ശാസ്താംപാട്ടും മൈക്ക്സെറ്റും.

            ശാസ്താംപാട്ട്, മാതൃകാചിത്രം.

കോലഞ്ചേരി കോളേജിലെ ബിരുദപഠന നാളുകൾ... സമരവും,പഠിപ്പുമുടക്കും ഇടക്ക് പതിവാണ്. മിക്കവാറും 
ആഴ്ചയിൽ ഒരിക്കൽ അത് 'തരാവും'. പോയ അതേ ബസ്സിൽ തന്നെ തിരിച്ചു വരാൻ പറ്റിയ സന്ദർഭങ്ങൾ ഉണ്ട്.
 മുൻകൂറായി അറിഞ്ഞാൽ പോകാറില്ല.
 അന്നത്തെ ദിവസം 'പൊതു ഭരണത്തി'നും 'മേൽനോട്ടത്തി'നുമായി മാറ്റിവയ്ക്കും. കുറുപ്പിന്റെ കുടിയിൽ റബ്ബർപാല് എടുക്കുന്ന സമയത്ത് സർപ്രൈസ് വിസിറ്റ് നടത്തി വെട്ടുകാരനെ ഞെട്ടിക്കാറുമുണ്ട്.
 ചിരട്ട കൈകൊണ്ട് വടിച്ച് പാൽ എടുക്കണം. ഇല്ലെങ്കിൽ കുറച്ച് അതിൽ ഇരിക്കും. എത്ര പറഞ്ഞാലും അവർ അവരുടെ സൗകര്യമല്ലേ നോക്കൂ.

 വാടക എല്ലാം പിരിച്ച് സൈക്കിൾ ചവിട്ടി ക്ഷീണിച്ചു ചെല്ലുന്നതല്ലേ, ചിലപ്പോൾ മുത്തശ്ശിയമ്മ  ഒരു ഗ്ലാസ് പാൽ തരും.
 ചിലപ്പോൾ സൂക്ഷിച്ചിരുന്ന രണ്ടു കഷണം ഉപ്പേരിയാവും. എന്തായാലും സന്തോഷം, ആശ്വാസവും.

 അക്കാലത്ത് ഇല്ലത്ത് മരപ്പണിക്കായി മുത്തിമോളയിൽ രാജൻ എന്നൊരാൾ വന്നു. വടക്കോർത്ത് ഇറയത്ത് ഇരുന്നാണ് പണി. തുടർച്ചയായി ഒരു വർഷത്തിനു മേലെ ഒക്കെ പണിതിട്ടുണ്ടാകണം. അസ്സലായി പാടും പണിക്കിടയിൽ. 'വിഘ്നേശ്വരാജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു' എന്ന ഗാനമാണ് അധികവും പാടുക. 'നീലമേഘം ഒരു പീലിക്കണ്ണ്' എന്ന ഗാനവും തുടർന്ന് 
അധികം വൈകാതെ പ്രതീക്ഷിക്കാം. മതില് പണിക്കായി നടുക്കര മോഹനൻ എന്നൊരാളും ഈ സമയത്ത് അവിടെ വന്നു. അങ്ങനെ ഇവർ രണ്ടുപേരും താന്താങ്ങളുടെ പണിയുമായി മുന്നേറിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഞാൻ ചെല്ലുമ്പോൾ രണ്ടോ മൂന്നോ മിനിറ്റ് വർത്തമാനവും പറയും.

 രാജന്റെ ഭക്തിഗാനാലാപന  വൈഭവവും വൈദഗ്ധ്യവും ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ അറിയുക മുത്തശ്ശിയമ്മയ്ക്കും രമച്ചെറിയമ്മക്കും ആകും. ഭക്തിനിർഭരമായ ആ 'സാധകം' കേട്ട് ഊറിച്ചിരിച്ച്, വാതിലിൽ താളം പിടിച്ച് നടന്നുപോകുന്ന മുത്തശ്ശന്റെ രൂപം ഇന്നും കൺമുന്നിൽ. 

 മണ്ഡലക്കാലത്തിനു മുമ്പായി കണ്ടങ്കാവ് അമ്പലവും പരിസരവും പുല്ലൊക്കെ ചെത്തി വൃത്തിയാക്കാറുണ്ട്. ഒരു ദിവസം ഞാൻ അവിടെ നിൽക്കുമ്പോൾ ഇവർ രണ്ടുപേരും കൂടി എവിടെയോ പോയിട്ട് ആ വഴി വന്നു. സംസാരമധ്യേ, അകലെ എവിടെ നിന്നോ ഒരു ഭക്തിഗാനത്തിന്റെ വരികൾ ഒഴുകിയിറങ്ങി വരികയായി..
 
'ഉപജാപമൂർച്ഛയാൽ നീറിപ്പുകയുമൊ -
 രുലയായിത്തീരുന്നു ലോകം.
 ദൈവത്തെയും പുറംതള്ളുന്നു ഗൂഢമാം 
 ദുർമദമത്സര തന്ത്രം..
 മഹിഷീമർദ്ദനം ആടാനെത്തിയ 
 മനുഷ്യാവതാരമേ ശരണം...'

 ദക്ഷിണാമൂർത്തിസ്വാമിയുടെ സംഗീതത്തിൽ പുതിയ റിലീസ് ആണ്. ആരും മുഴുവൻ കേട്ടിട്ടില്ല, കേൾക്കണമല്ലോ. അതിനെന്താണ് വഴി  എന്നാലോചിച്ചു.
എല്ലാ അമ്പലത്തിലും പാട്ടും മൈക്കും ഉണ്ട്, നമുക്ക് ഒരെണ്ണം ഇക്കൊല്ലം വാടകയ്ക്ക് സംഘടിപ്പിച്ചാലോ എന്ന ചിന്തയും ഉയർന്നുവന്നു. എന്റെ ഒരു ക്ലാസ്മേറ്റിന്റെ ജ്യേഷ്ഠന് കടവിൽ കടയുണ്ട്. എന്നാൽ കയ്യോടെ പോയി ചോദിക്കാം എന്നായി.
 താമസിച്ചില്ല രണ്ട് സൈക്കിളിലായി മൂന്നുപേർ കടവിലേക്ക്.

 സുനി എന്നാണ് കടയുടമയുടെ പേര്.
 കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഒരു ദിവസം 20 രൂപ വാടകയ്ക്ക് ആംപ്ലിഫയർ, രണ്ട് കോളാമ്പി, മൈക്രോഫോൺ, കേബിളുകൾ എന്നിവ തരാം എന്ന് സമ്മതിച്ചു. 40 ദിവസത്തെ വാടക 800 രൂപ കൊടുത്താൽ മതി, ഒരു ദിവസം ഫ്രീ. അടുത്തദിവസം കടവിൽ നിന്നും ഈ ഉപകരണങ്ങൾ മൂന്നു സൈക്കിളുകളിലായി കെട്ടിവച്ച് ആഘോഷത്തോടെയാണ് കണ്ടങ്കാവിൽ കൊണ്ടുവന്ന് പിടിപ്പിച്ചത്.

 മണ്ഡലക്കാലം കഴിയാറായതോടുകൂടി ഞങ്ങൾക്ക് ആധിയായി. 800 രൂപ കൊടുക്കണ്ടേ? അച്ഛനോടോ മുത്തശ്ശനോടോ ചോദിക്കാൻ പറ്റുമോ, എപ്പോൾ ശകാരം കിട്ടി എന്ന് ചോദിച്ചാൽ മതി. അവസാനം മോഹനൻ ഒരു സൂത്രം പറഞ്ഞു. ചില ശാസ്താംപാട്ടൊക്കെ അദ്ദേഹത്തിന് വശം. നമുക്കൊരു ശാസ്താംപാട്ട് നടത്തിക്കളയാം.
 ഞാൻ കുറച്ചു പേരെ പാടുവാൻ കൊണ്ടുവരാം. അവർക്ക് ഭക്ഷണം മാത്രം കൊടുത്താൽ മതി. അങ്ങനെ നിശ്ചയിച്ചു. കുരുത്തോല കൊണ്ടുവന്ന് അലങ്കരിച്ച് പാട്ട് നടന്നു. ഏഴുമണിക്ക് തുടങ്ങി പത്തര മണിയായപ്പോഴേക്കും അറിയാവുന്ന പാട്ടൊക്കെ പാടി കഴിഞ്ഞു. കാണുവാൻ വന്ന ഭക്തജനങ്ങളും കുറെയൊക്കെ പിരിഞ്ഞു. പാട്ട് അവസാനിപ്പിച്ചു. 
 ആദ്യം എണ്ണി നോക്കിയത് കൗണ്ടറിൽ എത്ര പിരിഞ്ഞു എന്നാണ്. 400 രൂപ തികഞ്ഞിട്ടില്ല. മോഹനൻ ചിട്ടിക്ക് അടക്കുവാൻ വച്ചിരുന്ന 150 രൂപ എടുത്തു.രാജൻ മൂന്നു ദിവസത്തെ കൂലി മുൻകൂറായി മേടിച്ചു. എന്നാലും 700 രൂപയെ ആയുള്ളൂ. എന്ത് ചെയ്യും, എനിക്കാകെ ആധിയായി. കടത്തോളം പേടിയുള്ള മറ്റൊന്ന് എനിക്കില്ല.

 അവസാനം മുത്തശ്ശനോട് തന്നെ ചോദിക്കുവാൻ തീരുമാനിച്ചു. ഞങ്ങൾ മൂവർ സംഘം നേരെ ഇല്ലത്ത് പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പിറ്റേന്ന് രാവിലെ ഹാജർ.
 കാര്യങ്ങളൊക്കെ മുത്തശ്ശൻ കേട്ടു.
 ചെറിയൊരു ശകാരം പ്രതീക്ഷിച്ച്‌ തല ചൊറിഞ്ഞ് മാളികയിലേക്ക് നോക്കി നിന്ന എന്നെ അമ്പരപ്പിച്ചുകൊണ്ട് മുത്തശ്ശനകത്ത് പോയി 100 രൂപ എടുത്തു കൊണ്ട് തന്നു. അങ്ങനെ സുനിയുടെ കണക്കും തീർത്തു. മുത്തശ്ശൻ പിന്നെ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല, ഞാൻ പറഞ്ഞുമില്ല, അടഞ്ഞ അധ്യായമാണല്ലോ.

 ഈ 40 ദിവസം, ഭക്തിഗാനങ്ങളുടെ രംഗത്ത് ഞാൻ 'ആറാടിയ' നാളുകളായിരുന്നു. ഗംഗാതീർത്ഥം, മയിൽപ്പീലി, പാഞ്ചജന്യം, ശരണ തരംഗിണി പല വോളിയം, തൃപ്പടി എന്നിവ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഒരു കടയിൽ പലതവണ പോയി ഇരുന്ന് റിക്കോർഡ് ചെയ്യിച്ച് അമ്പലത്തിൽ കൊണ്ടുപോയി പാട്ട് വച്ച സുദിനങ്ങൾ. ഏതെങ്കിലും ഒരു കാസറ്റ് റിലീസ് ഉണ്ടെങ്കിൽ അത് അന്നുതന്നെ പോയി വാങ്ങിയിരിക്കും. ജയചന്ദ്രൻ പാടിയ 'കർപ്പൂരാഴി' എന്ന സൂപ്പർ ഹിറ്റ് കാസറ്റ് വാങ്ങുവാൻ വേണ്ടി മാത്രം ബ്രോഡ് വേ വരെ പോയതും ചരിത്രം.'ഉന്നൈ മുരുമുതലേ, മൂത്ത ഗണപതിയെ' എന്നു തുടങ്ങുന്ന വീരമണിയുടെ തമിഴ് സ്തുതികളുമായാണ്  രാവിലെ തുടക്കം.
വ്യത്യസ്തവും വിഭിന്നങ്ങളുമായ ഗാനധാരകൊണ്ട് ക്ഷേത്ര അന്തരീക്ഷവും പശ്ചാത്തലവും ഭക്തിനിർഭരമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വൈകുന്നേരം ദീപാ രാധനയ്ക്ക് നട അടക്കുമ്പോൾ ചിലപ്പോൾ നാദസ്വരം, ചിലപ്പോൾ പഞ്ചവാദ്യം,മൊത്തത്തിൽ ഒരു നാദ പ്രപഞ്ചം. ഇന്ന് ഈ ഗാനം ഇടാമോ എന്ന് ഭക്തർ ഇങ്ങോട്ട് ആവശ്യപ്പെട്ട ചുരുക്കം ചില 'സ്ഥിതിവിശേഷവും' ഉണ്ടായിട്ടുണ്ട്. വച്ചു കൊടുത്തിട്ടുമുണ്ട്. അതെല്ലാം എനിക്ക് അഭിമാനവും സന്തോഷകരവും ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

 നാരായണഫൻ വിദേശത്തുനിന്ന് കൊണ്ടുവന്ന കറുത്ത കവറുള്ള കിടത്തി വയ്ക്കാവുന്ന,ഒരു വശത്തു ചുവപ്പിൽ വെളുത്ത അക്ഷരം കൊണ്ട് 'Dr.MRN NAMPOORY' എന്നെഴുതിയ 
 ടേപ്പ് റിക്കാർഡർ ആണ് ആദ്യം ഉപയോഗിച്ചിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഓത്ത് റിക്കാർഡ് ചെയ്യുന്നതിനായി അതു കൊണ്ടു പോയി.
 രണ്ടുദിവസം പാട്ട് വെച്ചില്ല. എന്റെ വിഷമം കണ്ട് അച്ഛൻ എവിടെനിന്നോ ഒരു പുതിയ ടു ഇൻ വൺ റിക്കോർഡർ സംഘടിപ്പിച്ചുകൊണ്ട് തന്നു. അതിന് അന്ന് ആയിരം രൂപയായിരുന്നു വില. 100 രൂപ വച്ച് 10 മാസം കൊണ്ടാണ് ആ കടം വീട്ടിയത്.

 മോഹനന്റെ പണിതീർന്ന്‌ പോയി എങ്കിലും രാജന്റെ പണി കുറേക്കാലം കൂടി തുടർന്നു ഇല്ലത്ത്. മണ്ഡലക്കാലവും അയ്യപ്പഗാനവും മൈക്ക് സെറ്റും ശാസ്താംപാട്ടും വിസ്മൃതിയിൽ ആയെങ്കിലും വടക്കോർത്തെ ഇറയത്ത് രാജന്റെ 'സംഗീതാരാധന' തുടർന്നുകൊണ്ടേയിരുന്നു. 'മോക്ഷപ്പഴനിയിൽ മാമ്പഴമായെന്റെ മോഹം സ്വീകരിക്കൂ' എന്ന ഭാഗം വരുമ്പോൾ ആ  ഇമകൾ പകുതി ചിമ്മി നാഗയക്ഷിയമ്മയുടെ സവിധത്തിലേക്ക് പ്രാർത്ഥനാനിരതമായി നീളുന്നതും ഞാൻ ശ്രദ്ധിച്ചു. പഠിക്കുന്ന മൂന്നു കുട്ടികൾ, പണിയാൻ ഇരിക്കുന്ന ചെറുവീട് എന്നീ ചിന്തകൾ ആ ഗായകമനസ്സിനെ നൊമ്പരപ്പെടുത്തിയിരിക്കാം, വ്യാകുലപ്പെടുത്തിയിരിക്കാം.

കഥാഗതിയിൽ ഒരു ദിവസം ഒരു വമ്പൻ ട്വിസ്റ്റ് ഉണ്ടായി. തികച്ചും അപ്രതീക്ഷിതം!

 പിറ്റേ വർഷത്തെ മണ്ഡലകാലം വരുന്നതിന് കൃത്യം ഒരു മാസം മുമ്പ്, മുത്തശ്ശൻ എന്നെ വിളിച്ച് 5000 രൂപയുടെ ചെക്ക് തന്നു. പുതിയ മൈക്ക് സെറ്റിനായി നാരായണഫൻ തന്നതാണ് എന്നും പറഞ്ഞ്. ഞങ്ങളുടെ ആഹ്ലാദത്തിന് അതിരില്ല. അന്ന് തന്നെ ബാങ്കിൽ പോയി മാറി, ആ ശനിയാഴ്ച തന്നെ എറണാകുളത്തേക്ക് പോകുവാൻ നിശ്ചയിച്ചു. രാവിലെ എഴേമുക്കാലിന്റെ ഉഷസിന് മൂന്നുപേർ എറണാകുളത്ത് എംജി റോഡിൽ ഇറങ്ങി അഹൂജയുടെ ഷോറൂം തപ്പി നടപ്പായി. മികച്ച മോഡൽ, ബഡ്ജറ്റിന് ഇണങ്ങുന്നത്  സെലക്ട് ചെയ്തു. ടെസ്റ്റ് ചെയ്തു. ക്ഷേത്രം ആവശ്യത്തിലേക്ക് എന്നുപറഞ്ഞ് വിലപേശി നാലായിരത്തി എണ്ണൂറിന് ബില്ലാക്കി.

 പുറത്തെ കടയിൽ നിന്നും നാരങ്ങാ വെള്ളവും ബണ്ണും കഴിച്ച് വിശപ്പടക്കി.
 മൂന്നു രൂപ തന്നാൽ ഇതെല്ലാം കലൂർ സ്റ്റാൻഡിൽ എത്തിക്കാം എന്ന് പറഞ്ഞ ഓട്ടോക്കാരനെ കണ്ടില്ല എന്ന് നടിച്ച് സാധനസാമഗ്രികൾ എല്ലാം  തലയിൽ ഏറ്റി ഞങ്ങൾ ചിറ്റൂർ റോഡിലേക്ക്. ഖ്വയിസ് ബസ് ഞങ്ങളും സാമഗ്രികളുമായി കൃത്യം രണ്ടരയ്ക്ക് ആശുപത്രിപ്പടിയിൽ എത്തി. ഒരാഴ്ച കൂടി മണ്ഡലക്കാലത്തിന്  ഉണ്ടെങ്കിലും അതിന് നാലഞ്ചു ദിവസം മുമ്പേ പിടിപ്പിച്ചു. വാടക മൈക്ക് അല്ല സ്വന്തമായി ഉള്ളതാണ് എന്ന് നാലുപേർ അറിയട്ടെ എന്നായിരുന്നു രാജന്റെ ന്യായം.

 വൃശ്ചികമാസക്കുളിരിൽ എല്ലാ മണ്ഡലകാലവും 
ശരണം വിളികളും, അയ്യപ്പഗാനങ്ങളുമായി വന്നെത്തുമ്പോൾ ഇതെനിക്ക് സ്മരിക്കാതിരിക്കാനാവില്ല. മോഹനൻ കുറച്ചുവർഷം മുമ്പ് നമ്മെ വിട്ടു പോയി.
 രാജന് പണിക്കു പോകുവാൻ വയ്യാതെയായി. ഇടയ്ക്ക് വരും.
 'കുട്ടാ ഒരു 100 രൂപ വേണം നാളെ കൊണ്ടുവരാം' എന്ന് പറയും. പല നൂറും പല നാളും കഴിഞ്ഞെങ്കിലും വീണ്ടും കൊടുക്കാതിരിക്കാനെനിക്കാവില്ല. നിഷ്കളങ്കമായ, നിസ്വാർത്ഥമായ ആ ഭക്തഗായകമനസ്സ് ഞാനല്ലേ കണ്ടിട്ടുള്ളൂ, അടുത്തറിഞ്ഞതുള്ളൂ..

 'നൂറുരുളി ചതു:ശ്ശതം നേദിച്ച
 നൂറണിഗ്രാമമെൻ ഹൃദയം,
 മഹാനൈവേദ്യമധുരം വിളമ്പിയ
 മഠമാണടിയന്റെ ഹൃദയം,
 സമൂഹമഠമാണടിയന്റെ ഹൃദയം'

 യേശുദാസ് പാടിയ തരംഗിണിയുടെ മറ്റൊരു അയ്യപ്പഗാനത്തിന്റെ അലയൊലി എവിടെ നിന്നോ വാനിലുയർന്ന് എന്നെ വലയം ചെയ്യുന്നുണ്ടോ! അതിൽ മുത്തശ്ശന്റെയും, അച്ഛന്റെയും സാന്നിധ്യമുണ്ടോ!നറുഭസ്മഗന്ധമുണ്ടോ!
മോഹനന്റെ ഉടുക്കിന്റെ മിടിപ്പുണ്ടോ!
'അപ്പുക്കുട്ടാ' എന്ന വിളിയുണ്ടോ!

'സ്വാമി ശരണം', 'വാമനമൂർത്തി ശരണം'

ശ്രീരാം മംഗലസ്.

                              രാജൻ 
                
                 മൈക്ക് സെറ്റ്..

    ഭക്തിഗാന ആൽബം... കവർ.(മാതൃക)

            കാസ്സറ്റ്... 60/90 എന്നിങ്ങനെ 

https://youtu.be/QHf3QpWbAxs?si=l3py-dkSLv8w3S2c

രാജൻ പാടാറുള്ള 'പുഷ്പാഞ്ജലി' ഭക്തിഗാനങ്ങളുടെ ലിങ്ക് 👆.

അനുബന്ധം.

 മൈക്ക് സെറ്റിന്റെ വയറുകൾ പിടിപ്പിക്കുന്നതും അഴിക്കുന്നതും കണക്ട് ചെയ്യുന്നതും എല്ലാം ഞാൻ തന്നെയായിരുന്നു. അച്ഛനും അമ്മയ്ക്കും അത് അത്ര സമ്മതമായിരുന്നില്ല. ആയിടെയായിരുന്നു ഒരു ഊരാണ്മ കുടുംബാംഗം കോട്ടയത്ത് വച്ച് മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് കഴിഞ്ഞത്. ഒന്നും ഉണ്ടാവില്ല എന്ന വിശ്വാസത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എല്ലാം ചെയ്യും... ചെയ്തു..

 വിശ്വാസം... അതല്ലേ എല്ലാം....! 🙏

Comments

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.