'നാരായണ' എന്ന നാമം

നാരായണാ എന്നു സദാ ജപിച്ചാൽ
 പാപം കെടും, പശി കെടും വ്യസനങ്ങൾ തീരും.
 നാവിന്നുണർച്ചവരുമേറ്റവുമന്ത്യകാലേ 
 ഗോവിന്ദപാദകമലങ്ങൾ തെളിഞ്ഞു കാണാം.

 ഒരു കവിതയിലെ ആദ്യത്തെ ശ്ലോകം ആണിത്.
 അമ്മാത്ത് മുത്തശ്ശൻ യശശ്ശരീരനായ വേങ്ങക്കാട്നാരായണൻ നമ്പൂതിരി ചൊല്ലി കേട്ടിട്ടുണ്ട്. അത്രയേറെ മഹത്വം ഈ വാക്കിന് ഉണ്ട് എന്നാണ് ഈ ശ്ലോകത്തിന്റെ സാരം. മുമ്പൊക്കെ നാരായണൻ എന്ന പേര് സർവ്വസാധാരണമായിരുന്നു. ഇപ്പോൾ വീണ്ടും കുട്ടികൾക്ക് ധാരാളം ഈ പേര് ഇട്ടു കാണുന്നുണ്ട്.
 കോവിഡിന് ശേഷം അച്ഛൻ പുറത്തേക്കൊന്നും അധികം ഇറങ്ങാറുണ്ടായിരുന്നില്ല. എല്ലാവരും വരുന്നുണ്ട് പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ തറവാട്ടിൽ പോകും, വർഷത്തിൽ രണ്ട് തവണയായി ഒന്നോ രണ്ടോ ആഴ്ച ആയാംകുടിയിലും പോകും. വെറുതെയിരിക്കുമ്പോഴും കിടക്കുമ്പോഴും, നാരായണ നാരായണ എന്നോ, അച്യുതാനന്ദ ഗോവിന്ദ എന്നോ ആണ് മിക്കവാറും അവസാന നാളുകളിൽ ആ ചുണ്ടുകൾ ഉരുവിടുക. അകാലത്തിൽ മൺമറഞ്ഞ രണ്ട് അനിയന്മാർ, രണ്ടുപേരെയും കുറിച്ച് എന്തെങ്കിലും പരാമർശിക്കാത്ത ദിവസങ്ങൾ ഇല്ല. ഇവർക്ക് രണ്ടു പേർക്കും ആണ് എന്റെ കാര്യങ്ങൾ കൂടുതൽ നിശ്ചയം എന്നും ഇടയ്ക്ക് പറയും. മുൻവശത്തെ മുറിയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയമ്മയുടെയും ഫോട്ടോ നോക്കി തൊഴുത്, എന്തെങ്കിലുമൊക്കെ കുശലം അവസാന നാളുകളിൽ പറയാറുണ്ട്.
 ഞാനും വേഗം വരാൻ നോക്കാം എന്നാണോ ആവോ പറയാറുള്ളത്, അറിയില്ല.

 വിഷയത്തിൽ നിന്നും ഇടയ്ക്കൽപം വഴി മാറി സഞ്ചരിച്ചു. ഭഗവത്കഥകൾ കേട്ട് കേട്ട് സ്വാംശീകരിച്ച ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടെത്. വർഷത്തിലൊരിക്കൽ ഇല്ലത്ത് എന്തായാലും ഒരു സപ്താഹം മുത്തശ്ശൻ നടത്തും. മഹാന്മാരായ എത്രയോ ഭാഗവത ആചാര്യന്മാർ കഥ പറഞ്ഞ ആ നാല്കെട്ട്.
 പുരാണ കഥാസന്ദർഭങ്ങളെ ആനുകാലിക വിഷയങ്ങളുമായി ചേർത്തു കോർത്തിണക്കി കഥ പറയുന്നതിൽ, സദസ്സിനെ ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും 
 മാവിലശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കഴിവ് അപാരം തന്നെ ആയിരുന്നു. കൂടെ വായിക്കുവാൻ ഒരു പട്ടേരിയാണ് സ്ഥിരം വരാറുള്ളത്. അദ്ദേഹം അധികം ചിരിക്കാറില്ല.
 ശ്രോതാക്കൾ കുലുങ്ങി കുലുങ്ങി ചിരിക്കുമ്പോഴും, ഓർത്തോർത്തു ചിരിക്കുമ്പോഴും, ആചാര്യൻ തന്നെ ചിരിക്കുമ്പോഴും, പട്ടേരി തന്റെ ചിരി ഒരു പുഞ്ചിരിയിൽ ഒതുക്കും.
 അജാമിളന്റെ കഥയിലേക്കാണ് കടന്നുവരുന്നത്.
 വഴിതെറ്റിയ തന്റെ ജീവിതയാത്രയിൽ, എന്തോ സുകൃതം കൊണ്ട് അവസാനത്തെ മകന് നാരായണൻ എന്ന് പേരിടാൻ തോന്നി.
 യമകിങ്കരന്മാർ അടുത്തെത്തിയപ്പോൾ, തന്നെ കൊണ്ടുപോകാനായി തുനിഞ്ഞപ്പോൾ  
 പടിക്കൽ മണ്ണപ്പം ചുട്ടു കളിക്കുന്ന മകൻ നാരായണനെ നീട്ടി വിളിച്ചു. ഭയന്നിട്ട് ശബ്ദം എത്രത്തോളം പുറത്തുവന്നു എന്നോ മകൻ അത് കേട്ടോ എന്നും നിശ്ചയമില്ല. പക്ഷേ പെട്ടെന്ന് വിളി കേട്ട് വന്നത് സാക്ഷാൽ നാരായണന്റെ പാർഷദന്മാരായിരുന്നു. യമലോകത്തിലേക്ക് അല്ല,സാക്ഷാൽ വൈകുണ്ഠത്തിലേക്ക് തന്നെ അജാമിളനെ ആനയിക്കുവാൻ. നാരായണാ എന്ന വിളികളാൽ സദസ്സ് മുഖരിതമാകുന്നു.

 ഇനിയാണ് മാവിലശ്ശേരിയുടെ മാസ്റ്റർ പീസ് അരങ്ങു വാഴുന്നത്. യമകിങ്കരന്മാർ ഉലക്ക, കയർ എന്നീ ആയുധങ്ങൾ കൊണ്ട് യമദേവന്റെ  കാൽക്കൽ വച്ചു ഞങ്ങൾ ഈ തൊഴിൽ വിടുകയാണ് എന്നറിയിച്ചുവത്രേ.
 കൊണ്ടുവരണം എന്ന് പറയുന്നു ചിലർ, കൊണ്ടുപോകേണ്ട എന്ന് ചിലർ. സ്ഥിരതയുള്ള ഏതെങ്കിലും ജോലി നോക്കി ഞങ്ങൾ പോവുകയാണ് എന്നും പറഞ്ഞ് അവർ തങ്ങളുടെ വ്യസനം പ്രകടിപ്പിക്കുമ്പോൾ, ആചാര്യന്റെ ഭാവഹാവാദികളിൽ സദസ്സ് സ്വയം മറക്കും.

 അതൊക്കെ കഴിഞ്ഞുപോയ ഒരു കാലം.
 ഓർമ്മകളുടെ വിസ്മൃതിയിൽ ആഴങ്ങളിൽ മുങ്ങിത്തപ്പിയാൽ  എത്രയോ മുത്തുകൾ..
 അന്നും ഇന്നും എന്നും പ്രസക്തിയുള്ള ഒരേയൊരു നാമം മാത്രം ചുണ്ടുകളിൽ..
നാരായണാ... നാരായണാ.... 🙏🙏

ശ്രീരാം മംഗലസ്.

Comments

Popular posts from this blog

'ശ്ലോകക്കമ്പത്തൊടെത്തും രസികമണിമണേ, സ്വാഗതം സപ്രഹർഷം!'

പ്രിയപ്പെട്ട അനിയനഫൻ: സർവ്വജ്ഞതയുടെ പ്രതിരൂപം.

'ഗജേന്ദ്രമോക്ഷം'.