മൈലത്തെ മൈൽകുറ്റിയിലെ തപസ്സ്..


 പ്രിയപ്പെട്ട വാച്ചപ്പന്റെ, കോട്ടക്കൽ ആര്യവൈദ്യശാല പ്രസാധകരായ 'സഫലമീ വൈദ്യജീവിതം' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇന്നലെ തിരുവനന്തപുരം ആയുർവേദ കോളേജിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യുകയുണ്ടായി.
 ഇന്നലത്തെ എന്റെ തിരുവനന്തപുരം യാത്ര പതിറ്റാണ്ടുകൾ മുമ്പുള്ള മറ്റൊരു യാത്രയുടെ സ്മരണകളിലേക്ക് എന്നെ എത്തിച്ചു. അതാകട്ടെ ഇന്നത്തെ എപ്പിസോഡ്. 'മൈലത്തെ മൈൽക്കുറ്റിയിലെ തപസ്സ്.'
            
 കുഞ്ഞപ്പന്റെ ഉടമസ്ഥതയിൽ തുടങ്ങുന്ന ശ്രീകാര്യത്തെ കോട്ടക്കൽ ആര്യവൈദ്യശാല ഉദ്ഘാടനത്തിന്റെ തലേന്ന്...
ഒരു ഷെൽഫ് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക്  കൊണ്ടുപോകണം. ഉദ്ഘാടകൻ മുത്തശ്ശനാണ്. എല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ കുഞ്ഞപ്പൻ എന്നെ വിളിച്ച് ചുമതലപ്പെടുത്തി. സഹായിക്കാൻ കൂടെ വരുവാൻ മുരളിയേയും കുഞ്ഞപ്പൻ ശട്ടം കെട്ടി. മുരളിയെ സഹായിക്കുവാൻ സനലും വരുവാൻ തീരുമാനിച്ചു.

 അങ്ങിനെ രാവിലെ ഏഴുമണിക്ക് പടിഞ്ഞാപ്പുറത്ത് മുറ്റത്ത് തോട്ടാനിൽ ബാബുവിന്റെ ലാമ്പ്രട്ട ക്യാരിയർ ഉള്ള ഓട്ടോറിക്ഷ ഹാജർ. ഷെൽഫ് ഞങ്ങളെല്ലാവരും കൂടി കയറ്റി ഭദ്രമായി കെട്ടി വച്ചു അതിനുമുകളിൽ. നേരെ വണ്ടി മൂവാറ്റുപുഴ സ്റ്റാൻഡിനെ ലക്ഷ്യമാക്കി നീങ്ങി. സ്റ്റാൻഡിൽ എത്തി ഇത് അഴിക്കുന്നതിനിടെ ഒരു തിരുവനന്തപുരം വണ്ടി കടന്നുപോയി. നാലു പേരുണ്ട്, തിരുവനന്തപുരമാണ് എന്നൊക്കെ ഞാൻ വിളിച്ചു പറഞ്ഞെങ്കിലും ഷെൽഫ് കണ്ടതുകൊണ്ടാവും ഡ്രൈവർ മൈൻഡ് ചെയ്തില്ല. അതിൽ ഇടവും ഇല്ലായിരുന്നു. ഓട്ടോയ്ക്ക് മൂവാറ്റുപുഴ വരെ അന്ന് ചാർജ് 30 രൂപയാണ്. ഈ  പ്രസ്തുത വണ്ടി രാത്രി 'സാകേത'ത്തിലെ പോർച്ചിൽ ആണ് ഇടുക. ആ അടുപ്പം കൊണ്ടും സ്ഥിരമായി ഓട്ടം കൊടുക്കുന്നതുകൊണ്ടും ബാബു 25 രൂപയേ വാങ്ങിയുള്ളൂ.

 കൊട്ടാരക്കര,ചെങ്ങന്നൂർ വണ്ടിയൊക്കെ വന്നു പോയെങ്കിലും ഞങ്ങൾ അതിനെ ഗൗനിച്ചില്ല. അതിന്റെ കാര്യവുമില്ലല്ലോ. എൻക്വയറി കൗണ്ടറിൽ പോയി തിരക്കിയപ്പോൾ ആലുവയിൽ നിന്ന് എട്ടുമണിക്ക് ഒരെണ്ണം വരുവാൻ ഉണ്ട് എന്ന് അറിഞ്ഞു. വലിയ തിരക്ക് കാണുവാൻ ഇടയില്ല. നോക്കാം. കാത്തിരുന്നു. ഒടുവിൽ വണ്ടി വന്നു. ഞാൻ ചാടിക്കയറി സീറ്റ് പിടിച്ച്‌ മുത്തശ്ശനെ ഇരുത്തി. വണ്ടി എടുക്കല്ലേ, ഒരു ലഗേജ് മുകളിൽ കയറ്റുന്നുണ്ട് തിരുവനന്തപുരത്തേക്കാണ് എന്ന് ഡ്രൈവറോടും പറഞ്ഞു. അദ്ദേഹവും സമ്മതിച്ചു.

 മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ച പ്രകാരം  ഒരു തലേക്കെട്ട്കാരന്റെ സഹായത്തോടെ മുരളിയും സനലും കൂടി ഷെൽഫ് വണ്ടിക്ക് മുകളിൽ കെട്ടിവച്ചു. ഏറ്റുമാനൂർ കഴിഞ്ഞതോടുകൂടി ഞങ്ങൾക്ക് നാല് പേർക്കും അടുത്തടുത്ത് സീറ്റ്‌ കിട്ടി. 'പുതിയ വണ്ടി ചെറുപ്പക്കാരൻ ഡ്രൈവർ' എന്നുള്ള പ്രയോഗം മനസ്സിൽ ഓടി വരുന്നു. നാട്ടുവർത്തമാനവും, വീട്ടുവർത്തമാനവും, പിന്നെ അല്പം പരദൂഷണവും ഒക്കെ പറഞ്ഞ് യാത്ര തിരുവനന്തപുരത്തേക്ക് അങ്ങിനെ പുരോഗമിക്കുകയാണ്. ചെങ്ങന്നൂർ എത്തിയപ്പോൾ മുത്തശ്ശൻ കയ്യിൽ കരുതിയിരുന്ന പഴം കഴിച്ചു, പാലും വെള്ളവും. ഞങ്ങൾ മൂന്നുപേരും പുറത്തിറങ്ങി  ചായയും കുടിച്ചു. ചില സ്റ്റാന്റുകളിൽ എത്തുമ്പോൾ മുരളി ഇറങ്ങി നോക്കും കെട്ടിനു കുഴപ്പമൊന്നുമില്ലല്ലോ, ഇളകുന്നില്ലല്ലോ ഷെൽഫ്. എംസി റോഡിലെ വളവുകളും തിരിവുകളും പണ്ടേ പ്രസിദ്ധമാണല്ലോ.

 അങ്ങിനെ   തലസ്ഥാനനഗരി ലക്ഷ്യമാക്കി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് എം സി റോഡിലൂടെ കുതിച്ചുപായുകയാണ്. കൊട്ടാരക്കര അടുത്തുള്ള മൈലം എന്ന സ്ഥലം ആയപ്പോൾ പിറകിൽ നിന്നും ഒരു വലിയ ശബ്ദം കേട്ടു. എല്ലാവരും ഒന്നു ഞെട്ടി. സീറ്റിൽ ചെറിയ മയക്കത്തിൽ ആയിരുന്നവർ ഞെട്ടി ഉണർന്ന് അന്ധാളിച്ചു ചുറ്റുപാടും നോക്കി. ആർക്കും ഒന്നും മനസ്സിലായില്ല.

ഡ്രൈവർ വണ്ടി ഒതുക്കി നിർത്തി. കണ്ടക്ടറും വേഗം കൂടെ ചെന്നു.
പ്ലേറ്റിന് തകരാറാണ്. ആളെ വച്ച് ഓടുവാൻ സാധിക്കില്ല. യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റി അയയ്ക്കുവാൻ കണ്ടക്ടറോട് പറയുന്നത് കേട്ടു.

 എല്ലാവരും ബാഗ്, കുട എല്ലാമായി പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. ഉറക്കം തടസ്സപ്പെട്ടത് കൊണ്ടാവാം ചില ശാഠ്യക്കാരായ  കുട്ടികൾ ഉറക്കെ നിലവിളിയും തുടങ്ങി. ഇരുന്ന് ഉറങ്ങി പോന്നവർ ഇനി നിന്ന് പോകേണ്ട അവസ്ഥ ഓർത്ത് പരിതപിക്കുന്നു. മേഖലയിലെ ക്രമസമാധാനം കുറച്ചുനേരത്തേക്ക് പാടെ തകർന്ന  സ്ഥിതിവിശേഷം. അത്രവേഗം എടുത്തു കൊണ്ട് ഇറങ്ങാവുന്ന 'ലെഗേജ്' ആണോ ഞങ്ങളുടേത്...!

ഒരു  മണിക്കൂർ കഴിഞ്ഞു, കണ്ടക്ടർ കൈകാണിച്ചു നിർത്തി തന്ന മൂന്നു ബസ്സിലായി മറ്റെല്ലാവരും കയറിപ്പോയി. ഞങ്ങൾ നാലു പേർ മാത്രം റോഡിലെ മൈൽക്കുറ്റിയിൽ. നാലുപേർക്കും ഷെൽഫിനും കൂടി ടിക്കറ്റ് 
10,5,2,1 എന്നീ രൂപയുടെ  ഒരുമിച്ച് തന്നിരിക്കുന്നു.വണ്ടിയുടെ മുകളിൽ ഷെൽഫും. ഇത് അഴിച്ച് ഇറക്കി മറ്റൊരു വണ്ടിയുടെ മുകളിൽ കയറ്റുക എന്നുള്ളത് അപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല. അടുത്തെങ്ങും ഒരു കടയോ തണലോ ഇല്ല.മൊത്തത്തിൽ ഒരു കൺഫ്യൂഷൻ.
വിവിധ സാധ്യതകളെക്കുറിച്ച് തിരുതകൃതിയായി ചർച്ചകൾ നടന്നു. മുത്തശ്ശൻ പരിഭ്രമിച്ചു തുടങ്ങി.വെയിലിന്റെ ക്ഷീണം.മിനിറ്റുകൾ നീളവേ.....

 ഇനി വരുന്ന ബസ്സിൽ മുത്തശ്ശനെയും കൊണ്ട് ഞാൻ യാത്ര തുടരാനും, ഷെൽഫുമായി അവർ പിറകെ വരാം എന്നും തീരുമാനമായി. നാലുപേരുടെയും ഷെൽഫിന്റെയും ടിക്കറ്റ്  കണ്ടക്ടർ  എങ്ങിനെ ഒക്കെയോ കണക്കുകൂട്ടി രണ്ടാക്കി. അങ്ങിനെ പിന്നീട് വന്ന ബസ്സിൽ ഞങ്ങൾ രണ്ടാളും തിരുവനന്തപുരത്തേക്ക്.

 മൊബൈൽ ഒന്നുമില്ലാത്തതിനാൽ പിന്നീടുള്ള വിവരങ്ങൾ അന്ന്  അറിയാനും നിർവാഹമില്ല. പിറ്റേന്ന് രാവിലെ വൈദ്യശാലയിലെ ഉദ്ഘാടന വേളയിൽ വച്ചാണ് കാര്യങ്ങൾ മനസ്സിലായത്. കൊട്ടാരക്കര നിന്നും മെക്കാനിക്ക് വന്ന് ആ വണ്ടി ശരിയാക്കി, അതുതന്നെയാണ് തിരുവനന്തപുരത്തേക്ക് വന്നത്. അതുകൊണ്ട് ഷെൽഫ് അഴിച്ച് വേറെ വണ്ടിയിൽ കയറ്റേണ്ടി വന്നില്ല. മുരളിയും സനലും ഷെൽഫും ശ്രീകാര്യത്തെത്തിയപ്പോൾ വളരെ വൈകി.

 ഉദ്ഘാടനം സമംഗളം നടന്നു..

 മുരളിയും സനലും പിന്നെയാണ് മടങ്ങിയത്. മുത്തശ്ശനെയും എന്നെയും ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ്  വാച്ചപ്പൻ തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ കൊണ്ടുവന്നാക്കി. ഉച്ചയ്ക്ക് പുറപ്പെടുന്ന കോട്ടയം, മൂവാറ്റുപുഴ വഴിയുള്ള കോഴിക്കോട് സൂപ്പർ എക്സ്പ്രസ് പിടിക്കണം അതാണ് ഉദ്ദേശം. ബസ് ബോർഡ് വച്ച് ഒന്നാമത്തെ ട്രാക്കിൽ പിടിച്ചിട്ടുണ്ട്. ആളുകൾ കയറിത്തുടങ്ങി.

ബസ്സിന്റെ നമ്പർ പറഞ്ഞാൽ ഒരു രൂപയ്ക്ക് ഒരാൾക്ക് റിസർവേഷൻ കൂപ്പൺ കിട്ടുന്ന സമ്പ്രദായം ഉണ്ടായിരുന്നു. രണ്ട് കൂപ്പൺ എടുത്തു. സീറ്റ് കിട്ടിയത് പുറകിലാണ്. ഞങ്ങൾ കയറി ഇരുന്നു. കണ്ടക്ടർ വരുന്നത് വരെ, ബസ് എടുക്കുന്നതുവരെ വാച്ചപ്പൻ കൂടെ നിന്നു.അക്കാലത്ത് 
കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ചാത്തമംഗലത്തെ ഗുപ്തേട്ടനോട് പറഞ്ഞ് ഉച്ചയ്ക്ക് പുറപ്പെടുന്ന ഈ ബസ്സിൽ തന്നെ രണ്ട് സീറ്റുകൾ വാച്ചപ്പൻ പറഞ്ഞു വച്ചിരുന്നു. ബസ്സിൽ കണ്ടക്ടറോട് വാച്ചപ്പൻ ഞങ്ങളെ ഒന്ന് ശ്രദ്ധിക്കണം എന്ന് പറഞ്ഞ് ഈ വിവരം കൂടി കണ്ടക്ടറോട് പറഞ്ഞു. ഗുപ്തൻസാർ പറഞ്ഞപ്രകാരം രണ്ട് സീറ്റ് മുമ്പിൽ തന്നെ റിസർവ് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഞാനും മുത്തശ്ശനും സന്തോഷഭരിതരായി മുൻപിലെ ഒന്നും, രണ്ടും നമ്പർ സീറ്റുകളിലേക്ക്... അധികം വൈകിയില്ല, ബസ്  നീട്ടി  ഒരു ഹോൺ അടിച്ച് നഗരത്തിരക്കുകൾക്കിടയിലൂടെ എംസി റോഡിലേക്ക് ഊളിയിട്ട് കൊട്ടാരക്കര ലക്ഷ്യമാക്കി കുതിച്ചു.

 അന്ന് ഇതുപോലെ റോഡിൽ ബ്ലോക്ക് ഒന്നുമില്ല. വണ്ടി വിട്ടുപോരും. കൂത്താട്ടുകുളത്ത് അന്ന് ആ ബസ്സിന് സ്റ്റോപ്പില്ല,മൂവാറ്റുപുഴ ടിക്കറ്റ് ആണ്.
ഗുപ്തേട്ടൻ വിളിച്ചുപറഞ്ഞ സീറ്റിന്റെ പരിഗണന കൊണ്ട് ഡ്രൈവർ കൂത്താട്ടുകുളത്ത് നിർത്തി തന്നു. സന്ധ്യയോടെ ഞങ്ങൾ അങ്ങിനെ ഇല്ലത്തും.....


                   AI sample... Vaidyasala 

     
അഷ്ടചക്രഹരിതവർണ്ണത്വരിതവേഗശകടം..

 അനുബന്ധം...
 
 'സൂപ്പർ എക്സ്പ്രസ്'  വിഷയമായി വന്നപ്പോൾ അതിന്റെ പര്യായവും പ്രതിരൂപവുമായ ഒരാളെ പരാമർശിക്കാതെ വയ്യ. എല്ലാവർക്കും സുപരിചിതനാകും, കോട്ടപ്പുറത്തുള്ള കപ്യാർ തങ്കച്ചൻ എന്ന റിട്ട.ഡ്രൈവർ. ബസിലാണോ ജംഗ്ഷനിൽ ആണോ എന്നൊന്നും അദ്ദേഹം നോക്കുകയില്ല, പേർ ചൊല്ലി ഉറക്കെ വിളിക്കും. 
സർവീസിൽ ഭൂരിഭാഗവും ഹൈക്ലാസ് സർവീസുകളെ അദ്ദേഹം ഓടിച്ചിട്ടുള്ളൂ. അധികവും മൂവാറ്റുപുഴ തിരുവനന്തപുരം സെക്ടറിൽ. തിരുവനന്തപുരം സിറ്റിയിലും ഓടിയിട്ടുണ്ട്. അടുത്ത കാലം വരെ എവിടെ വെച്ച് കണ്ടാലും നിർത്തി അഞ്ചുമിനിറ്റ് കാര്യങ്ങളും കുശലങ്ങളും ലോഹ്യങ്ങളും പറഞ്ഞിട്ടേ വിടൂ. അദ്ദേഹത്തിന്റെ സർവീസ് കാലത്തെ ചില കഥകൾ കേട്ടാൽ രോമം എഴുന്നേറ്റു നിൽക്കും.എപ്പോൾ കണ്ടാലും വാച്ചപ്പനെക്കുറിച്ച് ചോദിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇപ്പോൾ തങ്കച്ചൻ അധികവും വിശ്രമത്തിലാണ്.

 മുത്തശ്ശന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇല്ലത്തെ താഴത്തുകൂടി രാവിലെ ഒരു ഗുരുവായൂർ ബസ്. ഇത് തുടങ്ങിയാൽ നന്നായി എന്ന് ഗുപ്തേട്ടനോട്  പറഞ്ഞതായും ഞാൻ കേട്ടിട്ടുണ്ട്.പിറവത്ത് കെഎസ്ആർടിസി ഡിപ്പോ വന്നപ്പോൾ ഇല്ലത്തെ താഴത്തുകൂടി രാവിലെ 6:30 ന് ഗുരുവായൂർക്ക് ഫാസ്റ്റ് തുടങ്ങി. 7:20ന് തൃശൂർ വഴി പാലക്കാട്ടേക്കും ഒരു ഫാസ്റ്റ്. രാവിലെ ആറേമുക്കാലിനുള്ള തിരുവനന്തപുരം മുമ്പേ ഉണ്ടല്ലോ.
 ഇടക്കാലം കൊണ്ട് ഗുരുവായൂർ ബസ് നിന്നു. മറ്റ് രണ്ടും കൃത്യമായി ഇപ്പോഴും ഓടുന്നുണ്ട്.

Comments

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.