എന്റെ 'ഭാഷാസാഹിത്യപഠനാരംഭം' പശ്ചാത്തലം......



      നളചരിതത്തിലെ ഹംസദമയന്തി.
             (രവിവർമ്മച്ചിത്രം)

ആമുഖം..

 ഓർമ്മകൾ മങ്ങി തുടങ്ങിയാൽ, വാക്കുകൾക്കും,അക്ഷരങ്ങൾക്കും, ആസ്വാദനത്തിനും പിന്നെ പ്രസക്തിയില്ല. അതിനെല്ലാം വളരെ മുമ്പ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താൻ, രേഖപ്പെടുത്താൻ ഒരു തീവ്രശ്രമം. അന്നും ഇന്നും എന്നും ഞാൻ നെഞ്ചിലേറ്റുന്ന രണ്ട് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഒരു 'സ്മരണിക' കൂടിയായി 
ഇത് മാറുമെങ്കിൽ ധന്യനായി.

അല്പം 'ചരിത്രം'.

ഇയാൾക്ക് ലോകചരിത്ര പഠനത്തിൽ കുറച്ചുകൂടി വിജ്ഞാനവും,ഗൗരവവും ശുഷ്‌കാന്തിയും 'വേണ്ടിവരും' എന്ന് യൂണിവേഴ്സിറ്റി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ രണ്ടുവർഷവും മൂന്നുമാസവും എടുത്താണ്  ഞാൻ പ്രീഡിഗ്രി പൂർത്തിയാക്കിയത്. തത്ഫലമായി പിന്നത്തെ അധ്യയനവർഷം വരെയുള്ള എട്ടുമാസം സ്വസ്‌ഥമായിരുന്നു. എന്ന് കരുതി ഊണ്, ഉറക്കം എന്നിവയിൽ  മാത്രം കാര്യങ്ങൾ ഒതുങ്ങിയില്ല, ഒതുക്കിയില്ല. കണ്ടൻകാവിലെ  ഒന്നര ഏക്കർ തെങ്ങിൻതോപ്പിന്റെ പരിപൂർണ്ണ ചുമതല ഏറ്റെടുത്തു. ആഴ്ചയിൽ സ്വന്തമായി രണ്ട് നന, നാളികേരം ഇടീക്കുക, പണിക്കാർക്ക് ചോറ് വിളമ്പി കൊടുക്കുക, കുലച്ച വാഴ പിടിച്ചു കെട്ടുക, ചാണകവും ചവറും വളവും ഇടുവാൻ സഹായിക്കുക,
കടയിൽ പോവുക, ഞാറിന് വെള്ളം അടിക്കുക, വെട്ടിത്തറക്കാരൻ മാധവൻ തേങ്ങയിടുമ്പോൾ ഓല മടക്കി തെങ്ങിന്റെ എണ്ണം രേഖപ്പെടുത്തുക,
മോട്ടോർ കേട്  വന്നാൽ  പട്ടംമാട്ടേൽ ഔസേപ്പ് അല്ലെങ്കിൽ പുല്ലംപ്ലാക്കിൽ 
തോമസ് എന്നിവരെ ആരെയെങ്കിലും കൊണ്ടുവന്ന് നന്നാക്കിക്കുക 
ഇത്യാദി ഗൃഹജോലികൾ.വിവരം അറിയിച്ചാൽ അപ്പോൾ തന്നെ കുഴുപ്ലാക്കിലെ കുഞ്ഞ് ആളുകളുമായി വന്നു തോട്ടത്തിൽ നിന്ന് തന്നെ നാളികേരം പൊതിച്ചു കൊണ്ടു പോയിരുന്നു. വലിയ നാളികേരം എണ്ണി കഴിഞ്ഞതിനു ശേഷം മൂന്നെണ്ണം രണ്ടെണ്ണമായി എണ്ണുന്ന ഒരു രീതിയുണ്ട്. അല്ലറ ചില്ലറ അഭിപ്രായവ്യത്യാസവും  ഈ സമയത്ത് ഉണ്ടാവാറുമുണ്ട്. ചിലപ്പോൾ മക്കളായ മത്തായി, യാക്കോബ് എന്നിവർ ആരെങ്കിലുമാണ് വരാറ്. കനാലിലെ വെള്ളം തിരിക്കുന്ന വിഷയത്തിൽ,
 മറ്റത്തിലെ മർക്കോസ്, പറപ്പിള്ളിലെ കുഞ്ഞ് എന്നിവരുമായുള്ള ഗോഗ്വേ വിളികളും നിത്യസംഭവം. സ്ഥിരം ജോലിക്കാരൻ ആയ പുഴുക്കോളയിൽ മത്തൻകുഞ്ഞ്, രാവിലെ കൃത്യം ഏഴരയ്ക്ക് വരും. അടയ്ക്കാമരവും ജാതിയും നട്ടും, ഇടയ്ക്ക് വാനില കൃഷി പരീക്ഷിച്ചും ചുറ്റോട് ചുറ്റും  വേലികെട്ടിയും ഒരു പറമ്പ് ആക്കിയെടുത്തത് അദ്ദേഹമാണ്. 18 രൂപയാണ് അന്നത്തെ ഉച്ചക്കൂലി.
 ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഉച്ചവരെ ഞങ്ങൾ പറമ്പിൽ ഒന്നിച്ചാണ്.
ദോഷം പറയരുതല്ലോ, 50 മുതൽ 75 നാളികേരം വരെ ഓരോ ഇടീലിനും അക്കാലയളവിൽ കൂടുതലായി ലഭിച്ചിരുന്നു.

  ഇതിനിടയിൽ, ചെന്നൈ IIT യിലെ എം ടെക് പഠനത്തിനുശേഷം കുഞ്ഞപ്പൻ റെയിൽവേ മുഖാന്തിരം അവിടെ ഉപയോഗിച്ച സൈക്കിൾ അയച്ചുതന്നത് എന്റെ ലോക്കൽ യാത്രകൾക്ക് സഹായകരവും, അനുഗ്രഹവും ആയി. അമ്പലത്തിലെ കാണിക്കവഞ്ചി തുറന്നു എണ്ണുക, മേൽശാന്തിക്ക് ശമ്പളം കൊണ്ട് കൊടുക്കുക, കറണ്ട് ചാർജ് അടക്കുവാൻ പോകുക, മാരാരുടെ റേഷൻ കടയിൽ പോകുക, ആശുപത്രി പ്പടിയിലെയും സ്കൂളിന്റെയും മുമ്പിലെ കടകളുടെയും, പഴയ പോസ്റ്റ്ഓഫീസിന്റെയും (ഇപ്പോഴത്തെ രാംവിഹാർ) വാടക 
പിരിക്കുക  ഇങ്ങിനെ മുത്തശ്ശനെയും സഹായിച്ചുകൊണ്ട്  കുറച്ചു നാൾ. ഒരു കച്ചവടവും ഇല്ലാതെ എന്തിനാണാവോ ഇങ്ങനെ കടയും തുറന്ന് തൊട്ടി വർഗീസ് ഇരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എപ്പോൾ വാടക ചോദിച്ചാലും കച്ചവടം ഇല്ലാത്രെ. പ്ലാന്തുരുത്തിലെ കൃഷ്ണൻ, ബാർബർ കൃഷ്ണൻ, പണിക്കരുസാറിന്റെ  ഇംഗ്ലീഷ് മരുന്ന് കട, വിശ്വന്റെ ഖാദിഭവൻ എന്നിങ്ങനെ നിരന്നുള്ള കടമുറികൾ.കൂടാതെ സ്കൂളിന് മുൻപിലെ പ്രസ്സ്, പാൽ സൊസൈറ്റി, മുകളിലെ പാരലൽ കോളേജ് എന്നിവയും.
ഒരേസമയം ഇത്രയധികം ആളുകളുടെ 'നോട്ടപ്പുള്ളി'യായി എങ്ങനെ അതിവേഗം മാറാം എന്ന് ഇതിലൂടെ എനിക്ക് മനസ്സിലായി. ഞാനും കളം മാറ്റിപ്പിടിച്ചു, ശനിയാഴ്ച സന്ധ്യാസമയം, കച്ചവടം ഉള്ള സമയം
 ബുക്കുമായി ചെല്ലും. കുറച്ചുനേരം കാത്തുനിൽക്കണം, എങ്കിലും കിട്ടിയിട്ടേ പോരാറുള്ളൂ.
 'മംഗലസ്സു മനക്കലെ തിരുമേനിക്ക് കഴിഞ്ഞുകൂടാൻ ഇത് കിട്ടീട്ടൊന്നും വേണ്ട, ന്നാലും എത്ര നേരമാ കൊച്ചുതിരുമേനിയെ കടയിൽ നിർത്തുക' എന്നുള്ള അവരുടെ സ്ഥിരം 'ഭംഗി' വാക്കുകളും പതിവ് പല്ലവി.

വൈകുന്നേരം മുത്തശ്ശൻ നടന്ന് ഇങ്ങോട്ട് വരും. തിരക്ക് അനുസരിച്ചു ചിലപ്പോൾ വേഗം പോകും.
 ചിലനേരം ഇരുന്ന് പല കാര്യങ്ങളും സംസാരിക്കും. മതുക്കൽ അമ്പലത്തിന്റെ ഭിത്തിയിൽ, കുറിച്ചിടപ്പെട്ടിരുന്ന ചില കവിതകളും സംഭാഷണത്തിൽ കടന്നുവരും. മുറജപത്തിന് പണ്ട് നമ്പൂതിരിമാർ പോയിരുന്നതും, അവരുടെ തേവാര,ഭക്ഷണരീതികളും ഒക്കെയാണ് കവിതയുടെ വിഷയം. ചിലപ്പോൾ മണയത്താറ്റ് നമ്പൂരിസാറിന്റെ അടുക്കൽ നടക്കുന്ന അവിട്ടദിനത്തിലെ നിശയും, അന്ന് വിളമ്പുന്ന സ്പെഷ്യൽ 'പഴപ്രഥമനും',
 ശ്ലോകക്കമ്പത്തോടെ നാനാദിക്കിൽ നിന്നും എത്തിച്ചേരുന്ന ആളുകളും വിഷയമാകും. മുത്തശ്ശന് ചില കത്തുകൾ എഴുതി കൊടുക്കുക, പോസ്റ്റ് ഓഫീസിൽ പോയി ഇൻലന്റും, സ്റ്റാമ്പും വാങ്ങുക, കൃഷിഭവനിലേക്കും റബ്ബർ ബോർഡിലേക്കുമുള്ള കാർഷിക സബ്സിഡി അപേക്ഷ പൂരിപ്പിക്കുക, എന്നിവയൊക്കെ ഈ 'തിരക്കി'നിടയിൽ ഞാൻ അനുസ്യൂതം നിർവഹിച്ചു വരുന്നുണ്ടായിരുന്നു.

KRK 7457, വെള്ള ഡീസൽ അംബാസഡറിൽ എല്ലാ മാസവുമുള്ള മുത്തശ്ശന്റെയും മുത്തശ്ശിയമ്മയുടെയും ഗുരുവായൂർ യാത്രയിൽ കാറിന്റെ വാതിൽ അടയ്ക്കുക, തുറക്കുക, മുത്തശ്ശന്റെ ബാഗിൽ നിന്നും പണം വാങ്ങി പമ്പിൽ ഡീസൽ അടിക്കുക, വരുന്ന ഡ്രൈവറുടെ പരിചരണം, ഇത്യാദി 'കിളി'യുടെ ഉത്തരവാദിത്തവും സ്പെഷ്യലായി ലഭിച്ചിരുന്നു. കാർ തകരാറിലായി  കിടക്കുന്ന സമയത്ത് രണ്ടുപേരുമൊത്ത് ബസ്സിലും ഗുരുവായൂർ പോയി വന്നിട്ടുണ്ട്. വർക്  ഷോപ്പിലെ ചികിത്സയും, വാസവും ഈ പ്രസ്തുത  വാഹനത്തിന് ഒരു 'ഹര'വും,നമുക്കത് 'ശീല'വും ആയിരുന്നല്ലോ.

 ഒരു ദിവസം അച്ഛൻ സ്കൂളിൽ നിന്നു വന്നപ്പോൾ മുത്തശ്ശന് വേണ്ടി ഞാൻ ഒരു നിവേദനം എഴുതുകയായിരുന്നു. അച്ഛനോട് മുത്തശ്ശൻ പറഞ്ഞു. 'കുട്ടാ,അപ്പുക്കുട്ടനെ നമുക്ക് അകലെയെങ്ങും പഠിക്കാൻ വിടണ്ട, നമുക്ക് സ്കൂൾ ഉണ്ടല്ലോ, മലയാളം ബി എ ക്ക് ചേർക്കാം.
 ട്രെയിനിങ് കഴിഞ്ഞ് അമ്മാവനോട് പറയാം ഇവിടെത്തന്നെ നിയമിക്കാൻ' എന്ന്. ആലോചിക്കാം സമയമുണ്ടല്ലോ എന്ന് അച്ഛനും. കോലഞ്ചേരി കോളേജിൽ, സമയമായപ്പോൾ ബിഎക്ക് അപേക്ഷിച്ചു. യോഗ്യതാപരീക്ഷയ്ക്ക് ഒരു അവസരം കൂടുതൽ എടുത്തതിനാൽ റാങ്ക് ലിസ്റ്റിൽ അൽപം താഴെയാണ് സ്‌ഥാനം എന്ന് അന്വേഷിച്ചതിൽ നിന്നും മനസ്സിലായി. എന്തായാലും അഡ്മിഷൻ വേണമെന്ന തീരുമാനത്തിൽ കോളേജ്  മാനേജ്മെന്റിൽ അന്ന് സമുന്നതനായിരുന്ന യശ്ശശ്ശരീരനായ പൈലിപ്പിള്ള അവർകളെ കാണുവാൻ പോകാൻ നിശ്ചയിച്ചു. സ്കൂളിൽ ഡി ഇ ഓ സന്ദർശനം അന്ന് പെട്ടെന്ന് വന്നതിനാൽ അച്ഛന് പോരാൻ കഴിഞ്ഞില്ല. എല്ലാ ക്രമീകരണങ്ങളും നടത്തി തന്നു. അങ്ങിനെ 
 തോട്ടാനിലെ  ബാബുവിന്റെ ഓട്ടോറിക്ഷയിൽ ഞാനും മുത്തശ്ശനും രാവിലെ 9 മണിക്ക് പൈലിപ്പിള്ളയുടെ വീട്ടുമുറ്റത്ത്. ഞങ്ങളെ സ്വീകരിച്ച് അദ്ദേഹം അകത്തേക്ക് കൊണ്ടുപോയി.
 അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴവും അടുപ്പവും കണ്ടു ഞാൻ വിസ്മയിച്ചു. ഇറങ്ങുവാൻ നേരം 'എങ്ങിനെയാണ് കാര്യങ്ങൾ' എന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ, 'പേരക്കുട്ടിയുടെ ഇന്റർവ്യൂ കഴിഞ്ഞതായി കരുതിക്കോളൂ തിരുമേനി' എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.

 ഞങ്ങളെ അദ്ദേഹം നിരാശപ്പെടുത്തിയില്ല, വേണ്ടത് ചെയ്തു. അങ്ങിനെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ഭാഷാ സാഹിത്യ പഠന വിദ്യാർത്ഥിയായി ഒന്നാം വർഷം ചേർന്നു.അന്നൊക്കെ സിലബസ് പ്രകാരമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ക്ലാസിൽ പറയും.
 കോളേജിന് പുറത്തുള്ള കടയിൽ കുറച്ചൊക്കെ പുസ്തകങ്ങൾ കിട്ടിയാൽ ആയി. ഉള്ളതിനോ തീവിലയും.പണത്തിനും ഞെരുക്കം ഉള്ള കാലം ആയിരുന്നു.

അവിടെയും മുത്തശ്ശൻ ഇടപെട്ടു. നീ പുസ്തകങ്ങളുടെ ലിസ്റ്റ് അനിയനഫന് അയച്ചുകൊടുക്ക് എന്ന്‌ പറഞ്ഞു.അങ്ങിനെ കിട്ടാത്ത പുസ്തകങ്ങളുടെ ലിസ്റ്റ് അഫന് അയച്ചു മറുപടിക്കായി കാത്തു. എന്റെ 
 വ്യക്തിത്വ,സ്വഭാവരൂപീകരണത്തിൽ അഫന് വലിയ സ്‌ഥാനമുണ്ട്. ഞങ്ങൾ പലപ്പോഴും പരസ്പരം കത്തുകൾ എഴുതും. അഫന്റെ സമയനിഷ്ഠ എടുത്തു പറയേണ്ട ഒന്നാണ്.ദൈനംദിന വരവ് ചെലവ് കണക്കുകൾ അന്നന്ന് തന്നെ എഴുതുമായിരുന്നു. തമലത്ത് അവധിക്കാലത്ത് ചിലപ്പോൾ പോയി താമസിക്കാറുണ്ട്.ആ ചിട്ടകൾ, ആണിപ്പോഴും ഞാൻ 'പിന്തുടരാൻ' ശ്രമിക്കുന്നത്.അച്ഛനും 'അനിയനു'മായി
വലിയ ഒരു ആത്‍മബന്ധം ഉണ്ടായിരുന്നു.
അഫൻ പോയശേഷം, അച്ഛന്റെ വീക്ഷണകോണുകളിലൂടെ അഫനെ ഞാൻ കൂടുതൽ അടുത്തറിഞ്ഞു. മണ്മറഞ്ഞവരിൽ ഒരാളെ കാണുവാൻ അവസരം തന്നാൽ ആരെയാണ് കാണാൻ ആഗ്രഹമെന്നു ചോദിച്ചാൽ അഫനെ കാണണം എന്നാണ് ശുഭ  ഇപ്പോൾ പറയുക. നിരന്തരം അച്ഛനും, ഞാനും പറഞ്ഞു കേട്ട് ആ വാങ്മയചിത്രം ശുഭയുടെ മനസ്സിലും സുഭദ്രം.

 പിന്നത്തെ രണ്ടാം ശനിയാഴ്ച വാച്ചപ്പൻ തിരുവനന്തപുരത്ത് നിന്നും വന്നപ്പോൾ എനിക്കൊരു പൊതി കൊണ്ടുതന്നു. അത് തുറന്ന ഞാൻ ആനന്ദത്താൽ മതി മറന്നു. നളചരിതം രണ്ടാം ദിവസം, ഉണ്ണുനീലിസന്ദേശം ഉൾപ്പെടെ ഇവിടെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള മിക്കവാറും എല്ലാ പുസ്തകങ്ങളും അതിൽ ഉണ്ടായിരുന്നു.

 ക്ലാസ്സ് തുടങ്ങിയപ്പോൾ എന്റെ മേൽപ്പറഞ്ഞ ചിട്ടയിൽ മാറ്റം വന്നു.
 പറമ്പിലെ ഭരണം വൈകുന്നേരം ഒരു മണിക്കൂർ മാത്രമാക്കി ചുരുക്കി. മുത്തശ്ശനെ സഹായിക്കൽ 
ശനിയാഴ്ചകളിലായി. ഇതിന്  ഇടയിൽ എന്നെങ്കിലും ആവശ്യം വന്നാൽ മുത്തശ്ശൻ ഫോൺ വിളിക്കും. ഭണ്ഡാരം 
തുറന്നു എണ്ണുവാൻ  പിന്നെ ഒരു പ്രത്യേക 'ഉത്സാഹം' ഉണ്ടായിരുന്നു. കോലഞ്ചേരിക്ക് അന്ന് 25 പൈസയാണ് സ്റ്റുഡൻസ് ടിക്കറ്റ്. ഒരു ദിവസം 50 പൈസ വേണം. അങ്ങനെ ഒരു മാസത്തേക്കുള്ള പത്തുരൂപ മുത്തശ്ശൻ ചില്ലറയായി മുൻകൂർ എനിക്ക് തന്നിരുന്നു. വാടക എല്ലാം കൃത്യമായി പിരിച്ച് ബുക്കിലെ കണക്കും, കിട്ടിയതും ബോധിപ്പിക്കുമ്പോൾ സന്തോഷമാകും. ഇടയ്ക്ക് വഴിച്ചെലവിന് എന്ന് പറഞ്ഞ് പോക്കറ്റ് മണി വേറെയും അല്പം തരും.സൂക്ഷിച്ച് ആവശ്യത്തിനേ ചെലവാക്കാവൂ എന്നും  പറയും.
 'ആനന്ദലബ്ധിക്ക്' മറ്റൊന്നും വേണ്ടല്ലോ. മൂന്നു രൂപ 20 പൈസയ്ക്ക് 'കല്യാണി' ബസ് സൗത്തിൽ ഇറക്കിയിരുന്ന കാലമായിരുന്നു അത്.'ദ്വാരക'യിൽ അഞ്ച് രൂപക്ക് ഉണ്ണാം.
 
 ഇന്ന് ഭാഷയിലും സാഹിത്യത്തിലും എന്തെങ്കിലും അറിവ്  ഞാൻ നേടിയിട്ടുണ്ടെങ്കിൽ, സമൂഹത്തിനായി, വിദ്യാർത്ഥികൾക്കായി അതുകൊണ്ട് എന്തെങ്കിലും ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, കഴിയുന്നുണ്ടെങ്കിൽ അതിന്
 പിന്നിൽ പ്രവർത്തിച്ച നാലു പേർ, അച്ഛനും അമ്മയും, മുത്തശ്ശനും പിന്നെ അനിയനഫനുമാണ്.എനിക്കിട്ട 'പേരി'ന്റെ സുകൃതമോ ധന്യതയോ ഒക്കെ ആവാം, ആയിരിക്കാം ഈ 'രസതന്ത്ര'ത്തിന് നിദാനം.
 ഞങ്ങൾ മൂന്നുപേരും 'രാമൻ'ന്മാരാണല്ലോ.

 ഒരിക്കൽ കൂടി എല്ലാവരെയും സ്മരിക്കുന്നു, പ്രണാമം അർപ്പിക്കുന്നു.🙏🙏

സസ്നേഹം,
 ശ്രീരാം മംഗലസ്.



                 പി എം പൈലിപ്പിള്ള 

അനുബന്ധം....

 ഒരു സ്നേഹിതൻ മുഖാന്തിരം സേലത്തെ പ്രശസ്തമായ കോളേജിൽ ത്രിവത്സര ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്സിന് ചേരുവാൻ അപേക്ഷാഫോറം വരുത്തി പൂരിപ്പിച്ച് അയച്ച് ഇരിക്കുകയായിരുന്നു ഞാൻ. വാഹനക്കമ്പം അന്നും ഇന്നും ഒരുപോലെ.ട്രാൻസ്‌പോർട്ട് ബസുകളോട് ഒരു ആരാധനാമനോഭാവം. ഞാറക്കാട്ടെ 
N E വറുഗീസിന്റെ(റിട്ട. പോലീസ് ഡ്രൈവർ) വാക്കുകൾ കടമെടുത്താൽ 'സൂര്യനു കീഴിൽ തീവണ്ടി ഒഴികെ' എല്ലാ വാഹനങ്ങളും ഓടിക്കുവാനുള്ള കമേർഷ്യൽ ഗുഡ്സ് & പാസ്സഞ്ചർ ഹെവി ലൈസൻസും ബാഡ്ജും പിന്നീട് കരഗതമായതും ചരിത്രം.

തമിഴ്നാട്ടിലെ കോളേജുകളിൽ അക്കാലത്ത്   വ്യാപകമായി ഉണ്ടായിരുന്ന 
റാഗിങ്ങും, ഒരു കുട്ടിക്ക് നേരിടേണ്ടി വന്ന 
 ദുരിതവും, മാനഹാനിയും പത്രങ്ങളിലെ പ്രധാന വാർത്തയായിരുന്നു. ഇതൊക്കെയാവാം അച്ഛനെയും മുത്തശ്ശനെയും മാറ്റി ചിന്തിപ്പിക്കാൻ കാരണം. 'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്‌ക്കും, പിന്നീട് മധുരിക്കും.' അതെ, ആ മധുരത്തിൽ മുക്കിയ തൂലികയാണ് എന്നെ ഇന്ന് ഇത്രയും എഴുതുവാൻ, മനനം ചെയ്യുവാൻ പ്രാപ്തനാക്കിയത്. നേരെ മറിച്ച് ആയിരുന്നെങ്കിലോ, അത് നിങ്ങൾ ഓരോരുത്തരുടെയും ഭാവനയ്ക്ക് വിട്ടുതരുന്നു. 😊😊


Comments

Post a Comment

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.