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ കൂടുതൽ അക്കങ്ങളും എണ്ണാൻ പഠിച്ചു.
 ഓഫീസിലെ ഒഴിവു സമയങ്ങളിൽ 
മന്ദൂപ് (ഗേറ്റ് പാസ്സുകൾ തയ്യാറാക്കുന്നയാൾ) സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ഈജിപ്ഷ്യൻ അറബി ഭാഷയെക്കുറിച്ചും, കുവൈറ്റിൽ അതിന് ഉള്ള ഭാഷാഭേദത്തെ കുറിച്ചും വാതോരാതെ സംസാരിക്കും. അങ്ങിനെ അതാത് രാജ്യക്കാരോട് അവരുടെ രീതിയിൽ, ഭാഷയിൽ സംസാരിക്കുക എന്ന സിദ്ധി കൂടി സ്വാഭാവികമായി എന്നിൽ കൈവന്നു. തന്നെയുമല്ല പ്രായത്തിന്റെ ചുറുചുറുക്കും, ജോലിയുടെ വിജയത്തിന്  ആ ഭാഷ പഠിച്ചേ തീരൂ എന്ന യാഥാർഥ്യവും.
 അറബി 'പഠിക്കൽ' പിന്നീട് എനിക്ക് ഒരു ഹരവും, 'വ്രത'വുമായി മാറി.

 ഓഫീസിൽ സെക്രട്ടറിയായ ജയശീലൻ, പാലക്കാട് കുനിശ്ശേരി സ്വദേശി ഹരിദാസ്, വിത്തനശ്ശേരി സ്വദേശി ജയചന്ദ്രൻ,ചെന്നൈ സ്വദേശി ഗോപാൽ, വെങ്കിടേഷ്, തിരുവനന്തപുരം സ്വദേശി മഹേഷ്  എന്നിവരുമായും അക്കാലത്ത് ഉണ്ടായിരുന്ന ഹൃദയ,ആത്മബന്ധം ഇപ്പോഴും സ്നേഹപൂർവ്വം നിലനിൽക്കുന്നു. അന്ന് അവിടെ സർവീസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഇന്നില്ല. തലമുറക്കൈമാറ്റം എല്ലായിടത്തും ഉള്ള ഒന്നാണല്ലോ.

 രാവിലെ ആറു മുതൽ രണ്ടു മണി വരെയാണ് പ്രധാന ഷിഫ്റ്റ് സമയം.
 അഞ്ചര മണിക്ക് തന്നെ ഞാൻ ഓഫീസിൽ എത്തും. വർക്ക് നടക്കുന്ന അതാത് ലൊക്കേഷനുകളിലേക്ക് എൻജിനീയർ മുതൽ ലേബർ വരെയുള്ള മാൻപവർ, വാഹനങ്ങൾ, ഓപ്പറേറ്റർമാർ, വെൽഡിങ് മെഷീൻ, കംപ്രസ്സർ മുതലായ എക്യുപ്മെന്റ്സ് എന്നിവ ആറരയോടുകൂടി അതാത് സ്ഥലങ്ങളിൽ എത്തിച്ച് വർക്ക് തുടങ്ങണം. എല്ലാ സ്ഥലത്തുനിന്നും സൂപ്പർവൈസർമാർ തരുന്ന റിപ്പോർട്ട് ഏഴു മണിക്കു മുമ്പായി ശേഖരിച്ച്, ക്രോഡീകരിച്ച് ഏഴരയ്ക്ക് ഹെഡ് ഓഫീസിലേക്ക് ഫാക്സ് അയച്ചാൽ ഒന്ന് ശ്വാസം വിടാം.വയർലെസ് ഹാൻഡ്‌സെറ്റ്, മൊബൈൽ, പേജർ, കൂടാതെ ഓഫീസിൽ ലാൻഡ്ഫോണും ഉണ്ട്. ഏതെങ്കിലും ഒന്ന് കിരുകിരാ എന്ന് എപ്പോഴും അടിച്ചു കൊണ്ടിരിക്കും.

 എട്ടുമണിക്കാണ് പ്രാതൽ കഴിക്കുക. ഫിലാഫിൽ എന്ന അറേബ്യൻ വട, കുബൂസിന്റെ ഉള്ളിൽ വച്ച് സലാഡ് ചേർത്ത് കഴിക്കും.
അറേബ്യൻ രാജ്യങ്ങളിലെ പ്രധാന ഭക്ഷണമാണ് കുബൂസ്. അവിടെ പോയിട്ടുള്ളവർക്ക് അറിയാം, അത് ഇല്ലാതെ അവിടെ ഒരു തീൻമേശയില്ല.

 വെള്ളിയാഴ്ചകളിൽ അഫന്റെ വസതിയിൽ പോകുമ്പോൾ, അഫന്റെ സുഹൃത്തുക്കളോ പരിചയക്കാരോ ആരെങ്കിലുമൊക്കെയോ  അവിടെപ്പോഴും വരും. എല്ലാവർക്കും വേണ്ട മാർഗ്ഗനിർദ്ദേശം നൽകി ചിരിച്ചുകൊണ്ട് എല്ലാവരുടെയും നടുക്ക് നിൽക്കുന്ന അഫന്റെ രൂപം ഇന്നും, എപ്പോഴും സ്മരണയിൽ. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സ്ഥാപകനായ
അഫനെ ഭാരതീയ പ്രവാസിസമ്മാൻ പുരസ്കാരം നൽകി കേന്ദ്രസർക്കാർ ആദരിക്കുകയുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഡോക്ടേഴ്സ്  ഫോറത്തിന്റെ പ്രവർത്തനം വഴി കുവൈറ്റിലെ സാധാരണക്കാരായ എല്ലാവർക്കും വിദഗ്ധചികിത്സ ലഭ്യമാക്കിയിരുന്നു.സ്വദേശത്തും വിദേശത്തുമുള്ള അഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും, ഇടപെടലും ഏവരുടെയും ഹൃദയത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ തർക്കമില്ല.

 അഫൻ മുൻകൈയെടുത്ത് സ്ഥാപിച്ച കുവൈറ്റിലെ നമ്പൂതിരിമാരുടെ കൂട്ടായ്മയായ 'ഗായത്രി' ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

കുവൈറ്റിലെ രാജകുടുംബാംഗങ്ങളുമായും പ്രമുഖരുമായും ഏറെ അടുപ്പവും, സൗഹൃദവും, സ്നേഹബന്ധവും  കാത്തുസൂക്ഷിച്ച അഫൻ, കിഡ്നി ചികിത്സാരംഗത്ത് ആ മേഖലയിലെ അവസാന വാക്കായിരുന്നു. ലോകമെമ്പാടും സഞ്ചരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
2016 ലെ അഫന്റെ അകാലവേർപാട് ഞങ്ങൾ കുടുംബാംഗങ്ങൾക്ക് എല്ലാം ഒരു കനത്ത ഷോക്കായി. ഇന്നും അതിനെ അതിജീവിക്കാൻ, യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാൻ പറ്റിയിട്ടില്ല എന്നതാണ്  വസ്തുത.

2003 ഫെബ്രുവരിയിലാണ് എന്റെ പ്രവാസജീവിതത്തിന് തിരശ്ശീല വീഴുന്നത്. ജനുവരിയിൽ രാജി സമർപ്പിച്ചു എങ്കിലും ഒരു മാസം അത് സെക്ഷൻഹെഡ് അംഗീകരിക്കാതെ പെൻഡിങ്ങിൽ വച്ചു.അതിന്റെ കാരണം ഇതാണ്.

കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടറിന്റെ 
പവർപ്ലാന്റിൽ സേഫ്റ്റി സൂപ്പർവൈസർ ആയി അവസാന ഒരു വർഷം ജോലി ചെയ്യുകയുണ്ടായി.പ്രൊഫഷൻ മാറാൻ ഒരു കാരണമുണ്ട്.കമ്പനി എടുത്തിരിക്കുന്ന മാൻപവർ സപ്ലൈ കോൺട്രാക്ടിൽ ഒരു സേഫ്റ്റി സൂപ്പർവൈസറെ നിർബന്ധമായും കൊടുക്കണം. പലതവണകളായി ബിടെക് ഡിഗ്രി വരെയുള്ള ആളുകളെ ബയോഡാറ്റ തയ്യാറാക്കി, ഇന്റർവ്യൂവിന് പരിശീലിപ്പിച്ച്,അത്യാവശ്യം സ്പോക്കൺ അറബിക് ഒക്കെ പഠിപ്പിച്ചു കൊണ്ടുപോയി ഇന്റർവ്യൂവിന് കയറ്റി വിടാറുള്ളത് ഈയുള്ളവനാണ്. സെക്ഷൻ ഹെഡ്, എൻജിനീയർ മുഹമ്മദിന് ഒരാളെയും ബോധിക്കുന്നില്ല. അവസാനത്തെ പരാജിതന്റെ ബയോഡാറ്റ തിരികെ വാങ്ങുവാൻ ചെന്ന ഞാൻ അദ്ദേഹത്തോട് തമാശയായി പറഞ്ഞു. 'മൊഹന്തിസ്, വേഷം മാറി ഞാൻ തന്നെ വരേണ്ടിവരും വേറെ ആളുകൾ ഇല്ല, എനിക്കാണെങ്കിൽ സേഫ്റ്റി സൂപ്പർവൈസറിന്റെ ബയോഡാറ്റയും ഇല്ല.' ഇത് കേട്ടപാതി അദ്ദേഹം സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു വന്നു പറഞ്ഞു, 'ഹബീബി,ഫദ്ദൽ! ഇന്ത ലാസിം താൽ ബുക്‌റ സുബഹ്, മായെബി വർഗ, അന സവി ടെലിഫോൺ ഷെറിക്ക മലിന്ത അലഹീൻ.' ( My Dear Sree, welcome, please come tomorrow morning itself and join with us. No need of any biodata or documents. I will call your company and get approval now itself ). 

 വിവിധതരത്തിലുള്ള ഫയർ എസ്റ്റിഗ്യുഷറുകൾ,ഫയർ ഹൈഡ്രന്റ്, കൺഫൈൻഡ് സ്പേസ് എൻട്രി പ്രൊസീജിയർ, സേഫ്റ്റി ബെൽറ്റിന്റെ ഉപയോഗം, മേഖലയിലെ അലാറം സ്വിച്ചുകളുടെ ലൊക്കേഷൻ,
വർക്ക് പെർമിറ്റുകൾ, ഇവാക്യേഷൻ പ്രൊസീജർ, ഫസ്റ്റ്എയിഡ് സ്റ്റെപ്സ് എന്നിവയെക്കുറിച്ച് പുതുതായി വരുന്നവർക്ക് ഞാൻ എടുക്കാറുള്ള ക്ലാസ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. പിന്നെ മൂന്നു വർഷത്തെ അടുപ്പവും പരിചയവും.

 ഇങ്ങിനെ ഒരു വർഷം ജോലി ചെയ്ത എനിക്ക് പകരം ആളെ കൊടുക്കാൻ തൽക്കാലം കമ്പനിയിൽ ആൾ ഇല്ലാത്തതുകൊണ്ടാണ്
രാജി കൊടുത്തപ്പോൾ സ്വീകരിക്കാൻ കമ്പനി വൈകിയത്. എപ്പോൾ തിരികെ ചെല്ലണമെന്ന് തോന്നിയാലും ഞങ്ങളെല്ലാം ഒരു കോൾ മാത്രം അകലെയാണ് എന്ന് ധരിച്ചോളൂ എന്നുപറഞ്ഞ്  കമ്പനിയുടെ യാത്രയയപ്പ് ചടങ്ങിൽ ഉപഹാരം കൈമാറിയപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും നയനങ്ങൾ ഈറനായിരുന്നു.

നിരവധി ഔദ്യോഗിക ജീവിതാനുഭവങ്ങൾ പകർന്ന  പ്രിയപ്പെട്ട കുവൈറ്റിലെ, പ്രവാസജീവിതം ഇന്നും മനസ്സിനുള്ളിൽ മങ്ങാതെ, മായാതെ, മറയാതെ.... ഒപ്പം തന്നെ അഫനെക്കുറിച്ചുള്ള ദീപ്തമായ ഓർമ്മകളും.

 ഓളങ്ങൾ നിലയ്ക്കില്ല, അതുപോലെ ഓർമ്മകൾക്ക് മരണവുമില്ല.

ശ്രീരാം മംഗലസ്.


      ചെറിയമ്മക്ക് പിന്തുണയുമായി...


   മിനാഅബ്ദുള്ളയിലെ ഹെഡ്ഓഫീസ്.
 സഹപ്രവർത്തകരോടൊപ്പം   സൈറ്റിലേക്ക്.....
                     കുബ്ബൂസ് 
                     കുവൈറ്റ്‌ ടവർ..
 
അനുബന്ധം.

"അതിനാൽ ആരെങ്കിലും ഒരു അണുതൂക്കമെങ്കിലും നന്മ ചെയ്താൽ അത് അവൻ കാണും."
إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

"തീർച്ചയായും അല്ലാഹു(ഈശ്വരൻ) സൽപ്രവർത്തകരുടെ പ്രതിഫലം പാഴാക്കുകയില്ല."
إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

സൂറത്തുത്തൗബ, 9:120 
(വിശുദ്ധ ഖുർ-ആൻ)
-------------------------------------------------------------------

ईश्वरः महान् अस्ति। ये सुकृतं कुर्वन्ति दानकार्यं कुर्वन्ति ते ईश्वरस्य धन्याः । बहुकालानन्तरम् अपि ईश्वरस्य प्रति तेषां प्रासंगिकता सर्वथा न क्षीणा भविष्यति... निरन्तरं प्रकाशते।

സൽകർമ്മങ്ങൾ ചെയ്യുന്നവർ ഈശ്വരാനുഗ്രഹം സിദ്ധിച്ചവരാണ്.
കാലമേറെ കഴിഞ്ഞാലും അങ്ങിനെയുള്ളവരുടെ നാമധേയം നിലനിൽക്കും, നിരന്തരം പ്രകാശിക്കും!

(ഉപനിഷത്ത്)

Comments

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.